• Sun. Nov 16th, 2025

24×7 Live News

Apdin News

കണ്ണൂര്‍ ജില്ലയില്‍ കൊലക്കേസ് പ്രതികള്‍ക്ക് സിപിഎം സീറ്റ്

Byadmin

Nov 16, 2025



കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ കൊലപാതകക്കേസിലെ പ്രതികളെ തദ്ദേശതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാക്കി സിപിഎം. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഫസലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കാരായി ചന്ദ്രശേഖരനെയും എംഎസ്എഫ് നേതാവ് അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പി.പി. സുരേശനെയുമാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളാക്കിയത്.

കേരളത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട കൊലപാതകക്കേസുകളാണിത്. ഫസല്‍കേസ് പ്രതി കാരായി ചന്ദ്രശേഖരന്‍ തലശ്ശേരി നഗരസഭ ചെള്ളക്കര വാര്‍ഡിലാണ് മത്സരിക്കുന്നത്. 2006 ഒക്‌ടോബര്‍ 22 നാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഫസലിനെ സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയത്. വധക്കേസിലെ ഗൂഡാലോചനയില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ 2012 ജൂണിലാണ് കാരായി ചന്ദ്രശേഖരന്‍ കോടതിയില്‍ കീഴടങ്ങിയത്.

ഒന്നരവര്‍ഷത്തിനുശേഷം 2013 നവംബര്‍ എട്ടിനു ജാമ്യം ലഭിച്ചു. ഇതിനിടെ ചന്ദ്രശേഖരന്‍ തലശ്ശേരി നഗരസഭയില്‍ മത്സരിച്ചു ജയിച്ചു. എന്നാല്‍ നാട്ടിലേക്ക് വരാന്‍ കോടതി അനുവദിക്കാത്തതിനെ തുടര്‍ന്ന് രാജിവെക്കുകയായിരുന്നു. കേസിലെ ജാമ്യവ്യവസ്ഥയില്‍ എറണാകുളം ജില്ല വിട്ടുപോകരുതെന്ന ഉപാധിയുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് കാരായി എറണാകുളം ഇരുമ്പനത്തായിരുന്നു താമസിച്ചിരുന്നത്. പിന്നീട് ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ചു. ഇതിന് പിന്നാലെ കാരായി ചന്ദ്രശേഖരന്‍ തലശേരിയിലേക്ക് മടങ്ങിയെത്തിയിരുന്നു. കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയശേഷം കേസ് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ തലയില്‍ കെട്ടിവെയ്‌ക്കാന്‍ സിപിഎം നേതൃത്വം നടത്തിയ ശ്രമം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

പട്ടുവം പഞ്ചായത്ത് 14-ാം വാര്‍ഡില്‍ നിന്നാണ് സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ പി.പി. സുരേശന്‍ മത്സരിക്കുന്നത്. ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ 28 -ാം പ്രതിയാണ് സുരേശന്‍.

2012 ഫെബ്രുവരി 20 നാണ് എംഎസ്എഫ് നേതാവായ അരിയില്‍ ഷുക്കൂറിനെ സിപിഎം സംഘം പട്ടാപ്പകല്‍ പരസ്യവിചാരണ ചെയ്ത് കൊലപ്പെടുത്തിയത്. ഈ കേസില്‍ സിപിഎം സംസ്ഥാന സമിതിയംഗം പി. ജയരാജനും ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.വി. രാജേഷും പ്രതികളാണ്.

 

By admin