കര്‍ണാടകയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്ക് പകരം പേപ്പര്‍ ബാലറ്റുകള്‍ ഉപയോഗിക്കാനുള്ള സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തെ ബിജെപി ഭയക്കുന്നത് എന്തിനെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍.
”ഇത് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനമാണ്, എന്തുകൊണ്ടാണ് ബിജെപി ആശങ്കപ്പെടുന്നത്? ഇതൊക്കെ സര്‍ക്കാറിന്റെ കാര്യങ്ങളാണ്. അവരുടെ ഭരണകാലത്തും ഇതേ നിയമം നിലവിലുണ്ടായിരുന്നു. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചോ ഇവിഎമ്മുകള്‍ ഉപയോഗിച്ചോ തെരഞ്ഞെടുപ്പ് നടത്താമെന്ന് നിയമം പറയുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ക്ക് ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കാനാണ് ഞങ്ങളുടെ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. പാര്‍ലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവര്‍ക്ക് ഇഷ്ടമുള്ള ഏത് തീരുമാനവും എടുക്കട്ടെ. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മാത്രമാണ്”-അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇവിഎമ്മിന് പകരം ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ ചെയ്യാന്‍ ഒരുങ്ങുകയാണ് കര്‍ണാടക സര്‍ക്കാര്‍. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം ഇതു സംബന്ധിച്ച് തീരുമാനം എടുത്തിരുന്നു.