ഡല്‍ഹി ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വസതിയിലുണ്ടായ തീപിടുത്തത്തിനു പിന്നാലെ തീയണയ്ക്കാനെത്തിയ ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ വന്‍തോതില്‍ കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്തിരുന്നു. സംഭവം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കൊളീജിയത്തിലെ ഭൂരിഭാഗം അംഗങ്ങളും ആഭ്യന്തര അന്വേഷണവും ഇംപീച്ച്മെന്റ് അടക്കമുള്ള കര്‍ശന നടപടികളെടുക്കണമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. യോഗത്തിന് ശേഷം ജസ്റ്റിസിനെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. അതേസമയം ജസ്റ്റിസ് യശ്വന്ത് വര്‍മയോട് രാജി ആവശ്യപ്പെടണമെന്നാണ് ചിലര്‍ ആവശ്യപ്പെട്ടത്.
പ്രാഥമിക അന്വേഷണത്തിനും ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ പ്രതികരണത്തിനും ശേഷം, തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന ഉറപ്പും ചീഫ് ജസ്റ്റിസ് നല്‍കിയതായാണ് റിപ്പോര്‍ട്ട്.
അതേസമയം ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹബബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതിനെതിരെ ബാര്‍ അസോസിയേഷന്‍ രംഗത്ത് വന്നിരുന്നു. മാര്‍ച്ച് 14ന് ജസ്റ്റിസ് വര്‍മ ഭോപ്പാലില്‍ ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ വസതിയില്‍ തീപിടിത്തമുണ്ടായതിനു പിന്നാലെയാണ് പണം കണ്ടെത്തിയത്. ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ നിന്നാണ് പണം പിടിച്ചെടുത്തത്.