മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന ‘കട്ടൻ ചായയും പരിപ്പുവടയും’ യഥാർത്ഥത്തിൽ തൻ്റെ ആത്മകഥയല്ലെന്ന് മുൻ എൽഡിഎഫ് കൺവീനറും മുതിർന്ന സിപിഎം നേതാവുമായ ഇ.പി. ജയരാജൻ. വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ ഈ വാർത്ത പ്രചരിപ്പിക്കുന്നതിൽ ഗൂഢാലോചനയുണ്ടെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
“എൻ്റെ ആത്മകഥ പൂർത്തിയായിട്ടില്ല. ഇപ്പോഴും എഴുതികൊണ്ടിരിക്കുകയാണ്. ഈ പുസ്തകത്തിൻ്റെ പ്രസിദ്ധീകരണ ചുമതല ഞാൻ ഡിസി ബുക്സിനെ ഏൽപ്പിച്ചിട്ടില്ല. പ്രസിദ്ധീകരണം ആവശ്യപ്പെട്ട് മാതൃഭൂമി സമീപിച്ചിട്ടുണ്ട്. എന്നാൽ നിലവിൽ ആർക്കും പ്രസിദ്ധീകരിക്കാനുള്ള അനുവാദം നൽകിയിട്ടില്ല. തെരഞ്ഞെടുപ്പ് ദിനം മുന്നിൽകണ്ടുള്ള ആസൂത്രിതമായ ഗൂഢാലോചന മാത്രമാണിത്.
സരിന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച കാര്യങ്ങളൊന്നും പുസ്തകത്തിലില്ല. ആത്മകഥയിൽ പറയുന്നത് പഴയ കാര്യങ്ങൾ മാത്രമാണ്. പിഡിഎഫ് ഫോർമാറ്റ് പുറത്തുവിട്ട ഡി.സി. ബുക്സിനെതിരെ നിയമനടപടി സ്വീകരിക്കും. ‘കട്ടൻ ചായയും പരിപ്പുവടയും’ എന്ന് ഞാൻ പുസ്തകത്തിന് പേര് നൽകുമോ,” ഇ.പി. ജയരാജൻ ചോദിച്ചു.
എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും മാറ്റിയതിൽ പ്രയാസമുണ്ടെന്നും പാർട്ടി എന്നെ മനസിലാക്കിയില്ലെന്നുമാണ് പ്രചരിപ്പിക്കുന്ന ‘കട്ടൻ ചായയും പരിപ്പുവടയും’ എന്ന ആത്മകഥയിലുള്ളത്. ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ച വിവാദമാക്കിയതിന് പിന്നിലും ഗൂഢാലോചനയുണ്ടെന്നും ആത്മകഥയിലുണ്ട്.
കൂടിക്കാഴ്ചയിൽ എന്റെ നിലപാട് കേന്ദ്ര കമ്മിറ്റിയിൽ അറിയിച്ചിട്ടുണ്ട്. ഒന്നര വർഷത്തിന് ശേഷം അത് വിവാദമാക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. കൂടിക്കാഴ്ച വ്യക്തിപരമായിരുന്നു. പൊതുസ്ഥലത്ത് നിന്നാണ് കണ്ടതെന്നും ഇ.പി. ജയരാജന്റേതെന്ന പേരിൽ പ്രചരിക്കുന്ന പുസ്തകത്തിൽ ഉള്ളത്.
The post ‘കട്ടൻ ചായയും പരിപ്പുവടയും’ എന്ന് ഞാൻ പുസ്തകത്തിന് പേര് നൽകുമോ; ഡി.സി. ബുക്സിനെതിരെ നിയമനടപടി സ്വീകരിക്കും: ഇപി ജയരാജൻ appeared first on ഇവാർത്ത | Evartha.