കരൂരില്‍ ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിച്ച സംഭവത്തില്‍ മനംനൊന്ത് ടിവികെയുടെ പ്രാദേശിക നേതാവ് ജീവെനാടുക്കി. വില്ലുപുരം സ്വദേശി വി അയ്യപ്പനാണ് ആത്മഹത്യ ചെയ്തത്. തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. കരൂര്‍ ദുരന്തത്തിന് ഉത്തരവാദി ഡിഎംകെ (ദ്രാവിഡ മുന്നേറ്റ കഴകം) നേതാവ് സെന്തില്‍ ബാലാജിയാണെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ആത്മഹത്യാ കുറിപ്പില്‍ ആവശ്യപ്പെടുന്നുണ്ട്. ഡിഎംകെയ്ക്ക് പുറമെ ദുരന്തത്തില്‍ പൊലീസിനും ഉത്തരവാദിത്തമുണ്ടെന്ന് അയപ്പന്‍ ആത്മഹത്യാ കുറിപ്പില്‍ ആരോപിച്ചു.
ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കരൂരില്‍ വിജയ്യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ മരിച്ചത്. നിശ്ചയിച്ചതിലും ആറ് മണിക്കൂര്‍ വൈകി വൈകിട്ട് ഏഴ് മണിയോടെയായിരുന്നു വിജയ് പരിപാടിക്ക് എത്തിയത്. വിജയ് പ്രസംഗം ആരംഭിച്ച് അല്‍പസമയം കഴിഞ്ഞപ്പോള്‍ തന്നെ ആളുകള്‍ തളര്‍ന്നുതുടങ്ങി. വിജയ് ആളുകള്‍ക്ക് കുപ്പി വെള്ളം എറിഞ്ഞുനല്‍കിയതോടെ ആളുകള്‍ കുപ്പി പിടിക്കാന്‍ തിരക്ക് കൂട്ടിയതാണ് ദുരന്തിന് ഇടയായത്. പിന്നാലെ പ്രസംഗം അവസാനിപ്പിച്ച് വിജയ് സ്ഥലത്ത് നിന്ന് മടങ്ങുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ദുരന്തത്തിന് പിന്നാലെ ഒളിവില്‍ പോയ ടിവികെ നേതാവും കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറിയുമായ മതിയഴകനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് മതിയഴകനെ അറസ്റ്റ് ചെയ്തത്. മനപൂര്‍വ്വമല്ലാത്ത നരഹത്യയുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് മതിയഴകനെതിരെ കേസെടുത്തത്.
ദുരന്തവുമായി ബന്ധപ്പെട്ട് പൊലീസ് തയ്യാറാക്കിയ എഫ്‌ഐആഫില്‍ വിജയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുണ്ട്. കരൂരിലെ വേദിയിലേക്ക് എത്തുന്നത് വിജയ് മനഃപൂര്‍വം വൈകിച്ചെന്നും നിബന്ധനകള്‍ പാലിക്കാതെ സ്വീകരണ പരിപാടികള്‍ നടത്തിയെന്നും എഫ്‌ഐആറിലുണ്ട്.