
സൂര്യദേവന്‍ ഉത്തരായനം തുടങ്ങിയിരുന്നു. മരങ്ങളും ചെടികളും രജതപ്പട്ടുടുത്തു കണ്ണുകളെ കുളിരണിയിക്കുന്ന കാഴ്ച. തൂവെള്ളപ്പല്ലുകാട്ടി വിടര്‍ന്ന കുടമുല്ലപ്പൂ ക്കളുടെ ആഹ്ലാദം കവര്‍ന്നെടുക്കാന്‍ രജനി യാമങ്ങളോളം പണിപ്പെട്ടിട്ടും പരാജയപ്പെട്ടു. വസന്തത്തെ വരവേല്‍ക്കാന്‍ കാത്തു കഴിയുകയായിരുന്നു മരുത്വാന്‍. മലരമ്പനും വന്നതോടെ പാതപങ്ങള്‍ പൂവണിഞ്ഞു. അയാള്‍ക്കൊപ്പം മരുത്വാന്‍ ഉല്ലാസക്കാറ്റായി ചലിച്ചു. മേലാകെ സുഗന്ധം പുരട്ടി സഹര്‍ഷം നീങ്ങുന്ന മന്ദമാരുതനൊപ്പം, അതാസ്വദിക്കാന്‍ കാമനും ചേര്‍ന്നു. പൂക്കളുടെ രസം നുകരാനെത്തുന്ന വണ്ടുകള്‍ മൂളിപ്പാട്ടു കച്ചേരിയില്‍ മുഴുകിപ്പറക്കുമ്പോള്‍ ചിത്രശലഭങ്ങള്‍ ഇരുചെവിയറിയാതെ പൂന്തേനുണ്ണുന്ന കാഴ്ച കണ്ട് ഇരുവരും ചിരിച്ചു.
സായന്തന സൂര്യന്‍ മുങ്ങിമറഞ്ഞപ്പോള്‍ മുഴുമതി ആഹ്ലാദത്തോടെ മാനമണഞ്ഞു. മേനിയാകെ പൂമൊട്ടുകളാല്‍ വെള്ളിക്കൊലുസു ചാര്‍ത്തിയ സുന്ദരിമുല്ലയുടെ നേര്‍ക്കായിരുന്നു മരുത്വാന്റെ നോട്ടം മുഴുവന്‍. രാഗം മൊട്ടിട്ട മനസ്സുമായി ആ മാരുതന്‍, മൊട്ടുകളുടെ നിറവില്‍ പുഞ്ചിരിച്ച് പരിമളവര്‍ഷവുമായി നില്‍ക്കുന്ന കുടമുല്ലയെ ആശയോടെ കാണാനെത്തി. അപ്പോള്‍ അവളുടെ മുഖത്തും മൗനരാഗം തെളിയുന്നതു കാണാമായിരുന്നു. മണിയൂഞ്ഞാലുകള്‍ പോലുള്ള അവളുടെ വല്ലികളില്‍ ചാഞ്ചാടാന്‍ കുളിര്‍കാറ്റിന്റെ മനം കൊതിക്കാറുണ്ട്. ഒരു നാള്‍ തന്റെ രഹസ്യം അവളോട് തുറന്നു പറയാന്‍ കാറ്റ് തീരുമാനമെടുക്കുന്നു. പതിവുപോലെ കുറച്ചകലെ കാത്തുനിന്നു, അവളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍. പക്ഷേ അവള്‍ തന്നെ തിരിച്ചറിഞ്ഞതായിപ്പോലും ഭാവിച്ചില്ല. ലാവണ്യവതിയായി പരിലസിച്ചു നില്‍ക്കുന്ന അവുടെ അടുക്കലേക്ക് അവന്‍ നീങ്ങി. മന്ദഗതിയിലായിരുന്നെങ്കിലും അവന്റെ ഉള്‍ത്തുടിപ്പ് ശീഘ്രഗതിയിലായി. സ്നേഹാര്‍ദ്രതയോടെ അവന്‍ കരങ്ങള്‍ നീട്ടി. പക്ഷേ അവളാകട്ടെ വല്ലികളാട്ടി തന്നോട് അകല്‍ച്ച കാട്ടി. തൊട്ടടുത്തുതന്നെ വിലസി നിന്നിരുന്ന നന്ദ്യാര്‍വട്ടത്തെയും മന്ദാരത്തെയും അവന്‍ ശ്രദ്ധിച്ചു. മുല്ലയുടേതുപോലെ അവരുടെ കണ്ണുകളും ഏതോ മധുര പ്രതീക്ഷയില്‍ മയങ്ങുന്നതായി മരുത്വാന് തോന്നി. തനിക്ക് മുല്ലയോടുള്ള രാഗത്തെക്കുറിച്ച് അവന്‍ രണ്ടും കല്പിച്ച് നന്ദ്യാര്‍വട്ടത്തോട് അടക്കം പറഞ്ഞു. മുല്ല തന്നെ അവഗണിക്കാനുള്ള കാരണമെന്താണെന്നും അവന്‍ നന്ദ്യാര്‍വട്ടത്തോടു ചോദിച്ചു. അപ്പോഴാണ് അവന് മനസ്സിലായത് അവരുടെയൊക്കെ മനോരഥം കാമനെ ചുറ്റിപ്പറ്റിയാണ് നീങ്ങുന്നതെന്ന്.
ഹൃദയം തകര്‍ന്നുപോയ മാരുതന്‍ ഉടനെ പഞ്ചശരന്റെ കൂട്ടുകെട്ട് ഉപേക്ഷിച്ചു. കോപാന്ധനായി ലക്ഷ്യമില്ലാതെ ആഞ്ഞടിച്ചു. ഇതുകണ്ട് മാനത്തെ നീരദങ്ങള്‍ കൂട്ടമായി ഇറങ്ങി വന്ന് സ്നേഹമഴയില്‍ കുളിപ്പിച്ച് അവനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ അവന്‍ അവരെ തന്റെ കോപശരങ്ങളാക്കി നാലുപാടും എയ്തു തെറുപ്പിച്ചു. താന്‍ പ്രാണന്‍ നല്‍കി വളര്‍ത്തിയ ചെടികള്‍ തന്നെ അവഗണിച്ചത് സഹിക്കാന്‍ മരുത്വാന് ആകുമായിരുന്നില്ല. പകലോന്‍ എരിക്കുന്ന വെളിച്ചത്തില്‍ തന്റെ പ്രാണന്‍ ഭുജിച്ചു തുടിച്ചിരുന്ന മുല്ല, ഹിമകരവെട്ടത്തില്‍ പൂവണിഞ്ഞ് അഴകേറിയപ്പോള്‍ അവനെ തഴഞ്ഞതില്‍ ക്ഷോഭമടക്കാനാവാതെ വീണ്ടുമവന്‍ പതിന്മടങ്ങ് ശക്തിയില്‍ വീശിയടിച്ചു. മരങ്ങള്‍ തമ്മിലടിച്ച് താഴെ പതിച്ചു. മഴയുടെ ശബ്ദം സാഗരതിരകളുടേതിനു സമമായി.
മരുത്ത് ആ ഗ്രാമമുപേക്ഷിച്ച് നഗരത്തിലെത്തി. ഗ്രാമീണ വിശുദ്ധി കവര്‍ന്നെടുത്തതിന് പകവീട്ടാനെന്നമട്ടില്‍ അവിടെ സംഹാര താണ്ഡവമാടി. ജനങ്ങള്‍ അവനെക്കണ്ട് ഓടിയൊളിച്ചു. വഴിയില്‍ കണ്ടതൊക്കെ തകര്‍ത്തെറിഞ്ഞു കൊണ്ട് അവന്‍ വനത്തിലേക്ക് കുതിച്ചു. അവിടെ വന്‍വൃക്ഷങ്ങള്‍ പലതും വിറച്ച് ഭൂമിയിലമര്‍ന്നു. കലാപകാരിയായ അവന്റെ ഭയാനക രൂപം കണ്ട് ഇരുട്ടുപോലും പേടിച്ചുപോയി. മഴയും പതിയെ അവനെ വിട്ടകന്നു. എന്നാല്‍ അവന്‍ കൂടുതല്‍ ശക്തനായി കാട്ടിലൂടെ പാഞ്ഞുകൊണ്ടിരുന്നു.
ദിനരാത്രങ്ങള്‍ കടന്നുപോയി. ഒരു നാള്‍ അവന്‍ മറിച്ചിട്ട മരങ്ങള്‍ക്കു സമീപമൊരു ശബ്ദം. അവനൊരു നിമിഷം നിശ്ചലനായി. അതിതീക്ഷ്ണങ്ങളായ കണ്ണുകളോടുകൂടിയ ഒരു വൃദ്ധന്‍ അവനു നേരെ നോക്കിപ്പറഞ്ഞു: ‘ ശാന്തനാകൂ, എന്തുകൊണ്ടാണ് നീ ഈ ഘോരവേഷം വെടിയാത്തത്? മന്ദമാരുതനാണ് ജനപ്രിയനെന്ന് നിനക്കറിയില്ലേ?’ കാറ്റ് തന്റെ വ്യസനം വൃദ്ധനോട് പങ്കുവച്ചു: ‘ ഞാന്‍ എപ്രകാരം ശാന്തനാകും? ചെടികളുടെ മനോഗതിതന്നെ മാറിപ്പോയിരിക്കുന്നു. സ്നേഹവും പ്രാണനും നല്‍കുന്ന എനിക്ക് ലഭിക്കുന്നത് അവഗണന, കാമനോടാണ് അവര്‍ക്ക് പ്രിയം.’ വൃദ്ധന്‍ പറഞ്ഞു: ‘സസ്യങ്ങള്‍ പെരുകുന്നതിന് വസന്തകാലവും കാമനും ഉപകാരികളാണ്. ചെടികള്‍ അവരെ കാമിക്കുന്നത് ജൈവവൃദ്ധിക്ക് കാരണമാകുന്നു.’ കാറ്റ് നിരാശയോടെ ചോദിച്ചു: ‘അപ്പോള്‍ പ്രാണവായു നല്‍കി പരിരക്ഷിക്കുന്ന എന്നില്‍ അവര്‍ ഒരു കാലത്തും ആകൃഷ്ടരാകില്ലെന്നാണോ?’ വൃദ്ധന്‍ മൊഴിഞ്ഞു : ‘ഋതുഭേദമന്യേ ജീവികളെയെല്ലാം നിലനിര്‍ത്തുന്ന പവനനാണ് നീ. ഭൂമിയിലും അന്തരീക്ഷത്തിലും നിനക്ക് പ്രവേശനമുണ്ട്. കാമന് എല്ലായിടങ്ങളിലും എപ്പോഴും കയറാനാവില്ല. താപസര്‍ക്കുള്ളിലാവട്ടെ അവന് ഒരു കാലത്തും കടക്കാനാവില്ല.’ വൃദ്ധന്‍ തുടര്‍ന്നു: ‘നിന്റെ ചിന്താഗതിയും മാറ്റേണ്ടതുണ്ട്. ജീവജാലങ്ങളെ മുഴുവന്‍ പോറ്റുന്നത് നിന്റെ കര്‍ത്തവ്യമാണ്. നിനക്ക് ഏതെങ്കിലും ഒന്നില്‍ പക്ഷപാതപരമായി രാഗം ജനിക്കുന്നത് ശുഭകരമാകില്ല.’
ചിന്താഭാരത്താല്‍ കാറ്റ് മന്ദഗതിയിലായി. ശരത് കാലത്തിന്റെ തെളിവാര്‍ന്ന രാവുകള്‍ അവനെ കൂടുതല്‍ ശാന്തനാക്കി. അറിവിന്റെ ഉള്‍വെളിച്ചം അവനില്‍ ജ്വലിച്ചു. ശിശിരത്തണുപ്പേറ്റ് ചലനമറ്റതുപോലെ അവന്‍ ധ്യാനത്തിലാണ്ടു. പിന്നീടാകട്ടെ ഗ്രീഷ്മച്ചൂടില്‍ വാടിത്തളര്‍ന്ന ജീവികളോട് കാരുണ്യം തോന്നിയ സമീരന്‍ വീണ്ടും എല്ലായിടത്തും ചുറ്റിനടന്ന് അവയെ ആശ്വസിപ്പിച്ചു. അപ്പോള്‍ താന്‍ ഉപേക്ഷിച്ചുപോയ ഗ്രാമത്തിലും എത്തിച്ചേര്‍ന്നു. പക്ഷേ അവിടെ തന്റെ സ്നേഹഭാജനമായിരുന്ന മുല്ലയെ കാണാനില്ല. അവന്റെ ഹൃദയം വിങ്ങി. വൃദ്ധന്റെ ഉപദേശമോര്‍ത്ത് നിര്‍വികാരനാവാന്‍ ആവുന്നത്ര ശ്രമിച്ചുനോക്കി. പക്ഷേ ഫലമുണ്ടായില്ല. പണ്ടത്തെപ്പോലെ മേഘക്കൂട്ടം അവന് കൂട്ടിനു വന്നു. അവന്റെ വിലാപസ്വരം അവരേറ്റെടുത്തു. താപം കലര്‍ന്ന അവന്റെ കണ്ണീരിനെ വേനല്‍മഴയെന്ന് ആളുകള്‍ വിളിച്ചു. ദുഃഖഭാരത്താല്‍ മരുത്വാന്റെ ചലനം കൂടുതല്‍ മന്ദഗതിയിലായി. അവന്‍ സങ്കടപ്പെട്ടു: ‘ തന്റെ സുന്ദരിമുല്ലയ്‌ക്ക് എന്തായിരിക്കാം സംഭവിച്ചത്? അവിടെയുണ്ടായിരുന്ന നന്ദ്യാര്‍വട്ടവും മന്ദാരവുമൊക്കെ അപ്രത്യക്ഷരായല്ലോ. അരികെ നിന്നിരുന്ന മരങ്ങളെയും കാണാനില്ല.’ അവന്റെ ദുഃഖം അണപൊട്ടിയൊഴുകി. തന്റെ കോപശരമേറ്റ് മരങ്ങള്‍ നിലംപതിച്ചത് അവനോര്‍ത്തു. ‘പാവം! മുല്ലയും മറ്റും അവയ്‌ക്കടിയില്‍പ്പെട്ടു മരണമടഞ്ഞതാവാം.’
ഇപ്രകാരം വികാരപരവശനായെങ്കിലും സമീരന്റെയുള്ളിലെ ഭാവങ്ങളുടെ നിറക്കൂട്ട് പാടെ മാറിപ്പോയിരുന്നു. അതിലിപ്പോള്‍ മോഹമോ നിരാശയോ ഇല്ല. മറിച്ച് സുന്ദരിമുല്ലയോടുള്ള ആത്മാര്‍ത്ഥ സ്നേഹമാണ് അവനെ കരയിപ്പിക്കുന്നത്. തന്റെ സ്വാര്‍ത്ഥത കാരണമാണല്ലോ അവള്‍ ഇല്ലാതായതെന്നോര്‍ത്ത് അവന്‍ തുടരെത്തുടരെ കരഞ്ഞു. ആശ്വാസവര്‍ഷം കൊണ്ടൊന്നും അവനെ സാന്ത്വനിപ്പിക്കാനാവാതെ മേഘങ്ങള്‍ ആകാശഗര്‍ത്തങ്ങളിലേക്ക് മടങ്ങി. അപ്പോഴാണ് നിര്‍വൃതി ദായകമായ ആ കാഴ്ച! അവന്‍ അത്ഭുതസ്തബ്ധനായി. മുല്ലയും മന്ദാരവും നന്ദ്യാര്‍വട്ടവുമൊക്കെ കിളിര്‍ത്തുപൊങ്ങുന്നു. സന്തോഷാതിരേകത്താല്‍ കാറ്റും പറന്നുപൊങ്ങി. മുല്ല ഏതോ ദുഃസ്വപ്നത്തില്‍ നിന്നുണര്‍ന്നതുപോലെ അവന്റെ നേരെ നോക്കി, സൗഹൃദവല്ലി നീട്ടി. അതിലവന്‍ തന്റെ പ്രാണന്‍ ആവോളം പകര്‍ന്നു നല്‍കി.