
സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു സമയത്ത് താരറാണി പട്ടം അലങ്കരിച്ചിരുന്ന അഭിനേത്രിയാണ് മീന. മലയാളത്തിലേയും തമിഴിലേയും ഒട്ടുമിക്ക സൂപ്പർസ്റ്റാറുകൾക്കൊപ്പവും മീന നായികയായി സ്ക്രീൻ സ്പേസ് പങ്കിട്ടിട്ടുണ്ട്. നടിയുടെ സിനിമാ ജീവിതത്തിൽ ഏറ്റവും കൂടുതൽ സൂപ്പർ ഹിറ്റായ സിനിമകളിൽ ഒന്ന് കമൽഹാസന്റെ അവ്വൈ ഷൺമുഖിയാണ്. 1996ൽ പുറത്തിറങ്ങിയ സിനിമ ഇന്നും ക്ലാസിക്ക് ചിത്രമായാണ് പരിഗണിക്കപ്പെടുന്നത്.
സിനിമയിൽ ചുംബനരംഗം അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുന്ന മീനയുടെ വീഡിയോയാണ് വൈറലാകുന്നത്. കമൽഹാസൻ സിനിമകളിൽ ചുംബനരംഗം ഉണ്ടാകുമെന്നത് നായികയായി അഭിനയിക്കാമെന്ന് സമ്മതിച്ച സമയത്ത് ഓർത്തില്ലെന്ന് മീന പറയുന്നു. ഭയത്തോടെയാണ് അഭിനയിച്ചതെന്നും കരച്ചിലായിരുന്നുവെന്നും മീന പറയുന്നു.
കമൽ സാറിന്റെ സിനിമയാണെങ്കിൽ തീർച്ചയായും ലിപ് ടു ലിപ് കിസ്സിങ് സീനുണ്ടാകും. പക്ഷെ അവ്വൈ ഷൺമുഖിയിൽ അഭിനയിക്കാമെന്ന് കരാർ ഒപ്പിട്ട സമയത്ത് എനിക്ക് അത് ഓർമയുണ്ടായിരുന്നില്ല. രണ്ടാമത്തെ ദിവസം പാർക്കിൽ വെച്ച് കമൽ സാറുമായി സംസാരിക്കുന്ന സീനായിരുന്നു എടുത്തത്. അസിസ്റ്റന്റ് ഡയറക്ടർ എന്റെ അടുത്ത് വന്ന് കിസ്സിങ് സീനാണ് എടുക്കാൻ പോകുന്നതെന്ന് മാത്രം പറഞ്ഞു.
ഞാൻ ആകെ ഭയപ്പെട്ടു. അയ്യോ കിസ്സിങ് സീനാണോ… ഇതേ കുറിച്ച് ഞാൻ ആലോചിച്ചതേയില്ലല്ലോ… എങ്ങനെ ഞാൻ ഈ സീൻ ചെയ്യും എന്നൊക്കെയുള്ള ചിന്തയായി. കിസ്സിങ് സീനുകളോട് ഞാൻ യൂസ്ഡ് അല്ല. മാത്രമല്ല കംഫർട്ടബിളുമല്ല. എനിക്ക് ഇത് ചെയ്യാൻ കഴിയില്ല. അമ്മ ഒന്ന് സംവിധായകനോട് ഇക്കാര്യം സംസാരിക്കാമോയെന്ന് ഞാൻ ചോദിച്ചു.
കാരണം എനിക്ക് അദ്ദേഹത്തോട് സംസാരിക്കാൻ കഴിയില്ല. കെ.എസ് രവികുമാർ സാറായിരുന്നു സംവിധായകൻ. അദ്ദേഹം വളരെ ഡോമിനേറ്റിങ് സ്വഭാവമുള്ളയാളാണ്. അമ്മയും ഞാനും ഇക്കാര്യം പറയാൻ അദ്ദേഹത്തെ സമീപിക്കാൻ ഒരുങ്ങും മുമ്പ് ഷോട്ട് റെഡിയെന്ന് അനൗൺസ്മെന്റ് വന്നു. അതുകൂടി കേട്ടതോടെ ഞാൻ കരച്ചിലായി. കണ്ണുകൾ നിറഞ്ഞ് ഒഴുകി.
ലിപ് ലോക്ക് രംഗത്തോട് എനിക്ക് ഒട്ടും യോജിപ്പില്ല. എനിക്ക് അത് ചെയ്യുന്നതിനോടും താൽപര്യമില്ലെന്നുമാണ് അവ്വൈ ഷൺമുഖി ഷൂട്ടിങ് അനുഭവം പങ്കുവെച്ച് മീന പറഞ്ഞത്. ക്രേസി മോഹന്റേത് ആയിരുന്നു അവൈ ഷൺമുഖിയുടെ കഥ. സിനിമയിൽ വയസായ സ്ത്രീയുടെ വേഷത്തിലും കമൽഹാസൻ അഭിനയിച്ചിട്ടുണ്ട്. ഇന്നും അവൈ ഷൺമുഖിക്ക് ആരാധകരുള്ളതിന് പ്രധാന കാരണം സ്ത്രീ വേഷം കെട്ടിയുള്ള ഉലകനായകന്റെ പ്രകടനം തന്നെയാണ്.
അമേരിക്കൻ കോമഡി ഡ്രാമ മിസിസ് ഡൗട്ട്ഫയറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അവ്വൈ ഷൺമുഖി ഒരുക്കിയത്. മിസിസ് ഡൗട്ട്ഫയർ ക്രിസ് കൊളംബസ് സംവിധാനം ചെയ്ത് 1987ലാണ് റിലീസ് ചെയ്തത്. ആനി ഫൈൻ എഴുതിയ മാഡം ഡൗട്ട്ഫയർ എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ്. മിസിസ് ഡൗട്ട്ഫയർ എന്ന സിനിമ. റോബിൻ വില്യംസ് ആയിരുന്നു നായകനായി അഭിനയിച്ചത്.
അദ്ദേഹം ചിത്രത്തിന്റെ നിർമ്മാതാവും കൂടിയായിരുന്നു. സ്റ്റാർ ട്രെക്ക് പരമ്പരയിലൂടെ പ്രശസ്തനായ മേക്കപ്പ് ആർട്ടിസ്റ്റായ മൈക്കൽ ജോർജ്ജ് വെസ്റ്റ്‌മോർ, കെ.എം ശരത്കുമാർ എന്നിവർ ചേർന്നാണ് കമൽഹാസനെ അവ്വൈ ഷൺമുഖിയായി മാറ്റിയെടുത്തത്. കഥാപാത്രത്തിന് വേണ്ടി മേക്കപ്പ് ചെയ്യാൻ അഞ്ച് മണിക്കൂറാണ് എടുത്തിരുന്നത്.
മാത്രമല്ല ആ മേക്കപ്പ് അഞ്ച് മണിക്കൂർ മാത്രമെ നിണ്ടുനിൽക്കുമായിരുന്നുള്ളു. അതുകൊണ്ട് തന്നെ വളരെ അധികം ശ്രമകരമായ ജോലിയായിരുന്നു അവ്വൈ ഷൺമുഖി ഗെറ്റപ്പിൽ കമൽഹാസന്റെ സീനുകൾ ചിത്രീകരിക്കുക എന്നത്. പിന്നീട് അവ്വൈ ഷൺമുഖി ചാച്ചി 420 എന്ന പേരിൽ ബോളിവുഡിൽ റീമേക്ക് ചെയ്തു. സംവിധായകനായി ബോളിവുഡിൽ കമൽഹാസന്റെ അരങ്ങേറ്റം കൂടി ഈ സിനിമയിലൂടെ സംഭവിച്ചു.