
മുംബൈ : മുംബൈയിലെ ആർമി ആസ്ഥാനത്തെ കേണലിന്റെ ക്യാബിനിനുള്ളിൽ നിന്ന് ആയുധങ്ങളും വെടിയുണ്ടകളും മോഷ്ടിച്ച പ്രതികളെ മുംബൈ ക്രൈം ബ്രാഞ്ച് പിടികൂടി. മുംബൈ ക്രൈം ബ്രാഞ്ച് യൂണിറ്റ് 12 ലെ സംഘം മലാഡ് പ്രദേശത്തുനിന്ന് കേണലിന്റെ പിസ്റ്റളും 9 വെടിയുണ്ടകളും 450 ഗ്രാം വെള്ളിയും 3 ലക്ഷം രൂപയും പ്രതികൾക്കൊപ്പം കണ്ടെടുത്തു.
മുഖ്യപ്രതിയും മറ്റ് മൂന്ന് പേരും പിൻവാതിലിലൂടെ സൈനിക ആസ്ഥാനത്ത് കയറി മോഷണം നടത്തിയതായി ഒരു മുതിർന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ പറഞ്ഞു. മോഷണം നടത്തിയ ശേഷം എല്ലാ പ്രതികളും ഗോവയിലേക്ക് പോയി. മോഷ്ടിച്ച പണവുമായി ഗോവയിൽ ചിലവാക്കിയ ശേഷം മുംബൈയിലേക്ക് മടങ്ങിയെത്തിയപ്പോൾ പ്രതികൾ പിടിയിലാകുകയായിരുന്നു.
പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ്. ഇയാളെ ജുവനൈൽ ഹോമിലേക്ക് അയച്ചിട്ടുണ്ട്. അറസ്റ്റിലായ മോഷ്ടാക്കൾ കുപ്രസിദ്ധരാണെന്നും വളരെക്കാലമായി മോഷണം നടത്തുന്നവരാണെന്നും ക്രൈംബ്രാഞ്ച് പറയുന്നു. ഈ മോഷ്ടാക്കൾ കുരാർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് താമസിക്കുന്നത്. അറസ്റ്റിലായ പ്രതികൾക്കെതിരെ കുരാർ പോലീസ് സ്റ്റേഷനിൽ നിരവധി മോഷണ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.