ഇരുപത് വര്‍ഷത്തിനിടെ രാജ്യത്ത് കഠിനമായ ചൂട് മൂലം 34,000-ത്തിലധികം ആളുകള്‍ മരിച്ചതായി പഠനം. കടുത്ത ചൂടിനൊപ്പം കൊടും തണുപ്പും മരണത്തിനിടയാക്കി. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെയും (IMD) നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെയും (NCRB) 2001 മുതല്‍ 2019 വരെയുള്ള വര്‍ഷങ്ങളിലെ ഡാറ്റ പരിശോധിച്ചാണ് ഒപി ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പഠനം നടത്തിയത്.
2001 മുതല്‍ 2019 വരെയുള്ള വര്‍ഷങ്ങളില്‍ 19,693 പേര്‍ ഉഷ്ണാഘാതം മൂലം മരിച്ചപ്പോള്‍, 15,197 പേര്‍ തണുപ്പ് കൂടിയത് മൂലം മരിച്ചു. കടുത്ത താപനിലയില്‍ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവരെ സംരക്ഷിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ടെമ്പറേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഗവേഷകര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ചൂട് മൂലമുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ദീര്‍ഘനേരം ചൂടില്‍ നിന്ന് ജോലി ചെയ്യേണ്ടിവരുന്ന പുരുഷന്മാരാണ് മരിച്ചവരില്‍ അധികവും. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളെയാണ് തണുപ്പ് ഏറ്റവും കൂടുതല്‍ ബാധിച്ചത്.