• Wed. Jan 22nd, 2025

24×7 Live News

Apdin News

കത്തി കാട്ടി ഭീഷണിപ്പെടുത്തി വീഡിയോ ചിത്രീകരിച്ചു, അറസ്റ്റ് ചെയ്തത് യഥാര്‍ത്ഥ പ്രതികളെയല്ല- കലാ രാജു

Byadmin

Jan 22, 2025


തൃശൂര്‍ : സിപിഎമ്മിനെതിരെ വീണ്ടും ഗുരുതര ആരോപണമുന്നയിച്ച് കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കലാ രാജു. തന്നെ തട്ടിക്കൊണ്ടു പോയി ഏരിയ കമ്മിറ്റി ഓഫീസില്‍ എത്തിച്ച് കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് വീഡിയോ ചിത്രീകരിച്ചതെന്ന് അവര്‍ വെളിപ്പെടുത്തി.

ഇനി സി പി എമ്മിനൊപ്പം ഇല്ലെന്നും കലാ രാജു വ്യക്തമാക്കി.കോലഞ്ചേരി മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കി പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കലാ രാജു.

ഏരിയ സെക്രട്ടറി പി ബി രതീഷിന്റെ സന്നിധ്യത്തില്‍ എസ്എഫ്‌ഐ നേതാവ് വിജയ് രഘു കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി.തുടര്‍ന്നാണ് വീഡിയോ ചിത്രീകരിച്ചതെന്ന് കലാ രാജു പറഞ്ഞു.

ഇതുവരെ സംരക്ഷണം നല്‍കാത്ത പാര്‍ട്ടിക്കൊപ്പം ഇനി തുടരാനില്ല. പാര്‍ട്ടി അംഗവും വിധവയുമായ 56 വയസുള്ള തന്നെ 1500ഓളം പേര് വരുന്ന സ്ത്രീകളും പുരുഷന്‍മാരുമടങ്ങുന്ന സംഘം ആക്രമിച്ചപ്പോള്‍ ഈ പാര്‍ട്ടി എവിടെയായിരുന്നു.അവര്‍ സംരക്ഷണം തന്നില്ലല്ലോ- കലാ രാജു പറഞ്ഞു.

താന്‍ പറഞ്ഞ ആളുകളെ അല്ല അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും പകരത്തിന് ആളെ വച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും കലാ രാജു പറഞ്ഞു. തന്റെ ജീവന് ഭീഷണിയുണ്ട്. നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും അവര്‍ വ്യക്തമാക്കി.

യുഡിഎഫിന്റെ സഹായം സ്വീകരിച്ചിട്ടില്ലെന്നും ഒരു ആനുകൂല്യവും യുഡിഎഫില്‍ നിന്ന് വാങ്ങിയിട്ടില്ലെന്നും കലാ രാജു പറഞ്ഞു. ഇതുവരെ ആരുടെയും ഔദാര്യം പറ്റാതെയാണ് ജീവിച്ചത്. ജനമധ്യത്തില്‍ തന്നെ വസ്ത്രാക്ഷേപം നടത്തി ഇത്രയും മൃഗീയമായി ഉപദ്രവിച്ചതിനെതിരെയാണ് പരാതിയുള്ളത്. പുറത്ത് വന്ന വീഡിയോ തന്നെ കത്തികാണിച്ചെടുത്ത വീഡിയോ ആണ്. മക്കള്‍ പുറത്തുണ്ട്, അവര്‍ അവരുടെ കസ്റ്റഡിയിലാണ്, അവരെ കൊന്നു കളയും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി എടുത്ത വീഡിയോ ആണതെന്നും കലാ രാജു പറഞ്ഞു.



By admin