കൊച്ചി: നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോയി. മൃതദേഹം ഇന്ന് വൈകിട്ട് നാലുമണി മുതല്‍ 5.30 വരെ ആലുവ ടൗണ്‍ ജുമാമസ്ജിദില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. ഇന്നലെ രാത്രി 8.45 നാണ് മുറിയില്‍ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്.
ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയിലായിരുന്നു ബോധരഹിതനായ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണത്തിനായായിരുന്നു നവാസ് ചോറ്റാനിക്കരയില്‍ എത്തിയത്. നടന്‍ അബൂബക്കറിന്റെ മകനാണ് കലാഭവന്‍ നവാസ്. ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാകവെയാണ് നവാസിന്റെ വിയോഗം. ഇന്നും നാളെയും ഷൂട്ടിംഗ് ഇല്ലാത്തതിനാല്‍ വീട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു നടന്‍.
അര്‍ധ രാത്രി 12 മണിയോടെയാണ് നവാസിന്റെ മൃതദേഹം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. രാവിലെ എട്ടരയോടെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് വിട്ടിരുന്നു. ചലച്ചിത്രതാരമായിരുന്ന രഹനയാണ് ഭാര്യ. 2002-ലാണ് ഇരുവരും വിവാഹിതരാകുന്നത്. മക്കള്‍: നഹറിന്‍, റിദ്‌വാന്‍, റിഹാന്‍. നാടക, ചലച്ചിത്ര നടനായിരുന്ന അബൂബക്കറാണ് പിതാവ്. നവാസിന്റെ സഹോദരന്‍ നിയാസ് ബക്കര്‍(മറിമായം കോയ) ടെലിവിഷന്‍, ചലച്ചിത്ര താരമാണ്. മിമിക്രി കലാകാരന്‍, ഗായകന്‍, അഭിനേതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു കലാഭവന്‍ നവാസ്.
കലാഭവനിലൂടെയാണ് പ്രശസ്തിയിലേക്കുയര്‍ന്നത്. സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും അദ്ദേഹം അഭിനയിച്ച മിക്ക വേഷങ്ങളും ശ്രദ്ധേയമായിരുന്നു. 1995ല്‍ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ജൂനിയര്‍ മാന്‍ഡ്രേക്ക്, അമ്മ അമ്മായിയമ്മ, മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടി മച്ചാന്‍, ചന്ദാമാമ, മൈ ഡിയര്‍ കരടി, വണ്‍മാന്‍ ഷോ, വെട്ടം, ചട്ടമ്പിനാട്, കോബ്ര, എബിസിഡി, മൈലാഞ്ചി മൊഞ്ചുള്ള വീട്, മേരാ നാം ഷാജി എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍ ആണ് അവസാനമായി തിയേറ്ററിലെത്തിയ ചിത്രം.