• Sun. Nov 9th, 2025

24×7 Live News

Apdin News

കഥ: കാത്തു

Byadmin

Nov 9, 2025



മ്മ പറഞ്ഞു…
ഈ നായ എന്നെയും കൊണ്ടേപോകൂ…
തുടരും സിനിമ കണ്ടപ്പോഴേ തോന്നിയൊരിഷ്ടമായിരുന്നു
അതുപോലേ സ്‌നേഹമുള്ള ഒരു നായയെ വാങ്ങണമെന്ന്…
രക്ഷിക്കാനെത്തുന്ന ഒരു മാലാഖയെപ്പോലെ അത് ഞങ്ങള്‍ക്കുചുറ്റും ഉണ്ടാകണമെന്ന്.

ജീവിതത്തില്‍ മുഴുവനുമുള്ള സഹചാരിയായി കൂടെയുണ്ടാവണമെന്ന ആഗ്രഹവും. അന്വേഷിച്ചിപ്പോള്‍ രേഷ്മയാണ് പറഞ്ഞത് അവളുടെ കൂട്ടുകാരന്റെ വീട്ടില്‍ ഈ ഇനത്തില്‍ പട്ടിക്കുഞ്ഞുണ്ടെന്ന്.

നാളെ നമുക്ക് പോയിക്കാണാം എന്ന് പറഞ്ഞ് നീണ്ട് നിവര്‍ന്ന് കിടന്നു. രാത്രി ഏറേ വളര്‍ന്നിട്ടും ഉറക്കം വരുന്നില്ലല്ലോയെന്ന് ചിന്തിച്ച് കിടക്കവേ രാഹുലന്‍ വന്നു. ആ നായക്ക് എന്ത് സംഭവിച്ചിരിക്കും പാപ്പാ …എല്ലാ സിനിമയിലും മനുഷ്യനാണ് പ്രാധാന്യം. മറ്റ് ജീവികള്‍ക്ക് എന്ത് എന്ന് അന്വേഷിക്കേണ്ടതില്ലെന്ന് ഞാന്‍. പണ്ട് മനുഷ്യര്‍ മൃഗതുല്യരായിരുന്നെന്ന് പാപ്പന്‍ തന്നെയല്ലേ ഞങ്ങള്‍ക്ക് പറഞ്ഞുതന്നതെന്ന് രാഹുലനും.

മോഹന്‍ലാലും കുടുംബവും ജയിലില്‍ പോയാല്‍ അതിനാര് ഭക്ഷണം കൊടുക്കും.ഇതെന്ത് ന്യായമാണ്. അവരും ഈ ഭൂമിയുടെ അവകാശികളല്ലേ.രാഹുലന്‍ ശബ്ദം താഴ്‌ത്തി പറഞ്ഞു എനിക്ക് ഉറങ്ങാനാകുന്നില്ല പാപ്പാ…
ഞാനവന്റെ കണ്ണുകളിലേക്ക് നോക്കി. അവന്‍ കരയുകയാണോ…

അവന്റെ കണ്ണുകള്‍ അസാധാരണമായി തിളങ്ങുന്നുണ്ടായിരുന്നു.ഏറേ നേരം കഴിഞ്ഞിട്ടും അവന്‍ നെറ്റിചുളിച്ച് എന്നെ നോക്കിയെന്നല്ലാതെ എനിക്ക് ഒരുത്തരവും കൊടുക്കാന്‍ കഴിഞ്ഞില്ല. കാലം മാറും സിനിമാ ലോകവും അതിലഭിനയിക്കുന്നവരും.

പക്ഷേ മനുഷ്യന്റെ വേഷ പകര്‍ച്ചയിലുള്ള കഥാപാത്രങ്ങള്‍ തലമുറകളിലേക്ക് പ്രവഹിച്ചു കൊണ്ടേയിരിക്കും അതില്‍ നായയ്‌ക്കും നരിക്കും നരനുമേല്‍ പോകാനാകില്ല എന്ന് പറയണമെന്നുണ്ടായിരുന്നു. പക്ഷേ അവന്റെ ആശങ്കക്കുമുന്നില്‍ ഞാനൊന്നു പതുങ്ങി. ഒരു എഐ ക്കും സൃഷ്ടിക്കാനാകാത്ത വിധത്തിലുള്ള എന്റെ മുഖഭാവം കണ്ടിട്ടാകാം അവന്‍ പതിയെ മുറിയില്‍ നിന്ന് പോയി…

പിറ്റേന്ന് രാഹുലന്‍ വന്ന് വിളിച്ചാണ് ഞാനുണര്‍ന്നത്. അവന്റെ കണ്ണുകള്‍ അപ്പോഴും തിളങ്ങുന്നുണ്ടായിരുന്നു.
ചോദ്യങ്ങളുടെ ഒരു മുന എനിക്ക് നേരെ വരുന്നുണ്ടോ? രാഷ്‌ട്രീയത്തിലെ പയറ്റുകളില്‍ ആശാനായതുകൊണ്ട് എന്റെ തലച്ചോറിനകത്തുള്ള പ്രത്യേക പദാര്‍ത്ഥം പ്രവര്‍ത്തിക്കുകയും അവനെ സാന്ത്വനിപ്പിക്കാനുള്ള വാക്കുകള്‍ പുറത്തു ചാടുകയും ചെയ്തു.

നമുക്ക് ഇന്ന് തന്നെ നായക്കുട്ടിയെ വാങ്ങിയാലോ എന്ന എന്റെ ചോദ്യത്തിനുള്ള ഉത്തരം അവന്റെ മുഖത്തെ ട്യൂബ് ലൈറ്റ് പ്രകാശമായിരുന്നു.

അപ്പോള്‍ നായയെ വാങ്ങാന്‍ തീരുമാനമായി..
വാട്‌സാപ്പ് വഴി ചിത്രങ്ങള്‍ തുരുതുരാ വന്നുതുടങ്ങി..
രേഷ്മ ഓരോ നായകൂട്ടിക്കും ഒപ്പം ലൗ ചിഹ്നം കൂടി ഇട്ടപ്പോള്‍ ഏത് വാങ്ങണം എന്ന ആശങ്കയായി.
അവസാനം ഒന്നിലെത്തി.

അങ്ങനെ ആ ചരിത്ര സംഭവം നടന്നു.
വീട്ടില്‍ അവളെത്തി. കറുത്തു മെലിഞ്ഞ അവളെ ഞാന്‍ തന്നെ കാര്‍ത്തു എന്നു വിളിച്ചു.

സ്‌നേഹം കൊണ്ട് അവള്‍ വീട്ടിലെ കാത്തുവായി…അല്ലെങ്കിലും ഇതില്‍ പേരിന് എന്ത് പ്രസക്തി…കാത്തുവിന്റെ ബാല്യ കൗമാരങ്ങളെല്ലാം പെട്ടന്നായതുപോലെ. അത്രമേല്‍ സ്‌നേഹം കൊടുത്തതുകൊണ്ട് ദിവസങ്ങള്‍ക്കും മാസങ്ങള്‍ക്കും കാറ്റിന്റെ വേഗമായിരുന്നു. ഞങ്ങളുടെ സ്‌നേഹത്തിനൊപ്പം സഞ്ചരിച്ചതു കൊണ്ടാകാം ഒരുന്മാദിയെപ്പോലെ അവള്‍ ഞങ്ങളുടെ വീടിന്റെ നാലതിരുകള്‍ക്കുള്ളല്‍ തുള്ളിചാടി ചില ചാട്ടങ്ങള്‍ മതിലിനപ്പുറത്തേക്കുമായി..
മതില്‍ക്കടന്നുള്ള ചാട്ടങ്ങളില്‍ ഏട്ടന്റെ ശാസനയും ചൂരല്‍ പ്രയോഗവും കൂടി വന്നു.

ഉണ്ണികുട്ടന്റെ സൈക്കിള്‍ ബെല്ലും എന്റെ സ്‌കൂട്ടിയുടെ ശബ്ദവും അവളുടെ ഹൃദയമിടുപ്പു പോലെ ചേര്‍ന്നു പോയി. ഗേയ്റ്റിനു പുറത്തേ ഓരോ ശബ്ദത്തിനനുസരിച്ച് അവള്‍ക്ക് കുരയ്‌ക്കാനറിയാമായിരുന്നു. ഭാഷയുടെയും ദേശത്തിന്റെയും സംസ്‌കാരത്തിന്റെയും അതിരുകള്‍ ഭേദിച്ച് ഒരു ജീവി നമ്മേ എങ്ങനെ സ്വാധീനിക്കുന്നു എന്നുള്ളതായിരുന്നു എന്റെ ചിന്ത. ബല്‍ജിയം ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട ഒരു ശ്വാന വര്‍ഗമാണ് ബല്‍ജിയം മെലിനോയ്‌സ്. ലോക രാജ്യങ്ങളിലെ പ്രധാന കമാന്‍ഡോ സംഘങ്ങളുടെയെല്ലാം അവിഭാജ്യഘടകമാണ് ഇവളെന്ന് ഗൂഗിളമ്മായിയുടെ ഉത്തരവും കണ്ടപ്പോള്‍ അത്ഭുതമായി.

ഏതോ ഭൂഖണ്ഡത്തില്‍ ജനിച്ച് എല്ലാ പരിമിതികളേയും അതിജീവിച്ചു കൊണ്ട് മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട പോലെ അവള്‍ എന്റെ വീട്ടിലെത്തി. അമ്മ മുറ്റമടിക്കുമ്പോള്‍ അവളൊപ്പം നടന്ന് സ്‌നേഹിച്ച് കീറിയ സാരികള്‍ അടുക്കളയിലെ തുടത്തുണികളായിമാറി…

രേഷ്മ അവളെ കുളിപ്പിച്ചു. രാഹുലന്‍ റാഗി കുറുക്കിയതും റോയല്‍കെനിയും ചേര്‍ത്ത് അവളുടെ വയറുനിറച്ചു. ഉണ്ണികുട്ടന്‍ കണ്ണിറുക്കിച്ചിരിച്ചു കൊണ്ടിരുന്നെങ്കിലും ഭയത്തിന്റെ നിഴല്‍പോലെ അവള്‍ക്കുമുന്നില്‍ ചാടിമാറി. കഴിഞ്ഞ ഓണത്തിന് അവള്‍ക്ക് ഇലയില്‍ ചോറുവിളമ്പി.

എല്ലാ കറികളുംകൂട്ടി ഇല നക്കിത്തുടച്ച് വൃത്തിയാക്കി. മൃഗങ്ങളും ഒരിക്കല്‍ മനുഷ്യരായിരുന്നു. അക്കാര്യം മറന്നപ്പോള്‍ അവ മൃഗങ്ങളാകാന്‍ തുടങ്ങിയെന്ന് പണ്ടൊരിക്കല്‍ വായിച്ചതോര്‍ത്തു. ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു നടന്ന അളോട് ‘ഞാന്‍ മരിച്ചാല്‍ പുലയുള്ളവരാണ് നിങ്ങള്‍’ എന്ന് ആത്മകഥയില്‍ പി.കുഞ്ഞിരാമന്‍ നായര്‍ വേലിപൂക്കളോട് പറഞ്ഞതുപോലെ അവളെ തഴുകിക്കൊണ്ട് പറയുവാന്‍ തോന്നി.
വര്‍ത്തമാനം എന്നത് നമ്മള്‍ മനുഷ്യര്‍ക്ക് മാത്രമല്ലെന്നുള്ളത്. മനസിലേക്കെത്തിയത് ഓരോ കാര്യം പറയുമ്പോഴുള്ള അവളുടെ തലയാട്ടലില്‍ നിന്ന് എനിക്കുറപ്പായും ഊഹിക്കാമായിരുന്നു.

ഒരോ ദിവസവും അവള്‍ മതിലിനപ്പുറത്തെ കാഴ്ചകള്‍ക്കായി തലയുയര്‍ത്തുകയും ചിലപ്പോഴൊക്കെ മതില്‍ക്കടന്ന് പോകുകയും വേഗം തന്നെ തിരിച്ചെത്തുകയും ചെയ്തു. ഓരോ പോക്കിലും അവളുടെ ഭാവങ്ങള്‍ക്ക് ഓരോ മാറ്റങ്ങളുള്ളതായി തോന്നി. ഏട്ടന്റെ അടിയും ശാസനയും കൂടുകയും അവള്‍ കയര്‍ത്തു കുരക്കുകയും ചെയ്തു. അപ്പോഴെല്ലാം ഞാന്‍ മധ്യസ്ഥനായി ഇടപെട്ടു. അവള്‍ വാലാട്ടി എന്നെ വരവേറ്റു.
ഒരു സ്വപ്‌നത്തിലാണ് എല്ലാറ്റിന്റെയും തുടക്കം.അന്തരീക്ഷത്തിന് വെളിച്ചം കുറവായിരുന്നു. ഒരു മഴയ്‌ക്കുള്ള കോളുണ്ടോ എന്ന സംശയം. ആകാശം മൂടിക്കെട്ടി ഇരുട്ട് പരന്ന പോലെ.

കാത്തു ഗേറ്റും കടന്ന് ഓടുകയാണ്. കൂടെ ഞാനും. തൊട്ടടുത്ത ആള്‍താമസമില്ലാത്ത വീട്ടുപറമ്പില്‍ സാധാരണ ഗേറ്റ് പൂട്ടിക്കിടക്കുകയാണ് പതിവ്.

അതിന്ന് ആരോ മലര്‍ക്കേ തുറന്നിട്ടിരിക്കുന്നു.
ഒറ്റ കുതിപ്പിന് കാത്തു ആ പറമ്പിലെത്തി. നിറയേ നായ്‌ക്കളുടെ ബഹളം. ചെറുതും വലുതുമായ പട്ടിക്കുഞ്ഞുങ്ങള്‍ ഓരിയിട്ടു കൊണ്ടേയിരുന്നു. മേലുമുഴുവന്‍ മുറിവുകളുമായി കാത്തു വേച്ചുവേച്ചു വന്നു. എന്നെ കണ്ടതും അവള്‍ വാലാട്ടി നില്‍ക്കുന്നു. എന്റെ ഉള്ളില്‍ ഒരു തെളിനീരുറവ പൊടിച്ച് പരന്ന് അവളെ നനച്ചു. അവളെന്നെ നക്കി. അവളുടെ പുളിമണം എന്നെയൊന്ന് പ്രദക്ഷിണം ചെയ്തു.

ഒരു കൂട്ടം നായ്‌ക്കള്‍ ഓടിവരുന്നു. ഞാന്‍ വീട്ടിലേക്കോടി. പിന്നാലെ അവരും. വീടിന്റെ ചവിട്ടുപടിയില്‍ കാല്‍ തട്ടി ഞാന്‍ വീണു. കോമ്പല്ലും തുറുകണ്ണുകളുമായി അവരെന്നില്‍ വിളയാടി. അമ്മേയെന്നുറക്കെ അലറി. സ്വപ്‌നത്തില്‍ നിന്നുണര്‍ന്നു.

പിറ്റന്നാള്‍ ചെറിയൊരു പനി. നിലയ്‌ക്കാത്ത ചുമയും. നാലുദിവസം മുന്‍പേ കാര്‍ത്തു നടത്തിയ സ്‌നേഹപ്രകടനത്തിലെ മാന്തല്‍ മുറിവുകള്‍ക്ക് ചുകപ്പ് രാശി ഇത്തിരി കൂടിയ പോലെ. കടയിലെ ജോലിത്തിരക്കുകള്‍ കഴിഞ്ഞ് വീട്ടില്‍ വന്നു കയറിയതും കിടക്കയിലേക്ക് മറിഞ്ഞതും മാത്രമേ എനിക്ക് ഓര്‍മ്മയുള്ളൂ.. തുള്ളി പനിയായിരുന്നു. കമ്പിളിയിട്ടു മൂടിയിട്ടും നിലയ്‌ക്കാത്ത തുള്ളി പനി. എന്നെ കാണാഞ്ഞ് മൂന്ന് ദിവസം എന്റെ റൂമിന്റെ ജനലരികില്‍ വന്നവള്‍ കുരച്ചു കൊണ്ടിരിന്നു. കരയുമ്പോള്‍ നുറുങ്ങിത്തെറിച്ച വാക്കുകള്‍ പോലെ ജനല്‍ ചില്ലില്‍ അവളുടെ പതയുള്ള ഉമിനീര്‍ നനഞ്ഞു.
എന്റെ തലയ്‌ക്കുള്ളില്‍ ഒരു മതില്‍ക്കെട്ട് ഇടിഞ്ഞ് പൊളിഞ്ഞ് വീഴുന്നതു പോലെ. കൈവിരലുകള്‍ വിറയ്‌ക്കുകയാണോ? വെപ്രാളം കൊള്ളുകയാണോ. മൂക്കിലൂടെ വലിക്കുന്നതും തള്ളുന്നതും തീക്കാറ്റാണോ.

ജീവശ്വാസം എന്നെ വിട്ടകലുകയാണെന്ന തോന്നല്‍. വെറിയും വെപ്രാളവും പിടിച്ച് റൂമില്‍ തലങ്ങും വിലങ്ങും നടന്നു. എന്റെ നിഴലുകള്‍ക്ക് പോലും കാര്‍ത്തുവിന്റെ രൂപം. ജനലരികില്‍ ആരൊക്കെയോ എന്നേ നോക്കി നില്‍ക്കുന്നു. അവര്‍ നിലവിളിക്കുന്നുണ്ടോ..
വല്ലാത്ത ദാഹം. ഒരു കപ്പ് വെള്ളം കുടിയ്‌ക്കണം.വാതില്‍ തുറക്കാനാകുന്നില്ല. അത് പൂട്ടിയിരിക്കുന്നു.
അമ്മേ…
എന്റെ നിലവിളിയില്‍ ആരും വിളികേട്ടില്ല..
അന്നോളം കേള്‍ക്കാത്ത ശബ്ദങ്ങള്‍ ചെവിയിലേക്കിരച്ചുകയറുന്നു. എന്റെ വീട്ടിനു ചുറ്റും നായ്‌ക്കള്‍ ഓരിയിട്ടു. ആ ഓരിയുടെ അലയൊടുങ്ങിയതാണോ, എന്റെ ശരീരം വാര്‍ന്നതാണോ എന്നറിയില്ല. എന്നിലെ ഞാന്‍ ചോര്‍ന്നുപോയിരിക്കുന്നു….

By admin