• Thu. Jan 8th, 2026

24×7 Live News

Apdin News

കരുതലിന്റെ കരമാകും സക്ഷമ

Byadmin

Jan 7, 2026



കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണല്ലോ അതിരപ്പള്ളിയില്‍ ഒരാനക്കൂട്ടത്തിലെ തുമ്പിക്കരമില്ലാത്ത കുട്ടിയാനയുടെ നൊമ്പരപ്പെടുത്തുന്ന ദൃശ്യം നമ്മുടെ ശ്രദ്ധയിലേക്ക് വന്നത്. തീറ്റയെടുക്കാനും ജലപാനത്തിനും മറ്റും അനിവാര്യമായ തുമ്പിക്കരം ആനകളെ സംബന്ധിച്ച് എത്ര പ്രധാനമെന്ന് നമുക്കറിയാം. അതുകൊണ്ടു തന്നെ ഈ ആനക്കുട്ടിക്ക് ദീര്‍ഘായുസ് ഉണ്ടാവില്ലെന്നാണ് ഈ മേഖലയിലെ വിദഗ്‌ദ്ധരടക്കം വിലയിരുത്തിയത്. എന്നാല്‍ നമ്മെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് ആ ആനക്കുട്ടിക്ക് മറ്റാനകളെല്ലാം പാലകരായി. തങ്ങളുടെ കരുതലാകുന്ന തുമ്പിക്കരം കൊണ്ട് ആനക്കൂട്ടം തുമ്പിക്കൈയില്ലാത്തതിന്റെ കുറവറിയിക്കാതെ ആ കുട്ടിയാനയെ ചേര്‍ത്ത് നിര്‍ത്തി. വര്‍ഷങ്ങള്‍ക്കിപ്പുറവും നല്ല ആരോഗ്യത്തോടെ ആനക്കൂട്ടത്തോടൊപ്പം സഞ്ചരിക്കുന്ന ആ കുട്ടിയാനയെ നാം അടുത്തിടെയും കണ്ടു. മിത്രതയുടെ അര്‍ത്ഥവും ആഴവുമാണ് വനം നമ്മുടെ മുമ്പില്‍ നേര്‍ക്കാഴ്ചയായി അവതരിപ്പിച്ചത്.

വനത്തില്‍ നിന്ന് കരുതലിന്റെ കാഴ്ചകള്‍ വരുമ്പോള്‍ നാട്ടില്‍ നാം കാണുന്നതെന്താണ്? കഴിഞ്ഞ മാസം വടക്കന്‍ കേരളത്തില്‍ നിന്ന് അതീവ ദുഃഖകരമായ വാര്‍ത്ത നാം കേട്ടു. ഭിന്നശേഷിയുള്ള മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയിട്ട് ആത്മഹത്യ ചെയ്ത അമ്മയുടെ വാര്‍ത്തയായിരുന്നു അത്. ഗുരുതര ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടുപോകുന്നുണ്ടോ എന്ന ചോദ്യമാണ് ഈ സംഭവം നമ്മുടെ മുമ്പില്‍ ഉയര്‍ത്തുന്നത്. കേരളത്തില്‍ മാത്രം പത്ത് ലക്ഷത്തിലധികം പേരാണ് ഭിന്നശേഷിത്വം കൊണ്ടുള്ള വിവിധ വെല്ലുവിളികളെ നേരിടുന്നത്. ഇത്രയും വലിയൊരു ജനാവലിയെ ചേര്‍ത്തുനിര്‍ത്താന്‍ ഒരു സമൂഹമെന്ന നിലയില്‍ നാമെന്താണ് ചെയ്യുന്നത്?

ഭിന്നശേഷിയുള്ളവര്‍ പരിമിതികളും വെല്ലുവിളികളും നേരിടുന്നത് ശാരീരിക ബൗദ്ധിക മാനസിക അവസ്ഥകള്‍ കൊണ്ടു മാത്രമല്ല. ഉദാഹരണത്തിന് അരയ്‌ക്ക് കീഴ്‌പോട്ട് ചലനശേഷി നഷ്ടപ്പെട്ട ഒരാള്‍ക്ക് ഒരു ചക്രക്കസേരയും അത് കടന്നു പോകും വിധം വീടിനുള്‍വശം ക്രമീകരിക്കുകയും ചെയ്താല്‍ വീടിനുള്ളിലെ തന്റെ സഞ്ചാര പരിമിതിയെ മറികടക്കാന്‍ സാധിക്കും. ഒരു റാമ്പ് കൂടി സജ്ജീകരിച്ചാല്‍ അതേ ചക്രക്കസേരയില്‍ വീടിന് പുറത്തേക്കും വരാനാകും. ഇലക്ട്രിക്ക് വീല്‍ചെയര്‍ അല്ലെങ്കില്‍ മുച്ചക്ര വാഹനം ലഭിക്കുന്ന പക്ഷം പരിമിതികളെ മറികടന്ന് വീടിനു പുറത്തേക്കും ആ വ്യക്തിക്ക് കടന്നുവരാനാകും. ഇത്രയും കാര്യങ്ങള്‍ ഒരു പക്ഷെ ഭിന്നശേഷിയുള്ളയാള്‍ക്കോ അദ്ദേഹത്തിന്റെ കുടുംബത്തിനോ ഒരുക്കാന്‍ സാധിക്കും. എന്നാല്‍ വീല്‍ചെയറില്‍ പുറത്തേക്ക് വരുന്നയാളിന് സഞ്ചരിക്കാനാവും വിധമുള്ള റോഡുകള്‍ നാട്ടില്‍ ലഭ്യമാണോ? വീല്‍ചെയറിലിരുന്നുതന്നെ ഉള്ളില്‍ പ്രവേശിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ബസും ട്രെയിനും ഉള്‍പ്പടെയുള്ള ഗതാഗത സംവിധാനങ്ങള്‍ നിലവില്‍ നാട്ടിലുണ്ടോ? നാട്ടിലുള്ള എത്ര കെട്ടിടങ്ങളില്‍ വീല്‍ചെയറുമായി പ്രവേശിക്കാനാകും? പൊതുജനങ്ങള്‍ എത്തുന്ന എത്ര കെട്ടിടങ്ങള്‍ക്ക് ലിഫ്റ്റുകളും റാമ്പുകളുമുണ്ട്? എത്ര സ്‌കൂളുകള്‍, കോളേജുകള്‍ ആരാധനാലയങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവ ഭിന്നശേഷി സൗഹൃദമാണ്? ചലന പരിമിതിയുള്ള ഒരാള്‍ക്ക് തന്റെ പരിമിതിയെ ഒരു പരിധിവരെ ഉപകരണ സഹായത്താല്‍ മറികടക്കാന്‍ സാധിക്കുമെന്നത് നിസ്തര്‍ക്കമാണ്. ഉപകരണം കൊണ്ട് തന്റെ പരിമിതിയെ മറികടക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ക്ക് പ്രതിബന്ധം തീര്‍ക്കുന്നതാരാണ്? ആ ദിവ്യാംഗനെക്കൂടി ഉള്‍ക്കൊള്ളാന്‍ മനസ് സജ്ജമാക്കാത്ത സമൂഹമെന്ന് ഉത്തരം.

ഇതുപോലെ കാഴ്ചരഹിതനായ ഒരാള്‍ക്ക് വൈറ്റ് കെയിന്‍ ഉപയോഗിച്ചോ നൂതന മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്താലോ പരിമിതികളെ മറികടക്കാന്‍ ഒരു പരിധിയോളം ഇന്ന് സാധിക്കും. എന്നാല്‍ അങ്ങനെ ഒരാള്‍ സമൂഹത്തിലേക്ക് വരുമ്പോള്‍ കാത്തിരിക്കുന്നത് മൂടിയില്ലാത്ത ഓടകളാണെങ്കില്‍, ഭിന്നശേഷി സൗഹൃദ ടൈലുകള്‍ പതിക്കാതെ നിര്‍മിച്ച നടപ്പാതകളാണെങ്കില്‍, സൂചനകളും നിര്‍ദ്ദേശങ്ങളും ബ്രെയ്ലി ലിപിയില്‍ക്കൂടി രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ എന്ത് സംഭവിക്കും? കാഴ്ചരഹിതരില്‍ ദശലക്ഷക്കണക്കിന് പേര്‍ കോര്‍ണിയയുടെ തകരാറിനാല്‍ കാഴ്ച നഷ്ടപ്പെട്ടവരാണ്. അവര്‍ക്ക് മരണപ്പെട്ടവരുടെ കോര്‍ണിയ ദാനമായി ലഭിച്ചാല്‍ ചെറിയൊരു സര്‍ജറി വഴി കാഴ്ച തിരികെ ലഭിക്കും. പക്ഷെ, ദശലക്ഷങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഭാരതത്തില്‍ ഒരു വര്‍ഷം ആകെ നടക്കുന്നത് അമ്പതിനായിരത്തില്‍ താഴെ നേത്രദാനം മാത്രമാണ്. അതേ സമയം ദിവസവും പതിനായിരക്കണക്കിന് നേത്രങ്ങളാണ് അഗ്‌നിയില്‍ ചാമ്പലാവുകയോ മണ്ണില്‍ മൂടപ്പെടുകയോ ചെയ്യുന്നത്. ഇവിടെയും കാഴ്ചയല്ല ഒരാളെ പരിമിതനാക്കുന്നത്. മറിച്ച് സമൂഹമാണ് അദ്ദേഹത്തെ പരിമിതപ്പെടുത്തുന്നതെന്ന് വ്യക്തം.

ശ്രവണ-സംസാര വെല്ലുവിളി നേരിടുന്നവരെ സംബന്ധിച്ച് ആംഗ്യഭാഷയിലൂടെ അവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും. പക്ഷെ, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഔദ്യോഗിക പരിപാടികളില്‍ പോലും ആംഗ്യഭാഷാ പരിഭാഷയില്ല. രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനപ്പെട്ടവര്‍ സംസാരിക്കുന്നത് തത്സമയം ചെയ്യുമ്പോഴും തത്സമയ ആംഗ്യഭാഷാ പരിഭാഷ ഇപ്പോഴും ലഭ്യമാകുന്നില്ല. ബൗദ്ധിക വെല്ലുവിളി നേരിടുന്നവര്‍ക്ക് തെറാപ്പി നല്‍കാനുള്ള സംവിധാനവും ഇന്‍ക്ലൂസീവ് സ്‌കൂളുകളും, നൈപുണ്യ പരിശീലനവും നല്‍കിയാല്‍ ഒരു നിശ്ചിത ശതമാനം ദിവ്യാംഗരെയെങ്കിലും മുന്നോട്ട് കൊണ്ടുവരാന്‍ സാധിക്കും. പക്ഷെ, അത്തരം സൗകര്യങ്ങള്‍ ഇന്നും നമ്മുടെ നാട്ടില്‍ ലഭ്യമല്ല. രക്ഷിതാക്കള്‍ക്ക് പ്രായമാകുമ്പോള്‍, അല്ലെങ്കില്‍ അവരുടെ കാലശേഷം ബൗദ്ധിക വെല്ലുവിളി നേരിടുന്നവരെ സംരക്ഷിക്കാന്‍ പര്യാപ്തമായ സൗകര്യങ്ങള്‍ ഇന്നും നാം ഒരുക്കിയിട്ടില്ല. ദിവ്യംഗയായ മകളുടെ ജീവനെടുത്ത് സ്വയം ജീവനൊടുക്കുന്ന സമ്മര്‍ദത്തിലേക്ക് ഒരമ്മക്ക് പോകേണ്ടിവന്നത് ഈ സാഹചര്യത്തിലാണ്.
യഥാര്‍ത്ഥത്തില്‍ തങ്ങളുടെ ശാരീരികമായ അവസ്ഥകളല്ല ദിവ്യംഗ സമൂഹം നേരിടുന്ന യഥാര്‍ത്ഥ വെല്ലുവിളിയെന്നും അവരെ ഉള്‍ക്കൊള്ളുന്നതില്‍ സമൂഹം പുലര്‍ത്തുന്ന അലംഭാവമാണ് പ്രധാന പരിമിതിയെന്നും നാം തിരിച്ചറിയണം.

ഇവിടെയാണ് രാഷ്‌ട്രീയ സ്വയംസേവക സംഘത്തില്‍നിന്നു പ്രേരണയുള്‍ക്കൊണ്ട് 2008 ല്‍ പ്രവര്‍ത്തനമാരംഭിച്ച് ഭിന്നശേഷി ക്ഷേമത്തിനായി ദേശീയ തലത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സക്ഷമ മുന്നോട്ട് വയ്‌ക്കുന്ന ദിവ്യാംഗ മിത്രമെന്ന ആശയത്തിന്റെ പ്രസക്തി. തുമ്പിക്കരമില്ലാത്ത ആനക്കുട്ടിയെ സംരക്ഷിക്കുന്ന അതിരപ്പിള്ളിയിലെ ആനക്കൂട്ടം കാട്ടിത്തന്നതുപോലെ നമുക്കും ദിവ്യാംഗ സമൂഹത്തോട് മിത്രത പുലര്‍ത്താനാ
കണം. നമ്മുടെയൊക്കെ സൗഹൃദ വൃന്ദത്തില്‍ കാഴ്ചരഹിതരോ, കേള്‍വി രഹിതരോ, സംസാര രഹിതരോ, ചലന പരിമിതരോ, ബൗദ്ധിക വെല്ലുവിളി നേരിടുന്നവരോ എത്രപേരുണ്ടെന്ന് ആത്മപരിശോധന നടത്തുമ്പോഴാണ് ഈ ആശയത്തിന്റെ പ്രാധാന്യം കൂടുതല്‍ ബോധ്യപ്പെടുക.

ദിവ്യാംഗ സമൂഹത്തോടുള്ള കരുതല്‍ എല്ലാവരിലും സൃഷ്ടിച്ച് ഏവരെയും രാഷ്‌ട്രവൈഭവ സാധനയില്‍ പങ്കാളികളാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സക്ഷമ പ്രവര്‍ത്തിക്കുന്നത്. ഇതിലേക്ക് സക്ഷമയുടെ നേതൃത്വത്തില്‍ നടക്കുന്ന തെറാപ്പി സെന്ററുകള്‍, ആശ്രയ സ്ഥാപനങ്ങള്‍, ദിവ്യംഗസേവാ കേന്ദ്രങ്ങള്‍, പ്രതിമാസ പെന്‍ഷനുകള്‍, സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍, നേത്രദാന പ്രവര്‍ത്തനങ്ങള്‍, സഹായ ഉപകരണങ്ങളുടെ വിതരണം, ചികിത്സാ സഹായം സ്വയം തൊഴില്‍ പരിശീലനം, ബോധവത്കരണ പരിപാടികള്‍ ഉള്‍പ്പെടെയുള്ള വിവിധങ്ങളായ സേവന പ്രവര്‍ത്തനങ്ങളില്‍ എല്ലാവരെയും പങ്കാളികളാക്കാന്‍ സക്ഷമ ആഗ്രഹിക്കുന്നു.

എല്ലാ വര്‍ഷവും ജനുവരി 4 മുതല്‍ ആരംഭിച്ച് ഒരു മാസം നീണ്ടുനില്‍ക്കുന്ന നിധി സമാഹരണം കൂടി ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തന പദ്ധതിയാണ് ദിവ്യാംഗമിത്രം. വരുന്ന വര്‍ഷത്തെ സക്ഷമയുടെ വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി 500 രൂപ സമര്‍പ്പിച്ച് ഏതൊരാള്‍ക്കും ദിവ്യാംഗമിത്രമാകാം. നിധി സമാഹരണത്തിനപ്പുറം ഓരോ വ്യക്തിയിലും അതുവഴി സമൂഹത്തിലും ദിവ്യാംഗ സോദരരോട് കരുതലുള്ള മനസ്സ് സൃഷ്ടിക്കലാണ് ഈ പദ്ധതിയിലൂടെ സക്ഷമ ലക്ഷ്യമിടുന്നത്. കേവലം ദിവ്യംഗരെ മാത്രം സക്ഷമരാക്കാനുള്ള സംഘടനയല്ല സക്ഷമ. മറിച്ച് ദിവ്യാംഗ സമൂഹത്തെ ഉള്‍ക്കൊളളാന്‍ സമൂഹത്തെ സക്ഷമമാക്കുന്നതിനും വേണ്ടിയാണ് അതിന്റെ പ്രവര്‍ത്തനം.

ഒരു വാക്കുപോലും പറയാതെ തന്റെ ആത്മമിത്രമായ കുചേലന്റെ സങ്കടങ്ങളറിഞ്ഞു പരിഹരിച്ച ശ്രീകൃഷ്ണ ഭഗവാനെ മിത്രതയുടെ ആഴം പറയാന്‍ നാം ഉദാഹരിക്കാറുണ്ടല്ലോ. ഇവിടെയും സ്ഥിതി സമാനമാണ്. നമ്മെ കാണാനും കേള്‍ക്കാനും, നമ്മോട് ഉരിയാടാനും, നമ്മുടെയരികിലെത്താനും സാധിക്കാത്തവരാണ് ദിവ്യാംഗ സോദരര്‍. ഒന്നും പറയാതെ തന്നെ പ്രിയ സോദരരുടെ സങ്കടങ്ങളറിഞ്ഞു ചേര്‍ന്ന് നില്‍ക്കുമ്പോഴാണല്ലോ നാം യഥാര്‍ത്ഥത്തില്‍ ആ സമൂഹത്തിന്റെ മിത്രമാകുക.

By admin