റായ്പൂര്‍: സ്ത്രീയെ കന്യകാത്വ പരിശോധനയ്‌ക്ക് വിധേയയാകാന്‍ നിര്‍ബന്ധിക്കുന്നത് ഭരണഘടന ലംഘനമാണെന്ന് ഛത്തിസ്ഗഡ് ഹൈക്കോടതി. ഭരണഘടനയുടെ 21-ാം അനുച്ഛേദത്തില്‍ പൗരന്റെ മൗലികാവകാശങ്ങള്‍ ഉറപ്പ് നല്‍കുന്നുണ്ട്. സ്ത്രീയുടെ കന്യകാത്വ പരിശോധനയ്‌ക്ക് വിധേയമാകാന്‍ നിര്‍ബന്ധിക്കുന്നത് മൗലികാവകാശ ലംഘനമാണ്. ഭാര്യയെ കന്യകാത്വ പരിശോധനയ്‌ക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ടുള്ള ഭര്‍ത്താവിന്റെ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ഈ പ്രസ്താവന.
ഭാര്യക്ക് മറ്റൊരു വ്യക്തിയുമായി അടുപ്പമുണ്ടെന്നും അതിനാല്‍ ഭാര്യയെ കന്യകാത്വ പരിശോധനയ്‌ക്ക് വിധേയയാക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഇടക്കാല ഹര്‍ജി കുടുംബകോടതി നിരസിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കന്യകാത്വ പരിശോധനയ്‌ക്ക് അനുമതി നല്‍കുന്നത് മൗലികാവകാശങ്ങള്‍ക്കും, സ്വാഭാവിക നീതിയുടെ അടിസ്ഥാന തത്വങ്ങള്‍ക്കും സ്ത്രീയുടെ വ്യക്തിപരമായ അന്തസിനും എതിരാണെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് അരവിന്ദ് കുമാര്‍ വര്‍മ പറഞ്ഞു. 2024 ഒക്ടോബര്‍ 15 നാണ് ഹര്‍ജി കുടുംബകോടതി തള്ളിയത്.
അതേസമയം ഭര്‍ത്താവിന് ലൈംഗികശേഷിയില്ലെന്നും അതിനാല്‍ വൈവാഹികബന്ധം തുടരാനാകില്ലെന്ന് പറഞ്ഞ് ഭാര്യയും കോടതിയെ സമീപിച്ചിട്ടുണ്ട്. ഭാര്യയുടെ ഈ ആരോപണം അടിസ്ഥാനമില്ലെന്ന് തെളിയിക്കണമെന്നുണ്ടെങ്കില്‍ ഭര്‍ത്താവിന് അനുബന്ധ പരിശോധനകള്‍ക്ക് വിധേയമാകാം. അല്ലെങ്കില്‍ മറ്റേതെങ്കിലും തെളിവ് ഹാജരാക്കുകയോ ചെയ്യാം. അല്ലാതെ അനുകൂലമായ തെളിവുകള്‍ക്കായി കന്യകാത്വ പരിശോധനയ്‌ക്കായി ഭാര്യയെ നിര്‍ബന്ധിക്കാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു. ഹര്‍ജിക്കാരനും എതിര്‍കക്ഷിയും ആരോപിക്കുന്ന കാര്യങ്ങളില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ തീരുമാനം കൈക്കൊള്ളാനാകൂവെന്നും ജസ്റ്റിസ് വര്‍മ കൂട്ടിച്ചേര്‍ത്തു.