ആലുവ: നടന്‍ കലാഭവന്‍ നവാസിന് കലാകേരളത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഇന്നലെ വൈകിട്ട് ആറുമണിയോടെ ആലുവ ടൗണ്‍ ജുമാ മസ്‌ജിദില്‍ നടന്ന ജനാസ നമസ്‌കാരത്തിനുശേഷം സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്നുള്ള പ്രമുഖ വ്യക്‌തിത്വങ്ങളുടെ സാന്നിധ്യത്തില്‍ മസ്‌ജിദ് ഖബര്‍സ്‌ഥാനില്‍ മറവ് ചെയ്‌തു.
രാഷ്‌ട്രീയ, സാമൂഹിക, സിനിമ, സീരിയല്‍, മിമിക്രി, രംഗത്തുള്ളവര്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍നിന്നുള്ള ആയിരങ്ങള്‍ ആലുവ നഗരമധ്യത്തിലെ ടൗണ്‍ ജുമാമസ്‌ജിദിലേക്ക് നവാസിന്റെ ചേതനയറ്റ ഭൗതികശരീരം ഒരു നോക്കു കാണാന്‍ ഒഴുകിയെത്തി. പ്രിയ കലാകാരന്റെ പെട്ടെന്നുള്ള വേര്‍പാടില്‍ ദുഃഖം താങ്ങാനാവാതെ പലരും വിങ്ങിപ്പൊട്ടുകയായിരുന്നു.
കളമശേരി മെഡിക്കല്‍ കോളജില്‍ നടന്ന പോസ്‌റ്റ്മോര്‍ട്ടത്തിനുശേഷം ഉച്ചയ്‌ക്ക് നാലാം മൈലിലെ വീട്ടിലേക്കാണു മൃതദേഹം ആദ്യമെത്തിച്ചത്. വൈകിട്ട് മൂന്നുമണിയോടെ മസ്‌ജിദ് പ്രത്യേകം സജ്‌ജമാക്കിയ സ്‌ഥലത്തെത്തിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും വീട്ടിലെ ജനത്തിരക്കുമൂലം നാലുമണിക്കാണ് മൃതദേഹം മസ്‌ജിദില്‍ എത്തിച്ചേര്‍ന്നത്.
അപ്പോഴേക്കും സംസ്‌ഥാനത്തിന്റെ പല ഭാഗങ്ങളില്‍നിന്നുള്ള ആയിരങ്ങള്‍ പ്രിയ കലാകാരനെ ഒരുനോക്ക് കാണാന്‍ മസ്‌ജിദ് പരിസരത്ത് സ്‌ഥാനമുറപ്പിച്ചിരുന്നു. രണ്ടു മണിക്കൂറോളം മസ്‌ജിദ് അങ്കണത്തിലെ പൊതുദര്‍ശനം നീണ്ടുനിന്നു. സിനിമാപ്രവര്‍ത്തകരായ ലാല്‍, സിദ്ദീഖ്, ദിലീപ്, ജയസൂര്യ, കലാഭവന്‍ ഷാജോണ്‍, രമേഷ് പിഷാരടി, സായികുമാര്‍, ബിന്ദു പണിക്കര്‍, ദേവന്‍, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍, നാദിര്‍ഷ, ഹരിശ്രീ അശോകന്‍, മണികണ്‌ഠന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവര്‍ നവാസിന്റെ മൃതദേഹത്തെ അനുഗമിച്ച് മസ്‌ജിദിലേക്ക് എത്തിച്ചേര്‍ന്നു. സഹോദരന്‍ നിയാസ് ബക്കറിനെയും നവാസിന്റെ മക്കള്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കളെയും ആശ്വസിപ്പിക്കാന്‍ സഹപ്രവര്‍ത്തകര്‍ ഏറെ പാടുപെട്ടു.