കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ലഹരി വസ്തുക്കള്‍ എറിഞ്ഞു നല്‍കിയ സംഭവത്തില്‍ സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍. മൊബൈല്‍ ഫോണും, ലഹരി മരുന്നുകളും, മദ്യവും ജയിലില്‍ എത്തിക്കാന്‍ പുറത്ത് വലിയ സംഘമാണ് പ്രവര്‍ത്തിക്കുന്നത്. പനങ്കാവ് സ്വദേശി റിജിലാണ് പിടിയിലായത്. കേസില്‍ രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ജയിലില്‍ എത്തുന്ന ലഹരി മരുന്നുകളും, മദ്യവും തടവുകാര്‍ക്ക് വില്‍പ്പന നടത്താന്‍ പ്രത്യേക സംഘം അകത്തുമുണ്ട്. മൊബൈല്‍ ഫോണ്‍ എറിയുന്നതിനിടെ പിടിയിലായ പനങ്കാവ് സ്വദേശി അക്ഷയ്യെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതോടെയാണ് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.
തടവുകാരുടെ വിസിറ്റേഴ്‌സായി ജയിലില്‍ എത്തി സാധനങ്ങള്‍ എറിഞ്ഞു നല്‍കേണ്ട സ്ഥലവും സമയവും നിശ്ചയിക്കും. തുടര്‍ന്ന് ഈ വിവരം കൂലിക്ക് എറിഞ്ഞുനല്‍കുന്നവര്‍ക്ക് കൈമാറും. തടവുകാരുടെ ബന്ധുക്കളിലൂടെയും, സുഹൃത്തുക്കളിലൂടെയും ജയിലില്‍ എത്തിച്ച സാധനങ്ങളുടെ പണം സംഘത്തിന് ലഭിക്കും. ജയിലില്‍ നിന്ന് ഫോണിലൂടെയും വിവരങ്ങള്‍ പുറത്തേക്ക് കൈമാറുന്നുണ്ട്.