കൊല്ലം : കരുനാഗപ്പള്ളി സന്തോഷ് കൊലക്കേസില്‍ പ്രധാന പ്രതികള്‍ പിടിയില്‍. പ്രതികളായ മൈന ഹരി, പ്യാരി എന്നിവരാണ് പിടിയിലായത്. മാവേലിക്കര തഴക്കരയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇതോടെ കേസില്‍ മൂന്ന് പേര്‍ പിടിയിലായി.
നേരത്തേ കേസുമായി ബന്ധപ്പെട്ട് ക്വട്ടേന്‍ സംഘത്തിലുള്ള അയ്യപ്പന്‍ എന്നയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൊലയ്ക്കുപയോഗിച്ച വാഹനത്തിന്റേത് വ്യാജ നമ്പറാണെന്ന് പൊലീസ് കണ്ടെത്തയിട്ടുണ്ട്. കേസിലെ ഒന്നാം പ്രതിയായ അലുവ അതുല്‍ ഇന്നലെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടിരുന്നു. ഇയാള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞ 27നാണ് ജിം സന്തോഷ് എന്നറിയപ്പെടുന്ന ഗുണ്ടാ നേതാവ് സന്തോഷ് കൊല്ലപ്പെടുന്നത്. കറന്റ് ഓഫ് ചെയ്ത ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകര്‍ത്ത ശേഷമാണ് ഗുണ്ടാസംഘം അകത്തുകടന്നത്. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞിരുന്നു.