
ന്യൂദൽഹി ; റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി തലസ്ഥാന നഗരമായ ഡൽഹിയിൽ കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് . ഈ ക്രമീകരണങ്ങളുടെ ഭാഗമായി, റിപ്പബ്ലിക് ദിന പരേഡിൽ സുരക്ഷ ഒരുക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കും, സുരക്ഷ ഒരുക്കുന്ന സൈനികർക്കും വളരെയേറെ പ്രത്യേകതയുള്ള കണ്ണടകളാണ് നൽകുന്നത്. ആയിരക്കണക്കിന് ഡൽഹി പോലീസ് ഉദ്യോഗസ്ഥർക്ക് പുറമേ, അർദ്ധസൈനിക വിഭാഗങ്ങൾ, കമാൻഡോകൾ , സ്‌നൈപ്പർമാർ തുടങ്ങിയവരെയും പരിപാടിയിൽ വിന്യസിക്കും. ഇവർക്കും ഇതേ ഗ്ലാസുകൾ നൽകും.
AI ഫീച്ചറുകളാണ് ഈ ഗ്ലാസിന്റെ പ്രത്യേകത . ഈ ഗ്ലാസുകളിൽ ക്യാമറ ഘടിപിച്ചിട്ടുണ്ട്. കൂടാതെ, 65,000 കുറ്റവാളികളുടെ ഡാറ്റ ഈ ഗ്ലാസുകളിലേക്ക് ഫീഡ് ചെയ്തിട്ടുമുണ്ട് . ഒരു ആപ്പ് വഴി പോലീസ് ഈ ഗ്ലാസുകൾ അവരുടെ മൊബൈൽ ഫോണുകളുമായി ബന്ധിപ്പിക്കും. ഏതെങ്കിലും കുറ്റവാളി പോലീസുകാരന്റെ ഈ കണ്ണടയ്‌ക്ക് മുന്നിൽ വന്നാൽ, ഈ ക്യാമറ ‘ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം’ (FRS) വഴി ആ കുറ്റവാളിയെ തിരിച്ചറിയാനാകും.
കുറ്റവാളിയെ തിരിച്ചറിഞ്ഞുകഴിഞ്ഞാൽ, ഈ ഗ്ലാസുകൾ ഇത് ധരിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥന് മുന്നറിയിപ്പ് നൽകും, അതുവഴി അവരെ സ്ഥലത്തു വച്ച് തന്നെ പിടികൂടാൻ കഴിയും. കൂടാതെ, കുറ്റവാളി വേഷംമാറി നടന്നാൽ, ഈ ഗ്ലാസുകൾ AI (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) വഴി കുറ്റവാളിയുടെ യഥാർത്ഥ മുഖം കണ്ടെത്തുകയും പോലീസ് ഉദ്യോഗസ്ഥന് മുന്നറിയിപ്പ് നൽകുകയും ചെയ്യും.
കൂടാതെ, റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന ആളുകളുടെ തെർമൽ സ്‌ക്രീനിംഗ് നടത്താനും പോലീസിന് ഈ ഗ്ലാസുകൾ ഉപയോഗിക്കാൻ കഴിയും . അതായത് റിപ്പബ്ലിക് ദിന പരേഡിനിടെ നിരോധിത വസ്തുക്കൾ കൊണ്ടുപോകുന്ന ആരെങ്കിലും ഈ ഗ്ലാസുകൾ ധരിച്ച പോലീസുകാരന്റെ കണ്ണിൽ പെട്ടാൽ അറസ്റ്റ് ചെയ്യപ്പെടും. ഇത്തവണ റിപ്പബ്ലിക് ദിന പരേഡിൽ സുരക്ഷയ്‌ക്കായി 10,000-ത്തിലധികം പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിക്കുക.