കരൂര്‍ ദുരന്തത്തിന് ശേഷം മൗനം വെടിഞ്ഞ് പ്രതികരണവുമായി ടിവികെ അധ്യക്ഷന്‍ വിജയ്. മനസില്‍ വേദന മാത്രമെന്നും ഇത്രയും വേദന മുന്‍പുണ്ടായിട്ടില്ലെന്നും അപകടത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും വിജയ് പറഞ്ഞു.
കുറ്റമെല്ലാം തന്റെ മേലില്‍ ആരോപിക്കാമെന്നും പ്രവര്‍ത്തകരെ വെറുതെ വിടണമെന്നും വീഡിയോ സന്ദേശത്തില്‍ വിജയ് കൂട്ടിച്ചേര്‍ത്തു. ‘സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നത്. ഞാനും മനുഷ്യനാണ്. ഇത്രയും ആളുകള്‍ക്ക് ദുരിതം ബാധിക്കുമ്പോള്‍ എങ്ങനെയാണ് എനിക്ക് നാടുവിട്ട് വരാനാവുക. ചില പ്രത്യേക സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് അവിടേക്ക് വരാതിരുന്നത്. പരിക്ക് പറ്റിയവരെ എത്രയും വേഗം കാണും. വേദനയില്‍ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി. നേതാക്കള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും എല്ലാം നന്ദി. അഞ്ച് ജില്ലകളില്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. കരൂരില്‍ മാത്രം എന്തുകൊണ്ട് ഇത് സംഭവിച്ചു?. പൊതുജനങ്ങള്‍ക്ക് എല്ലാ സത്യവും മനസിലാകും. ജനങ്ങള്‍ എല്ലാം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. ജനങ്ങള്‍ സത്യം വിളിച്ചു പറയുമ്പോള്‍ ദൈവം ഇറങ്ങി വന്ന് സത്യം വിളിച്ചു പറയുന്നതുപോലെ തോന്നി. തെറ്റൊന്നും ചെയ്തിട്ടില്ല. എന്നിട്ടും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സമൂഹമാധ്യമങ്ങളില്‍ സംസാരിച്ചവര്‍ക്കുമെതിരെ കേസെടുത്തു’.- വിജയ് പറഞ്ഞു
സംഭവത്തില്‍ കരൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ടിവികെ നേതാക്കളെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഒളിവിലുള്ള ടിവികെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുള്‍പ്പെടെയുള്ള നേതാക്കള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. തങ്ങള്‍ പൊലീസിനോട് കാര്യങ്ങളെല്ലാം വിശദീകരിച്ചതാണെന്നും എന്നാല്‍ വേണ്ട സുരക്ഷയൊരുക്കിയില്ലെന്നും ടിവികെ നേതാക്കള്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ പൊലീസ് നല്‍കിയ 11 നിര്‍ദേശങ്ങള്‍ ടിവികെ പാലിച്ചില്ലെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.
മനഃപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള കേസുകള്‍ ചേര്‍ത്താണ് നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒളിവിലുള്ള നേതാക്കള്‍ക്കായി തിരച്ചിയില്‍ പ്രത്യേക അന്വേഷണ സംഘം തിരച്ചില്‍ നടത്തിയിരുന്നു. ഡിഎംകെ നേതാക്കള്‍ അട്ടിമറി നടത്തിയെന്ന ആരോപണവും ടിവികെ ഉന്നയിക്കുന്നുണ്ട്.