ഒഡീഷയില്‍ ഹോസ്റ്റലില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വിദ്യാര്‍ഥികളുടെ കണ്ണില്‍ പശ ഒഴിച്ച് സഹപാഠികള്‍ ‘പ്രാങ്ക്’ ചെയ്ത സംഭവത്തില്‍ എട്ട് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒഡീഷയിലെ കാന്ധമല്‍ ജില്ലയിലെ സലാഗുഡയിലുള്ള സേവാശ്രമം സ്‌കൂളിലാണ് കണ്ണുകള്‍ ഒട്ടിപ്പിടിച്ച് അവശനിലയിലായ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മൂന്ന്, നാല്, അഞ്ച് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് അപകടം പറ്റിയത്. ഹോസ്റ്റല്‍ മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികള്‍ വേദനയും അസ്വസ്ഥതയും മൂലം ഞെട്ടിയുണര്‍ന്നപ്പോള്‍ കണ്‍പോളകള്‍ ഒട്ടിയ അവസ്ഥയിലായിരുന്നു. അടഞ്ഞുകിടക്കുന്ന കണ്ണുകളുമായി കരയുന്ന കുട്ടികളുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ആശുപത്രിയിലേക്ക് മാറ്റിയ കുട്ടികള്‍ ചികിത്സയിലാണ്. കണ്ണുകളില്‍ പശ ഒഴിക്കുന്നത് കാഴ്ചശക്തി നഷ്ടപ്പെടുന്നതടക്കം ഗുരുതര പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഒരു കുട്ടിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഏഴ് കുട്ടികള്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.
സംഭവത്തില്‍ ജില്ലാ ഭരണകൂടം വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. പ്രാഥമിക അന്വേഷണത്തില്‍ വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഹെഡ്മാസ്റ്റര്‍ മനോരഞ്ജന്‍ സാഹുവിനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഉത്തരവാദികളായ വിദ്യാര്‍ഥികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.