
ന്യൂദല്‍ഹി: കടലാമസംരക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രത്യേകം പദ്ധതി രൂപവല്‍ക്കരിച്ചതായി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സിപിഎം എംപി ജോണ്‍ബ്രിട്ടാസാണ് കേരളത്തിന് കേന്ദ്രം നല‍്കിയത് ആമയും തേങ്ങയും ആണെന്ന് പരിഹസിച്ചത്. പക്ഷെ കടലാമയെ അമേരിക്ക വളരെയധികം വിലമതിക്കുന്നത് കൊണ്ടാണ് ഇത്തരമൊരു പദ്ധതി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്. പരിസ്ഥിതി സംരക്ഷണത്തില്‍ ഏറെ മുന്നേറിയ രാജ്യമാണ് അമേരിക്ക എന്നതിനാല്‍ അവിടുത്തെ പരിസ്ഥിതി വിദഗ്ധര്‍ കടലിലെ മത്സ്യം പിടിക്കുമ്പോള്‍ മറ്റ് ജീവികള്‍ക്ക് യാതൊരു പരിക്കും പറ്റരുത് എന്ന നിര്‍ബന്ധമുള്ളവരാണ്.
2019 മുതൽ കടലാമകളെ സംരക്ഷിക്കുന്നില്ല എന്നതിന്റെ പേരിൽ കേരളത്തിൽ നിന്നുള്ള ചെമ്മീനിന് അമേരിക്ക വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കടലാമസംരക്ഷണ കേന്ദ്രം വരുന്നതോടെ ചെമ്മീൻ കയറ്റുമതിയിൽ അമേരിക്ക ഉൾപ്പെടെയുള്ള വികസിതരാജ്യങ്ങൾ കാണിക്കുന്ന വിമുഖത മാറും. ഇത് കേരളത്തിലേക്കു കൂടുതൽ വിദേശനാണ്യമെത്തിക്കും.കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച കടലാമസംരക്ഷണകേന്ദ്രം ലഭിക്കുകയാണെങ്കിൽ കേരളത്തിന് രണ്ടുതരത്തിൽ നേട്ടമാകുമെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു.
യുഎസ് പബ്ലിക് ലോ 101-162 ലെ സെക്ഷൻ 609 പ്രകാരം, കടലാമകളെ ബാധിക്കാത്ത രീതിയിൽ ചെമ്മീൻ പിടിക്കുന്ന രാജ്യങ്ങൾക്ക് മാത്രമേ അമേരിക്കയിലേക്ക് ചെമ്മീന്‍ ഉള്‍പ്പെടെയുള്ള സമുദ്ര ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യാൻ അനുമതിയുള്ളൂ. ഇന്ത്യയിലെ ട്രോളറുകളിൽ അമേരിക്കൻ മാനദണ്ഡങ്ങൾ (US NOAA) പാലിച്ചുള്ള ടെഡ് വല (Turtle Excluder Device) ഉപയോഗിക്കാത്തതിനാലാണ് ഈ വിലക്ക്. എന്നാൽ, ഇത്തരം വലകളിലൂടെ മത്സ്യങ്ങളും രക്ഷപ്പെടുമെന്ന് വാദിച്ച് മത്സ്യത്തൊഴിലാളികൾ എതിർക്കുകയായിരുന്നു. കൊച്ചിയിലെ സെൻട്രൽ മറൈൻ ഇൻസ്റ്റിറ്റ്യൂട്ട് പുതിയതരം ടെഡ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും. ഒപ്പം അബദ്ധത്തിൽ പരിക്ക് പറ്റുന്ന കടലാമകളെ സംരക്ഷിക്കാനും സര്‍ക്കാര്‍ സ്ഥാപിക്കാന്‍ പോകുന്ന കടലാമ സംരക്ഷണ കേന്ദ്രത്തിന് സാധിക്കും.
അമേരിക്കൻ നിരോധനം മൂലം ഇന്ത്യയ്‌ക്ക് പ്രതിവർഷം ഏകദേശം 4500 കോടി രൂപയുടെ (550 മില്യൺ ഡോളർ)നഷ്ടം സംഭവിക്കുന്നതായി കണക്കാക്കപ്പെടുന്നു. TED ഉപയോഗിക്കുന്നത് വഴി ആമകൾ വലയിൽ കുടുങ്ങുന്നത് 97% വരെ കുറയ്‌ക്കാൻ സാധിക്കും. അതേസമയം, ചെമ്മീൻ ലഭ്യതയിൽ വെറും 2% കുറവ് മാത്രമേ ഉണ്ടാകൂ.
ലോകത്ത് ഏഴിനം കടലാമകളെയാണ് കണ്ടെത്തിയത്. ലെതർബാക്ക്, ലേഗർ ഹെഡ്, ഹോക്സ് ബിൽ, ഒലിവ് റിഡ്ലി, ഗ്രീൻ, ഫ്ലാറ്റ് ബാക്ക്, കെംപ്സ് എന്നിവയാണവ. ഇതിൽ ഒലിവ് റിഡ്ലിയാണ് കേരളതീരത്ത് കൂടുതലായെത്തുന്നത്. ജെല്ലിഫിഷുകളുടെയും കളകളുടെയും വർധനയുണ്ടാകാതെ കടലിൽ പരിസ്ഥിതി സന്തുലനമുണ്ടാക്കാൻ കടലാമ അനിവാര്യമാണ്. കാലാവസ്ഥാവ്യതിയാനം ഉൾപ്പെടെയുള്ളവ പഠിക്കാനും മറ്റു ഗവേഷണങ്ങൾക്കും കടലാമകളെ ഉപയോഗപ്പെടുത്തുന്നുണ്ട്. നിലവിൽ കടലാമകൾ സംരക്ഷണപ്പട്ടികയിലാണ്.