ബിലാസ്പൂർ: ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ച് ബിലാസ്പൂർ എൻഐഎ കോടതി. 50,000 രൂപയുടെ രണ്ട് ആൾജാമ്യം നൽകുന്നതിനൊപ്പം 50,000 രൂപയുടെ ബോണ്ടും പാസ്പോർട്ട് കെട്ടിവയ്‌ക്കണമെന്നുമുള്ള ഉപധികളോടെയാണ് ജാമ്യം അനുവദിച്ചത്. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് സിറാജുദ്ദീൻ ഖുറേഷിയാണ് വിധി പറഞ്ഞത്. നടപടികൾ പൂർത്തീകരിച്ച് രണ്ടു പേരും ഇന്നു തന്നെ ജയിൽ മോചിതരാവും
സഭാ നേതൃത്വം ആവശ്യപ്പെട്ടപ്പോൾ തന്നെ ബിജെപി പ്രശ്നത്തിൽ ഇടപെടുകയായിരുന്നു. ജാമ്യാപേക്ഷയെ എതിര്‍ത്തെങ്കിലും പ്രതിഭാഗം ഉന്നയിച്ച വാദങ്ങള്‍ക്കതിരായ നിലപാട് പ്രോസിക്യൂഷന്‍ സ്വീകരിച്ചില്ല. പെണ്‍കുട്ടികളുടെ പ്രായം തെളിയിക്കുന്ന രേഖകള്‍, മാതാപിതാക്കളുടെ മൊഴി, മതപരിവര്‍ത്തന കുറ്റം നിലനില്‍ക്കില്ല തുടങ്ങിയ വാദങ്ങളാണ് പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചത്. ഇതിലൊന്നും പ്രോസിക്യൂഷന്‍ എതിര്‍പ്പ് രേഖപ്പെടുത്തിയില്ല. കന്യാസ്ത്രീകളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ ഇല്ലായെന്നും പ്രോസിക്യൂഷന്‍ മറുപടി നല്‍കി.
കഴിഞ്ഞ ഒമ്പത് ദിവസമായി സിസ്റ്റര്‍ പ്രീതി മേരിയും സിസ്റ്റര്‍ വന്ദനാ ഫ്രാന്‍സിസുമാണ് ഛത്തീസ്ഗഢിലെ ദുര്‍ഗ് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നത്. അതേസമയം പ്രോസിക്യൂഷന്‍ കന്യാസ്ത്രീകള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടും കേരളത്തില്‍ കോണ്‍ഗ്രസ്, സി പി എം നേതാക്കള്‍ വസ്തുതകള്‍ വളച്ചൊടിച്ച് ബിജെപിയെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. കന്യാസ്ത്രീകള്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് കേരളത്തില്‍ നിന്നുളള എം പിമാര്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ലെന്നായിരുന്നു വിമര്‍ശനം.