കര്‍ണാടകയില്‍ നിന്നും എംഡിഎംഎ കടത്തുന്ന ആംബുലന്‍സ് ഡ്രൈവര്‍ കണ്ണൂരില്‍ പിടിയില്‍. കായക്കൂല്‍ പുതിയപുരയില്‍ വീട്ടില്‍ കെ പി മുസ്തഫ (37) യാണ് 430 മില്ലിഗ്രാം എംഡിഎംഎയുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായത്. തളിപ്പറമ്പ് കണ്ടിവാതുക്കലില്‍നിന്നാണ് ഇയാളെ പിടിച്ചത്.
കര്‍ണാടകയിലെ ആശുപത്രിയിലേക്ക് രോഗികളുമായി പോകുന്നതിന്റെ മറവിലാണ് ഇയാള്‍ മയക്കുമരുന്ന് കടത്തിയിരുന്നത്. മയക്കുമരുന്ന് വില്പനയെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മുസ്തഫ എക്സൈസ് നിരീക്ഷണത്തിലായിരുന്നു.
അതേസമയം ആവശ്യക്കാര്‍ക്ക് എംഡിഎംഎ നേരിട്ട് കൈമാറുന്നതിനുപകരം നിശ്ചിതസ്ഥലത്ത് വെച്ചശേഷം ഫോട്ടോയെടുത്ത് ലൊക്കേഷന്‍ സഹിതം അയച്ചുകൊടുക്കുന്നതാണ് ഇയാളുടെ രീതി. മുസ്തഫയെ സ്റ്റേഷന്‍ജാമ്യത്തില്‍ വിട്ടയച്ചു. സംഭവത്തെ തുടര്‍ന്ന് മുസ്തഫയെ ആംബുലന്‍സ് ഓണേഴ്സ് ആന്‍ഡ് ഡ്രൈവേഴ്സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കിയതായി ജില്ലാ സെക്രട്ടറി റംസി പാപ്പിനിശ്ശേരി പറഞ്ഞു.