• Sat. Mar 22nd, 2025

24×7 Live News

Apdin News

കര്‍ണാടകയില്‍ എംഎല്‍എമാരുടെ ശമ്പളം ഇരട്ടിയാക്കി; നിലവില്‍ മാസം അലവന്‍സുകളടക്കം ഒരു എംഎല്‍എയ്‌ക്ക് ലഭിക്കുന്നത് മൂന്ന് ലക്ഷത്തോളം രൂപ

Byadmin

Mar 22, 2025


ബെംഗളൂരു: കര്‍ണാടകയില്‍ എംഎല്‍എമാരുടെ ശമ്പളം ഇരട്ടിയാക്കി വര്‍ധിപ്പിച്ചു. എംഎല്‍എമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയില്‍ നിന്ന് 80,000 രൂപയാക്കി ഉയര്‍ത്തിയതായി സര്‍ക്കാര്‍ അറിയിച്ചു. മറ്റ് അലവന്‍സുകള്‍ ചേര്‍ത്ത് നിലവില്‍ ഒരു എംഎല്‍എയ്‌ക്ക് മൂന്ന് ലക്ഷത്തോളം രൂപ മാസം ലഭിക്കുന്നുണ്ട്. ശമ്പള വര്‍ധനവ് പ്രാബല്യത്തില്‍ വരുന്നതോടെ ഇത് അഞ്ച് ലക്ഷത്തോളമായി ഉയരും.

മുഖ്യമന്ത്രി, സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, എംഎല്‍എമാര്‍, എംഎല്‍സിമാര്‍ എന്നിവരുടെ ശമ്പളമാണ് വര്‍ധനവാണ് പ്രഖ്യാപിച്ചത്. എംഎല്‍എമാരുടെ ശമ്പള വര്‍ധനവ് കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശമ്പളം ഇരട്ടിയാക്കിക്കൊണ്ടുള്ള പ്രഖ്യാപനമുണ്ടായത്.

സംസ്ഥാന നിയമസഭാംഗങ്ങളുടെ ശമ്പളം 50 ശതമാനം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം കര്‍ണാടക സര്‍ക്കാര്‍ അംഗീകരിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ബിസിനസ് അഡൈ്വസറി കമ്മിറ്റിയും നിയമസഭാംഗങ്ങളുടെയും (എംഎല്‍എ) മന്ത്രിമാരുടെയും ശമ്പളത്തില്‍ 50 ശതമാനം വര്‍ധനവ് അനുവദിച്ചു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള ബിസിനസ് അഡൈ്വസറി കമ്മിറ്റി അടുത്തിടെ നടന്ന ഒരു യോഗത്തില്‍ ശമ്പള വര്‍ധനവ് അംഗീകരിച്ചു.

ഇതോടെ സ്പീക്കര്‍ക്ക് 75,000 രൂപ മുതല്‍ 1,25,000 രൂപ വരെ, മുഖ്യമന്ത്രിക്ക് 75,000 രൂപ മുതല്‍ 1,50,000 രൂപ വരെ, പ്രതിപക്ഷ നേതാവിന് 60,000 രൂപ മുതല്‍ 80,000 രൂപ വരെ, ചീഫ് വിപ്പിന് 50,000 രൂപ മുതല്‍ 70,000 രൂപ വരെ, എംഎല്‍എമാര്‍, എംഎല്‍സിമാര്‍ എന്നിവര്‍ക്ക് 40,000 രൂപ മുതല്‍ 80,000 രൂപ വരെയാണ് ശമ്പള വര്‍ധനവ് ലഭിക്കുക. ഇതിനുപുറമേ വീട്ടുവാടക അലവന്‍സ്: 1.6 ലക്ഷത്തില്‍ നിന്ന് 2.5 ലക്ഷമായി വര്‍ധിപ്പിച്ചു. യാത്രാ അലവന്‍സ്: 60,000 രൂപയില്‍ നിന്ന് 80,000 ആയി വര്‍ധിപ്പിച്ചു.

വാര്‍ഷിക റെയില്‍വേ- വിമാന നിരക്ക്: 2.5 ലക്ഷത്തില്‍ നിന്ന് 3.5 ലക്ഷമായി വര്‍ധിപ്പിച്ചു. മണ്ഡല അലവന്‍സ്: 60,000 ല്‍ നിന്ന് 1.1 ലക്ഷമായി വര്‍ധിപ്പിച്ചു. മെഡിക്കല്‍ അലവന്‍സ്: 2,500 ല്‍ നിന്ന് 10,000 ആയി. സംസ്ഥാനത്ത് സാമ്പത്തിക ബാധ്യത ഉയര്‍ന്ന തോതില്‍ തുടരുമ്പോഴാണ് എംഎല്‍എമാരുടെ ശമ്പളത്തില്‍ ഇരട്ടി വര്‍ധനയുണ്ടാകുന്നത്.



By admin