ഗവര്‍ണര്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ നടത്തിയ ഫാക്കല്‍റ്റി ഡീന്‍ നിയമനങ്ങള്‍ ചട്ടവിരുദ്ധമെന്ന് ആരോപിച്ച് യുഡിഎഫ് സെനറ്റേഴ്‌സ് ഫോറം പരാതി നല്‍കി. സര്‍വകലാശാലയില്‍ നടത്തിയ നിയമനങ്ങള്‍ റദ്ദ് ചെയ്ത് തുടര്‍നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന ചാന്‍സിലര്‍ക്ക് പരാതി നല്‍കി.
ഇക്കഴിഞ്ഞ മെയ് മൂന്നാം തീയതിയാണ് സര്‍വകലാശാല ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ 10 വിഷയങ്ങളിലെ ഫാക്കല്‍റ്റി ഡീനുകളെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ഉത്തരവിന് പിന്നാലെ ആരോപണവും ഉയര്‍ന്നു. അനര്‍ഹരായവര്‍ നിയമനം നേടി എന്നാണ് പരാതി.
നിയമനങ്ങള്‍ സര്‍വകലാശാല സ്റ്റാറ്റിയൂട്ടിന് വിരുദ്ധമാണെന്ന് യുഡിഎഫ് സെനറ്റേഴ്‌സ് ഫോറം ആരോപിക്കുന്നു. സ്റ്റാറ്റിയൂട്ട് പ്രകാരം സര്‍വകലാശാല വകുപ്പുകളില്‍ നിന്നുള്ള പ്രൊഫസര്‍മാര്‍ക്കാണ് ഫാക്കല്‍റ്റി ഡീന്‍ ആകുവാന്‍ യോഗ്യതയുള്ളത്. നിലവില്‍ രൂപീകരിച്ച 10 ഫാക്കല്‍റ്റി ഡീന്‍ നിയമനങ്ങളാകട്ടെ സര്‍വകലാശാലയ്ക്ക് പുറത്തുനിന്നുള്ള പ്രൊഫസര്‍മാരും വിരമിച്ചവരുമാണ്. ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സംഘടന പറയുന്നു. നിലവില്‍ നല്‍കിയ നിയമനങ്ങള്‍ റദ്ദ് ചെയ്ത് ചട്ടപ്രകാരം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം എന്നാണ് യുഡിഎഫ് സെനറ്റേഴ്‌സ് ഫോറത്തിന്റെ ആവശ്യം.