കണ്ണൂര്‍ ഇരിട്ടിയിലെ പായം സ്വദേശി സ്‌നേഹ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് ജിനീഷ് അറസ്റ്റില്‍. ഗാര്‍ഹിക പീഡനം, ആത്മഹത്യപ്രേരണ കുറ്റം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ യുവതിയെ കണ്ടെത്തിയത്. ഭര്‍ത്താവും വീട്ടുകാരും യുവതിയെ നിരന്തരമായി പീഡിപ്പിച്ചിരുന്നുവെന്ന് സ്‌നേഹയുടെ കുടുംബം ആരോപിച്ചിരുന്നു.
തന്റെ മരണത്തിന്റെ ഉത്തരവാദിത്തം ഭര്‍ത്താവിനും ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കുമാണെന്ന്് സ്‌നേഹയുടെ ആത്മഹത്യ കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. അഞ്ച് വര്‍ഷം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. ഭാര്യയുടെ മേലുള്ള സംശയം തുടക്കത്തിലുണ്ടായിരുന്നെങ്കിലും കുഞ്ഞ് പിറന്നതോടെ കുഞ്ഞിന്റെ നിറത്തിന്റെ പേരിലും സ്‌നേഹയെ ഉപദ്രവിച്ചെന്നാണ് പരാതി. തുടര്‍ന്ന് സ്ത്രീധനമായി നല്‍കിയ സ്വര്‍ണം കുറഞ്ഞുപോയി എന്ന് പറഞ്ഞ് പീഡിപ്പിച്ചെന്നും ആരോപണമുണ്ട്.
പലതവണ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഒത്തുതീര്‍പ്പാക്കപ്പെട്ടതോടെ ഈ മാസം 15ന് ഉളിക്കല്‍ പൊലീസിലും സ്‌നേഹ പരാതി നല്‍കിയിരുന്നു.