• Sun. Aug 3rd, 2025

24×7 Live News

Apdin News

കത്തിക്കരിഞ്ഞ ശരീരാവശിഷ്‌ടങ്ങള്‍ കണ്ടെത്തിയ സംഭവം: പ്രതിയുമായി തെളിവെടുത്തു; ജൈനമ്മയുടെ സ്വര്‍ണം കണ്ടെടുത്തു, നടപടികള്‍ വേഗത്തിലാക്കുന്നു

Byadmin

Aug 3, 2025


ചേര്‍ത്തല: ഏറ്റുമാനൂര്‍ സ്വദേശിനി ജൈനമ്മയെ കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതി സെബാസ്‌റ്റ്യനുമായി ക്രൈംബ്രാഞ്ച്‌ സംഘം ചേര്‍ത്തലയില്‍ തെളിവെടുപ്പു നടത്തി. നഗരത്തിലെ സഹകരണ ബാങ്കിലും സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിലുമായി പണയം വച്ചശേഷം ഇയാള്‍ തിരിച്ചെടുത്തു വിറ്റ സ്വര്‍ണം അന്വേഷണസംഘം കണ്ടെടുത്തു. കാണാതാകുമ്പോള്‍ ജൈനമ്മ ധരിച്ചിരുന്നതെന്നു കരുതുന്ന സ്വര്‍ണമാണിത്‌.

താലൂക്ക്‌ ഓഫീസ്‌ കവലയ്‌ക്കു പടിഞ്ഞാറുള്ള ശ്രീവെങ്കിടേശ്വര ജ്യുവലറിയില്‍ നിന്നാണു സ്വര്‍ണം വീണ്ടെടുത്തത്‌. ജൈമ്മയെ കാണാതായ 2024 ഡിസംബര്‍ 23 ന്‌ ഉച്ചയ്‌ക്കുശേഷം ചേര്‍ത്തല നഗരത്തിലെ സഹകരണ ബാങ്കിന്റെ പ്രഭാത-സായാഹ്ന ശാഖയില്‍ 25.5 ഗ്രാം സ്വര്‍ണം സെബാസ്‌റ്റ്യന്റെ സഹായി മനോജ്‌ പണയം വച്ചിരുന്നു. പിറ്റേന്ന്‌ സ്വകാര്യ ധനകാര്യ സ്‌ഥാപനത്തില്‍ രണ്ടു ഗ്രാം സ്വര്‍ണം പണയം വച്ചു. ജൈനമ്മയെ കൊന്നശേഷം ആഭരണങ്ങള്‍ കൈക്കലാക്കി പണയം വയ്‌ക്കുകയായിരുന്നെന്നാണ്‌ അന്വേഷണ സംഘത്തിന്റെ നിഗമനം. പണയം വച്ച സ്വര്‍ണം പിന്നീടു തിരിച്ചെടുത്ത്‌ ജൂവലറിയില്‍ വിറ്റതായാണു വിവരം. അഞ്ചു പവന്റെ സ്വര്‍ണാഭരണമാണു വിറ്റത്‌.

മൂന്നു സ്‌ഥാപനങ്ങളിലും സെബാസ്‌റ്റ്യനെ എത്തിച്ച്‌ സാക്ഷികളുടെ സാന്നിധ്യത്തിലാണു തെളിവുകള്‍ ശേഖരിച്ചത്‌. സ്‌ഥാപന ഉടമകളില്‍നിന്ന്‌ അന്വേഷണസംഘം വിശദവിവരങ്ങള്‍ തേടി. തെളിവെടുപ്പിനോട്‌ ഇയാള്‍ സഹകരിച്ചതായാണു വിവരം. രാവിലെ തുടങ്ങിയ നടപടികള്‍ രാത്രിയോടെയാണു പൂര്‍ത്തിയായത്‌. ഡിവൈ.എസ്‌.പിമാരായ സാജന്‍ സേവ്യര്‍, ടി.ആര്‍. പ്രദീപ്‌ കുമാര്‍, സര്‍ക്കിള്‍ ഇന്‍സ്‌പക്‌ടര്‍മാരായ എം.എസ്‌. രാജീവ്‌, ജിജിന്‍ ചാക്കോ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ തെളിവെടുപ്പിനെത്തിയത്‌. കോട്ടയത്തുനിന്നുള്ള വില്ലേജ്‌ ഓഫീസറെയും നഗരസഭാ കൗണ്‍സിലറെയും ഒപ്പം കൂട്ടിയിരുന്നു. ഇവരുടെ സാന്നിധ്യത്തിലാണു നടപടികള്‍ പൂര്‍ത്തിയാക്കിയത്‌.

ഇന്ന്‌ സെബാസ്‌റ്റ്യനെ ചേര്‍ത്തല പള്ളിപ്പുറത്തെ വീട്ടിലെത്തിച്ചു തെളിവെടുക്കും. പരിശോധനയ്‌ക്കായി വീട്ടുവളപ്പില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌. ജൈനമ്മയുടെ തിരോധാനം അന്വേഷിക്കുന്ന സംഘം 28 ന്‌ സെബാസ്‌റ്റ്യന്റെ വീട്ടുവളപ്പില്‍ നടത്തിയ പരിശോധനയിലാണ്‌ കത്തിക്കരിഞ്ഞ ശരീരാവശിഷ്‌ടങ്ങള്‍ കണ്ടെത്തിയത്‌. ഇതു ജൈനമ്മയുടേതെന്നാണു നിഗമനം. ശാസ്‌ത്രീയ തെളിവിനായി ഡി.എന്‍.എ. പരിശോധനക്കയച്ചിട്ടുണ്ട്‌. നടപടികള്‍ വേഗത്തിലാക്കാനും സംഘം ശ്രമം തുടങ്ങി.

By admin