സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധയിടങ്ങളില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. കോഴിക്കോട് ചേവായൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരം വീണു. ആളപായമില്ല. പ്രദേശത്ത് വന്‍ ഗതാഗതകുരുക്കുണ്ട്. എറണാകുളം കളമശ്ശേരിയില്‍ ഓട്ടോക്ക് മുകളില്‍ മരം കടപുഴകി വീണു. ബസ് കാത്തിരിപ്പ് കേന്ദ്രം, ഓട്ടോ സ്റ്റാന്‍ഡ് എന്നിവയ്ക്ക് മുന്നിലാണ് മരം വീണത്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചുമാറ്റി. ആര്‍ക്കും പരിക്കില്ല.
അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിലും മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ആലപ്പുഴ തലവടിയില്‍ വീടിനു മുകളില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. ഇരുപതില്‍ചിറ ഗീതാകുമാരിയുടെ വീടിന് മുകളിലേക്കാണ് ആഞ്ഞിലി മരം കടപുഴകി വീണത്.
വൈകുന്നേരത്തോടെ പെയ്ത കനത്തമഴയിലും കാറ്റിലും കൊല്ലം കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പാര്‍ക്കിംഗ് ഗ്രൗണ്ടിലെ പന്തല്‍ പൊളിഞ്ഞുവീണു. പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ക്ഷേത്രോത്സവത്തിന് സ്ഥാപിച്ചിരുന്ന പന്തലാണ് തകര്‍ന്ന് വീണത്.