കണ്ണൂര്‍ കരിക്കോട്ടക്കരിയില്‍ മയക്കുവെടിവെച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു. ജനവാസ മേഖലയില്‍ ഭീതി പരത്തിയിരുന്ന ആനയെ ഇന്ന് വൈകുന്നേരമാണ് വെറ്റിനറി സര്‍ജന്‍ അജേഷ് മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടി വെച്ചത്.
താടിയെല്ലിന് മുറിവേറ്റ ആനക്ക് തീറ്റയും വെള്ളവും കുടിക്കാന്‍ കഴിയാത്ത നിലയിലായിരുന്നു. പിടികൂടിയ ആനയുടെ കാലില്‍ വടം കെട്ടി മുറിവില്‍ മരുന്നുവെച്ചിരുന്നു.
വായയുടെ ഭാഗത്ത് ഗുരുതരമായി പരിക്കേറ്റ ആനയെ വളയഞ്ചാലിലെ ആര്‍.ആര്‍.ടി ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ലോറിയിലേക്ക് കയറ്റിയ ആന തളര്‍ന്ന് വീണിരുന്നു. പ്രാഥമിക ചികിത്സ നല്‍കിയാണ് കൊണ്ടുപോയത്.
കരിക്കോട്ടുകരി ടൗണിന് സമീപം ഇന്ന് രാവിലെ 6.30 മുതലാണ് ആനയെ പരിക്കേറ്റ നിലയില്‍ കണ്ടത്. ആറളം ഫാമില്‍ നിന്ന് കൂട്ടം തെറ്റിയ ആനയാണ് എടപ്പുഴ റോഡിലെ വീടുകള്‍ക്ക് സമീപമെത്തിയത്. ആനയുടെ മുറിവ് ഗുരുതരമാണെന്ന് വിദഗ്ധ സംഘം അറിയിച്ചിരുന്നു. സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തില്‍ നിലയുറപ്പിച്ച നിലയിലായിരുന്നു ആന.
രാത്രി 9 മണിയോടെയാണ് ആന ചരിഞ്ഞതായി സ്ഥിരീകരിച്ചത്. വിദഗ്ദ ചികിത്സക്കായി വനയനാട്ടിലേക്ക് മാറ്റാനായിരുന്നു വനം വകുപ്പിന്റെ തീരുമാനം. ഇതിനിടെയാണ് കുട്ടിയാന ചരിഞ്ഞത്.
അയ്യന്‍കുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി ടൗണിന് സമീപത്ത് വനം വകുപ്പിന്റെ വാഹനത്തിനു നേരെ കാട്ടാന ആക്രമണം നടത്തിയിരുന്നു. റോഡില്‍നിന്ന് തുരത്തിയെങ്കിലും ആന തൊട്ടടുത്ത റബര്‍ തോട്ടത്തില്‍ നിലയുറപ്പിക്കുകയിരുന്നു. ആനയെ കാട്ടിലേക്ക് തുരത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തീവ്ര ശ്രമം നടത്തിയിരുന്നു. തുടര്‍ന്നാണ് മയക്കുവെടി വെച്ച് പിടികൂടിയിരുന്നത്.