
ന്യൂദല്‍ഹി:53 പേരുടെ മരണത്തിനിടയാക്കിയ 2020ലെ ദല്‍ഹി കലാപത്തെക്കുറിച്ച് ദൃശ്യത്തിലെ ജോര്‍ജ്ജ് കുട്ടി മോഡല്‍ വാദവുമായി സുപ്രീംകോടതി അഭിഭാഷകന്‍ കപില്‍ സിബല്‍. ഉമര്‍ഖാലിദ് എന്ന ജെഎന്‍യുവിലെ വിദ്യാര്‍ത്ഥിനേതാവ് ദല്‍ഹി കലാപം നടക്കുമ്പോള്‍ ദല്‍ഹിയിലേ ഇല്ലായിരുന്നുവെന്നാണ് കപില്‍ സിബല്‍ സുപ്രീംകോടതിയില്‍ വാദിച്ചത്.
സിമി ഭീകരവാദിയായ ഉമര്‍ഖാലിദിനെയാണ് ദല്‍ഹി കലാപത്തിന്റെ മുഖ്യആസൂത്രകനായി കണക്കാക്കുന്നത്. നേരത്തെ ദല്‍ഹി ഹൈക്കോടതിയില്‍ ഈ കേസില്‍ ദല്‍ഹി പൊലീസിന് വേണ്ടി ഹാജരായ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അമിത് പ്രസാദ് ആ കലാപനാളുകളില്‍ ഉമര്‍ഖാലിദ് നടത്തിയ അമരാവതിയിലെ പ്രസംഗം അന്ന് തെളിവായി ചൂണ്ടിക്കാട്ടിയിരുന്നു. ഈ പ്രസംഗത്തില്‍ പൗരത്വവിരുദ്ധപ്രക്ഷോഭം, ദേശീയ പൗരത്വ രജിസ്ട്രി എന്നിവയെക്കുറിച്ച് മാത്രമല്ല, ബാബറി മസ്ജിദ്, മുത്തലാഖ് എന്നീ വിഷയങ്ങള്‍ കൂടി വൈകാരികമായി അവതരിപ്പിച്ച് ഒരു പ്രത്യേക സമുദായത്തെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഈ കലാപ നാളുകളില്‍ ഉമര്‍ഖാലിദ് നടത്തിയ മറ്റൊരു പ്രസംഗം കുപ്രസിദ്ധമാണ്. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുമായി കൂട്ടിയോജിപ്പിക്കുന്ന സിലിഗുരി എന്ന 22 കിലോമീറ്റര്‍ മാത്രം വീതിയുള്ള ഭൂപ്രദേശത്തില്‍ മാര്‍ഗ്ഗതടസ്സങ്ങള്‍ ഉണ്ടാക്കുമെന്നും അങ്ങിനെ ഈ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തും എന്നുമായിരുന്നു ഉമര്‍ഖാലിദിന്റെ ഈ കുപ്രസിദ്ധ പ്രസംഗം. നഗ്നമായ വിഘടനവാദമാണ് ഇയാള്‍ പ്രസംഗിച്ചത്. ബംഗ്ലാദേശിലെ ഇസ്ലാമിക തീവ്രവാദികള്‍ പ്രസംഗിക്കുന്ന അതേ രീതിയിലായിരുന്നു ഉമര്‍ഖാലിദിന്റെ ഈ പ്രസംഗം. ദല്‍ഹിയില്‍ നടന്ന ഈ ഹിന്ദുവിരുദ്ധ കലാപത്തില്‍ പ്രഥമദൃഷ്ട്യാ ഉമര്‍ഖാലിദ് കുറ്റവാളിയാണെന്ന് ബോധ്യപ്പെട്ടതിനാലാണ് അന്ന് ദല്‍ഹി സെഷന്‍സ് കോടതിയും പിന്നീട് ദല്‍ഹി ഹൈക്കോടതിയും ജാമ്യം നിഷേധിച്ചത്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ജയിലില് കഴിയുന്ന ദല്‍ഹികലാപത്തിന് നേതൃത്വം നല്‍കിയ ജെഎന്‍യു കാമ്പസിലെ ഇടത് വിദ്യാര്‍ത്ഥിനേതാക്കളായ ഉമര്‍ഖാലിദ്, ഷെര്‍ജീല്‍ ഇമാം, ഗുല്‍ഫിഷ ഫാത്തിമ എന്നിവരുടെയും മീരാന്‍ ഹൈദര്‍, ഷിഫ ഉര്‍ റഹ്മാന്‍, മുഹമ്മദ് സലിം ഖാന്‍ എന്നിവരുടെയും ജാമ്യത്തിനായി കഴിഞ്ഞ ദിവസം കപില്‍ സിബല്‍ വാദിച്ച രീതിയായിരുന്നു ഇത്. ഇവരെ ആറ് പേരെയും യുഎപിഎ ചുമത്തിയാണ് ജയിലില്‍ അടച്ചിരുന്നത്. ഇവരുടെ കുറ്റങ്ങള്‍ ഗൗരവതരമാണെന്ന് കാട്ടി സെപ്തംബര്‍ രണ്ടിന് ദല്‍ഹി ഹൈക്കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയതിന് ശേഷമാണ് ഇപ്പോള്‍ കപില്‍ സിബലും അഭിഷേക് മനു സിംഘ് വിയും മറ്റും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
സെപ്തംബര്‍ 22ന് സുപ്രീംകോടതി പൊലീസിനോട് ഈ കേസ് സംബന്ധിച്ച് സത്യവാങ്മൂലം ആവശ്യപ്പെട്ടു. ഇതിന് മറുപടി നല്‍കാന്‍ ഒക്ടോബര്‍ 27വരെ സമയം നല്‍കാന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഉമര്‍ഖാലിദ്, ഷെര്‍ജീല്‍ ഇമാം, ഗുല്‍ഫിഷ ഫാത്തിമ, മീരാന്‍ ഹൈദര്‍, ഷിഫ ഉര്‍ റഹ്മാന്‍, മുഹമ്മദ് സലിം ഖാന്‍ എന്നിവര്‍ക്കായി കപില്‍ സിബല്‍ അഭിഷേക് മനു സിംഘ്വി, സിദ്ധാര്‍ത്ഥ് ദാവേ എന്നിവരാണ് ഹാജരായത്. പ്രധാനകുറ്റവാളികളില്‍ ഒരാളായ ഉമര്‍ഖാലിദില്‍ നിന്നും ആയുധമോ, പണമോ മറ്റ് തെളിവുകളോ കണ്ടെടുത്തില്ലെന്നാണ് കപില്‍ സിബല്‍ വാദിച്ചത്. “കലാപം നടന്ന ദിവസങ്ങളില്‍ ഞാന്‍ ദല്‍ഹിയില്‍ ഉണ്ടായിരുന്നില്ല. ഞാന്‍ എന്തെങ്കിലും അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി സാക്ഷിമൊഴികള്‍ ഒന്നും ഇല്ല”- ഇതാണ് ഉമര്‍ഖാലിദിന്റെ വാദമായി കപില്‍ സിബല്‍ സുപ്രീംകോടതിയില്‍ ഉയര്‍ത്തിക്കാട്ടിയത്.
“വലിയ ഗൂഢാലോചന നടന്നു എന്നാണ് പൊലീസ് പറയുന്നത്. ആകെ 751 എഫ് ഐ ആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒന്നില്‍ എന്റെ പേരും ഉണ്ട്. അതിനര്‍ത്ഥം ഞാനും കലാപകാരിയാണ് എന്നല്ലേ. ഇത് ശരിക്കും ആശ്ചര്യകരമായ ഒരു സംഗതിയാണ്.” – കലാപത്തെ നിസ്സാരവല്‍ക്കരിച്ച് കപില്‍ സിബല്‍ വാദിച്ചു.
അതേ സമയം ദല്‍ഹി പൊലീസിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്. വി. രാജു പ്രതികള്‍ കുറ്റം അര്‍ഹിക്കുന്നു എന്ന് കോടതില്‍ വാദിച്ചു. “ഈ പ്രതികള്‍ക്കാര്‍ക്കും ജാമ്യം നല്‍കരുതെന്ന നിലപാട് ആവര്‍ത്തിച്ചു. ഭരണമാറ്റത്തിനാണ് ഈ പ്രതികള്‍ ശ്രമിച്ചത്. അതിന് പൗരത്വ വിരുദ്ധ പ്രക്ഷോഭം മറയാക്കി. ഇതിനെ മതമൗലികവാദം ഊര്‍ജ്ജിതപ്പെടുത്താനുള്ള ഉപാധിയാക്കി. അതുവഴി രാജ്യത്തുടനീളം വര്‍ഗ്ഗീയ കലാപമുണ്ടാക്കി ഭരണം അട്ടിമറിക്കാനാണ് ഈ പ്രതികള്‍ ശ്രമിച്ചത്.” – ദല്‍ഹി പൊലീസിന്റെ സത്യവാങ്ങ്മൂലപ്രകാരം എസ്.വി. രാജു വാദിച്ചു.
2020ല്‍ ദല്‍ഹിയില്‍ 53 പേരുടെ മരണത്തില്‍ കലാശിച്ച കലാപം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കലാപമായിരുന്നുവെന്നാണ് ദല്‍ഹി പൊലീസ് തയ്യാറാക്കിയ 389 പേജുകളുള്ള സത്യവാങ്മൂലത്തില്‍ പറയുന്നത്. 2020 ഫെബ്രുവരി 23ന് പൊട്ടിപ്പുറപ്പെട്ട കലാപം ഒരാഴ്ചയോളം നീണ്ടു. സ്വാഭാവികമായി പൊട്ടിപ്പുറപ്പെട്ട യുവാക്കളുടെ കലാപം എന്ന് വരുത്തിതീര്‍ക്കാനായിരുന്നു ശ്രമം എങ്കിലും കൃത്യമായ ആസൂത്രണത്തോടെ നടക്കപ്പെട്ട ഭരണമാറ്റം ലക്ഷ്യമാക്കിയുള്ള കലാപമായിരുന്നു ഇതെന്ന് പറയുന്നു.
ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ നടന്നു, കടകള്‍ കത്തിച്ചു, നിരവധി പേര്‍ കൊല്ലപ്പെട്ടു…നരേന്ദ്രമോദി സര്‍ക്കാരിന് ക്രമസമാധാനം പാലിക്കാന്‍ കഴിയുന്നില്ലെന്നും മുസ്ലിങ്ങള്‍ സുരക്ഷിതരല്ലെന്നും വരുത്തുകയായിരുന്നു ലക്ഷ്യം.
വടക്ക് കിഴക്കന്‍ ദല്‍ഹിയിലെ പല സ്ഥലങ്ങളിലെയും ഉയരം കൂടിയ കെട്ടിടത്തിന് മുകളില്‍ പെട്രോള്‍ ബോംബുകള്‍ സൂക്ഷിച്ച ഇവര്‍ ഇടവേളകളില്‍ ഇത് താഴേക്ക് എറിഞ്ഞ് കൃത്രിമമായി തീപിടിത്തം സൃഷ്ടിക്കുന്നതിന്റെ വീഡിയോകളും ദല്‍ഹി പൊലീസിന്റെ പക്കല്‍ ഉണ്ട്. പെട്രോള്‍ ബോംബുകളും ആസിഡ് ബോംബുകളും മാത്രമല്ല, വളരെ വലിയ ആയുധങ്ങളും ഇവര്‍ സൂക്ഷിച്ചിരുന്നു. രഹസ്യവിവരങ്ങള്‍ തേടിപ്പോയ ഉദ്യോഗസ്ഥര്‍ അന്ന് കൊല്ലപ്പെടുകയും ചെയ്തതായി പറയുന്നു. അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്ന ദിവസങ്ങളിലാണ് ഇവര്‍ കലാപം ആസൂത്രണം ചെയ്തത്. അതോടെ ഈ കലാപം അന്താരാഷ്ടമാധ്യമങ്ങളില്‍ വാര്‍ത്തയാകുമെന്നും മോദി സര്‍ക്കാര്‍ താഴെ വീഴുമെന്നും കലാപകാരികള്‍ കരുതുകയായിരുന്നു. ദല്‍ഹിയിലെ മിക്ക കാമ്പസുകളിലും കലാപം നടന്നു. ബംഗാള്‍, മഹാരാഷ്‌ട്ര, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലും അക്രമാസക്ത പ്രക്ഷോഭങ്ങള്‍ അരങ്ങേറി. ദല്‍ഹി പൊലീസ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ് മൂലത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.