മുംബൈ : 700 വർഷമായി ആചരിക്കുന്ന കനിഫ്‌നാഥ് മഹാരാജ് യാത്ര വേളയിൽ മുസ്ലീം വ്യാപാരികൾ പ്രവർത്തിക്കുന്നത് വിലക്കി പാസാക്കിയ പ്രമേയത്തിന് മന്ത്രി നിതീഷ് റാണയുടെ പിന്തുണ . പ്രമേയം ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ തീരുമാനം സ്റ്റേ ചെയ്യുകയും നടപടിക്രമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തെങ്കിലും ഹിന്ദുക്കളെ വെല്ലുവിളിച്ചാൽ സംസ്ഥാനത്തുട നീളം ഇത്തരം തീരുമാനം നടപ്പാക്കുമെന്നും നിതീഷ് റാണ പറഞ്ഞു.
“മഹാരാഷ്‌ട്രയിൽ ഒരു ഹിന്ദുത്വ സർക്കാർ അധികാരത്തിലുണ്ടെന്ന് ബിഡിഒ ഓർമ്മിക്കണം. മാധി ഗ്രാമപഞ്ചായത്ത് പാസാക്കിയ പ്രമേയം അദ്ദേഹം സ്റ്റേ ചെയ്തിട്ടുണ്ടെങ്കിലും, ഗ്രാമങ്ങൾ വീണ്ടും അത് പാസാക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. എല്ലാ ഗ്രാമവാസികളും പ്രമേയത്തിൽ ഒപ്പുവച്ചാൽ, ബിഡിഒ അത് എങ്ങനെ നിരസിക്കും.പ്രഖ്യാപനം ചരിത്രപരമാണെന്നും “ നിതീഷ് റാണ പറഞ്ഞു.
“ഗ്രാമത്തിലെ കടുത്ത ഹിന്ദുത്വ അനുകൂലികൾ ഉണർന്നിരിക്കുന്നു. ഗ്രാമസഭയുടെ തീരുമാനം രാജ്യത്തിന് ദിശാബോധം നൽകും. ഹിന്ദുക്കളെ വെല്ലുവിളിച്ചാൽ, മഹാരാഷ്‌ട്രയിലുടനീളം ഇത്തരമൊരു തീരുമാനം എടുക്കും. ” നിതീഷ് റാണ പറഞ്ഞു.
നിരോധനം ഏർപ്പെടുത്തുന്ന അത്തരമൊരു പ്രമേയം പാസാക്കാൻ ഗ്രാമസഭയ്‌ക്ക് ഭരണഘടനാപരമായ അവകാശങ്ങളുണ്ടെന്ന് മന്ത്രി രാധാകൃഷ്ണ വിഖെ-പാട്ടീൽ പറഞ്ഞു. ‘ സുപ്രീം കോടതി ഗ്രാമസഭയുടെ അവകാശങ്ങൾ അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള എല്ലാ ക്ഷേത്രങ്ങളും മറ്റ് ഹിന്ദു മത സ്ഥാപനങ്ങളും സമാനമായ നടപടികൾ സ്വീകരിക്കണം‘ രാധാകൃഷ്ണ വിഖെ-പാട്ടീൽ പറഞ്ഞു
മുസ്ലീം വ്യാപാരികൾ ഹിന്ദു പാരമ്പര്യങ്ങൾ അവഗണിക്കുന്നുവെന്നും , ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തുന്നുവെന്നും അതുകൊണ്ടാണ് ഇത്തരമൊരു പ്രമേയം പാസാക്കിയതെന്നും ഗ്രാമ സർപഞ്ച് സഞ്ജയ് മർകാദ് പറഞ്ഞു.നവനാഥ് സമ്പ്രദായ വിഭാഗത്തിലെ ആദരണീയനായ കനിഫ്‌നാഥിനെ അനുസ്മരിക്കുന്ന പുണ്യ പരിപാടി മാർച്ച് 19 ന് മാധിയിൽ നടക്കും.