ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിനിമ – മിമിക്രി താരം കലാഭവന്‍ നവാസിന്റെ മരണത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. ചോറ്റാനിക്കര പൊലീസാണ് സംഭവത്തില്‍ കേസെടുത്തത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം നവാസിന്റെ മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ആലുവയിലെ നവാസിന്റെ വീട്ടില്‍ പൊതുദര്‍ശനത്തിനു ശേഷമാകും സംസ്‌കാരം നടക്കുക.
എറണാകുളം ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ ഇന്നലെ രാത്രിയോടെ നവാസിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പ്രകമ്പനം എന്ന സിനിമ ചിത്രീകരണത്തിനായാണ് ചോറ്റാനിക്കരയില്‍ എത്തിയത്.
തൃശൂര്‍ സ്വദേശിയായ കലാഭവന്‍ നവാസ് നിരവധി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും സ്റ്റേജ് ഷോകളില്‍ സജീവവുമായിരുന്നു. നാടക-ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനാണ്. ചലച്ചിത്രതാരം രഹനയാണ് ഭാര്യ.