കണ്ണൂർ: കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിനിടെ സംഘർഷം. ചെടിച്ചട്ടിയും വടികളുമായി എസ്എഫ്ഐ – യുഡിഎസ്എഫ് പ്രവർത്തകർ ഏറ്റുമുട്ടി. സംഘർഷം രൂക്ഷമായതോടെ ലാത്തിച്ചാർജുമായി പോലീസ് രംഗത്തെത്തി. ലാത്തിയടിയിൽ എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗത്തിന് പരിക്കേറ്റു. എസ്എഫ്ഐ പ്രവർത്തകരും പോലീസും മർദിച്ചെന്ന് യുഡിഎസ്എഫ് പ്രവർത്തകരും ആരോപിക്കുന്നു.
തെരഞ്ഞെടുപ്പി യുഡിഎസ്എഫ് കള്ളവോട്ടിന് ശ്രമിച്ചു എന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ആരോപിച്ചതോടെയാണ് സംഘർഷങ്ങൾക്ക് തുടക്കമായത്. പോലീസ് അകാരണമായി മർദിച്ചുവെന്ന് എസ്എഫ് ഐ ആരോപിക്കുന്നു. അതിനിടെ, എസ്എഫ്ഐ സ്ഥാനാർത്ഥി ഒരു യുയുസിയുടെ ബാഗ് തട്ടി പറിച്ചോടി എന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ വൻ സംഘർഷമുണ്ടായി.
തുടർന്ന് എസ്എഫ്ഐ ജോയിൻ സെക്രട്ടറി സ്ഥാനാർത്ഥി അധിഷ കെ യെ പോലീസ് പിടിച്ചു വച്ചു. തുടർന്ന് എസ്എഫ്ഐ പ്രവർത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. എസ്എഫ്ഐ സ്ഥാനാർത്ഥിയെ പ്രവര്‍ത്തകരെത്തി പോലീസിന്റെ പക്കൽ നിന്നും മോചിപ്പിച്ചു.