പഞ്ചാരക്കൊല്ലിയിലെ കടുവ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ട സാഹചര്യത്തില്‍ മാനന്തവാടി നഗരസഭയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍. കടുവയെ പിടികൂടുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി പ്രദേശത്ത് ബിഎന്‍എസ്എസ് 163 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
മാനന്തവാടി നഗരസഭാ പരിധിയില്‍ നാളെ രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കും. അതേസമയം, ആക്രമണത്തില്‍ മരിച്ച രാധയുടെ മൃതദേഹം നാളെ രാവിലെ പതിനൊന്ന് മണിക്ക് സംസ്‌കരിക്കും.
ഞ്ചാര കൊല്ലിയില്‍ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ കടുവയെ വെടിവച്ചു കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ്. കടുവയെ പിടികൂടാന്‍ ആയില്ലെങ്കില്‍ വെടിവച്ചുകൊല്ലുമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മറ്റ് ഭാഗങ്ങളില്‍നിന്ന് വിദഗ്ധരായ ഷൂട്ടര്‍മാരെയും വെറ്ററിനറി ഡോക്ടര്‍മാരെയും അടിയന്തരമായി വയനാട് എത്തിക്കും.
ഇന്ന് രാവിലെ പഞ്ചാരക്കൊല്ലി വനതാതിര്‍ത്തിയിലെ തോട്ടത്തില്‍ കാപ്പിക്കുരു പറിക്കാന്‍ പോകുന്നതിനിടെയാണ് രാധയെ കടുവ ആക്രമിച്ചത്. വനമേഖലയില്‍ മാവോയിസ്റ്റ് നിരീക്ഷണം നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സേന രാവിലെ ഒമ്പതോടെയാണ് മൃതദേഹം കണ്ടത്.