• Mon. Sep 1st, 2025

24×7 Live News

Apdin News

കലബുറഗിയില്‍ ഇതരജാതിക്കാരനായ യുവാവിനെ പ്രണയിച്ചതിന് പിതാവ് മകളെ കൊന്ന് കത്തിച്ചു

Byadmin

Sep 1, 2025


കലബുറഗിയില്‍ ഇതരജാതിക്കാരനായ യുവാവിനെ പ്രണയിച്ചതിന് പിതാവ് മകളെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. ഫര്‍ഹതാബാദ് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മേലകുണ്ട ഗ്രാമത്തിലെ പതിനെട്ടുകാരി കവിതയാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ശങ്കര്‍ കൊല്‍ക്കൂര്‍ എന്നയാളെ അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പ്രതികളായ ശരണു, ദത്തപ്പ എന്നിവര്‍ക്കായി പൊലീസ് അന്വേഷണം നടത്തുകയാണ്. ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ള കവിത അതേ ഗ്രാമത്തിലെ കുറുബ സമുദായത്തില്‍പ്പെട്ട മാലപ്പ പൂജാരി എന്ന യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു.

സംഭവം അറിഞ്ഞ വീട്ടുകാര്‍ കവിതയുടെ കോളജ് പഠനം മുടക്കി. പിന്നാലെ കൊലപ്പെടുത്തുകയായിരുന്നു. പിതാവ് ശങ്കറും രണ്ട് ബന്ധുക്കളും ചേര്‍ന്നാണ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന്, മൃതദേഹം ഒരു ബന്ധുവിന്റെ കൃഷിയിടത്തിലേക്ക് കൊണ്ടുപോയി കത്തിക്കുകയായിരുന്നു.

കീടനാശിനി കഴിച്ച് മരിച്ചുവെന്ന് വരുത്തിത്തീര്‍ക്കാനാണ് പ്രതികള്‍ ആദ്യം ശ്രമിച്ചത്. പിന്നാലെ കൊലപാതക വിവരം പുറത്തറിയുകയായിരുന്നു. പിന്നാലെയാണ് പൊലീസ് സ്ഥലത്തെത്തി പിതാവിനെ അറസ്റ്റ് ചെയ്യുന്നത്. പൊലീസ് സ്വമേധയാ കേസെടുത്തു. കലബുറഗി പൊലീസ് കമ്മീഷണര്‍ ഡി.എസ്. ശരണപ്പയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. ദുരഭിമാനക്കൊലയാണെന്നാണ് വിവരം. സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ട്.

By admin