• Tue. Aug 5th, 2025

24×7 Live News

Apdin News

കന്യാസ്ത്രീകളുടെ ജയില്‍ മോചനം: രാജീവ് ചന്ദ്രശേഖറിന് നന്ദി പറയാന്‍ ക്രൈസ്തവ നേതാക്കള്‍ എത്തിയത് കേക്കുമായി

Byadmin

Aug 4, 2025



തിരുവനന്തപുരം:ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജയില്‍ മോചനത്തിനായി ശക്തമായ ഇടപെടല്‍ നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് നന്ദി പറഞ്ഞ് ക്രൈസ്തവ നേതാക്കള്‍.സംസ്ഥാന കാര്യാലയമായ മാരാര്‍ജി ഭവനിലേക്ക് കേക്കുമായാണ് ക്രൈസ്തവ നേതാക്കള്‍ എത്തിയത്.

വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മ ആക്ട്‌സിന്റെ പ്രതിനിധികളാണ് ബിജെപി സംസ്ഥാനാധ്യക്ഷനെ കണ്ട് നന്ദി പറഞ്ഞത്.ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അതിരൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാത്യൂസ് മോര്‍ സില്‍വാനിയോസ്, ആക്ട്‌സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍, ട്രഷറര്‍ സാജന്‍ വേളൂര്‍ (മാര്‍ത്തോമാ സഭ), റവ. ഷെറിന്‍ ദാസ് (സിഎസ്‌ഐ), ഡെന്നിസ് ജേക്കബ് (കെഎംഎഫ് പെന്തകോസ്ത് ചര്‍ച്ച്),ലെഫ്. കേണല്‍ സാജു ദാനിയല്‍, ലെഫ്. കേണല്‍ സ്‌നേഹ ദീപം (സാല്‍വേഷന്‍ ആര്‍മി ), റവ. ബി.ടി. വറുഗീസ്, റവ. യേശുദാസന്‍ എന്നിവരാണ് മാരാര്‍ജി ഭവന്‍ സന്ദര്‍ശിച്ചത്.

മനുഷ്യക്കടത്തും മതപരിവര്‍ത്തനവും നടത്തിയെന്ന കേസില്‍ കന്യാസ്ത്രീകളായ പ്രീതി മേരി, വന്ദന ഫ്രാന്‍സിസ് എന്നിവരാണ് ഛത്തീസ്ഗഡില്‍ അറസ്റ്റിലായത്. ഒന്‍പത് ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് കന്യാസ്ത്രീകള്‍ക്ക് ബിലാസ്പുരിലെ പ്രത്യേക എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചത്.

കന്യാസ്ത്രീകളുടെ അറസ്റ്റ് വിഷയം രാഷ്‌ട്രീയവത്കരിച്ച് ബി ജെ പിക്കെതിരെ ക്രൈസ്തവരെ തിരിച്ചു വിടാനാണ് പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസും സി പി എമ്മും ശ്രമിച്ചത്. ഇത് മൂലം കന്യാസ്ത്രീകളുടെ മോചനം വൈകി.

 

By admin