കണ്ണൂർ: മോറാഴ കൂളിച്ചാലിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ബംഗാൾ സ്വദേശി വെട്ടേറ്റു മരിച്ചു. ആന്തൂർ നഗരസഭയിലെ മോറാഴ കൂളിച്ചാലിൽ ആയിരുന്നു സംഭവം. ദലിങ്ഖാൻ ഇസ്മായിൽ (36 ) ആണ് മരിച്ചത്. പ്രതി ബംഗാൾ സ്വദേശി തന്നെയായ സുജോയ് കുമാർ ദേ (23 ) യെ വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. കോൺക്രീറ്റ് ജോലിക്കാരായ ഇരുവരും തമ്മിലുണ്ടായ വാക്ക് തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ഏതാനും ദിവസങ്ങളായി ഇവർ തമ്മിൽ വാക്കുതർക്കം നടന്നിരുന്നുവെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച വീണ്ടും ഇരുവരും തമ്മിൽ തർക്കം നടന്നിരുന്നു. പിന്നീട് ഇസ്മയിലിനെ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന്റെ ടെറസിൽ കൊണ്ടുപോയി വെട്ടുകത്തി ഉപയോഗിച്ച് നിരവധിതവണ വെട്ടിയാണ് കൊലചെയ്തത്.
ഇസ്മയിലിന്റെ കൂടെ സഹോദരനും താമസിക്കുന്നുണ്ട്. ഇസ്മയിലിനെ കാണാതായതോടെ സഹോദരൻ അന്വേഷിച്ചപ്പോഴാണ് ടെറസിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ കണ്ടത്. സുജോയ്കുമാർ ഓട്ടോറിക്ഷയിൽ നാട് വിടാൻ ശ്രമിച്ചപ്പോൾ ഓട്ടോ ഡ്രൈവർ കെ.വി.മനോജ് തന്ത്രപൂർവം ഇയാളെ വളപട്ടണം പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. സുജോയ് കുമാറിനെ വളപട്ടണം പൊലീസ് തളിപ്പറമ്പ് പൊലീസിന് കൈമാറി. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മൊറാഴയിലെ കെട്ടിടനിർമാണ കരാറുകാരനായ കാട്ടാമ്പള്ളി രാമചന്ദ്രന്റെ കീഴിൽ കൂളിച്ചാലിൽ പത്തോളം മറുനാടൻ തൊഴിലാളികൾ താമസിക്കുന്നുണ്ട്. ഇസ്മയിൽ കഴിഞ്ഞ 15 വർഷത്തിലധികമായി കരാറുകാരന്റെ കീഴിൽ കോൺക്രീറ്റ് മേസ്തിരിയാണ്.