• Sun. Aug 3rd, 2025

24×7 Live News

Apdin News

കലാഭവൻ നവാസിന് വിടചൊല്ലി നാട് – Chandrika Daily

Byadmin

Aug 3, 2025


കൊച്ചി: മലയാളിയെ പൊട്ടിച്ചിരിപ്പിച്ച കലാഭവൻ നവാസ് ഒടുവിൽ എല്ലാവരെയും കണ്ണീരണിയിച്ച് മടങ്ങി. വിയോഗ വിവരം വിശ്വസിക്കാനാകാതെ ഓടിയെത്തിയവർ ചേതനയറ്റ ഭൗതിക ശരീരം കണ്ട് വിങ്ങിപ്പൊട്ടി. നൊമ്പരം നിറയുന്ന കാഴ്ചകൾക്കാണ് ആശുപത്രിയും നവാസിന്‍റെ വീടും ആലുവ ടൗൺ ജുമാമസ്ജിദ് പരിസരവും സാക്ഷ്യംവഹിച്ചത്.

ഭാര്യയും നടിയുമായ രഹ്നയുടെയും മക്കളുടെയും കണ്ണീർ നാടിന്‍റെയാകെ വേദനയായി. താങ്ങാനാകാത്ത സങ്കടം കണ്ണീരായൊഴുകിയപ്പോൾ സഹോദരനും നടനുമായ നിയാസിനെ ആശ്വസിപ്പിക്കാനും സഹപ്രവർത്തകർ വിഷമിച്ചു. നവാസിന്‍റെ ഓർമകൾ പങ്കുവെച്ച സിനിമ സുഹൃത്തുക്കളൊക്കെ കണ്ണീരടക്കാൻ പാടുപെട്ടു.

ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ ഹോട്ടൽ മുറിയിലെത്തിയ നവാസിനെ വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണെന്നാണ് നിഗമനം. വെള്ളിയാഴ്ച അർധരാത്രിയോടെ ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് കളമശ്ശേരി ഗവ. മെഡിക്കൽ കോളജിലേക്ക് മൃതദേഹം എത്തിച്ചു. സഹോദരൻ നിയാസ് ഉൾപ്പെടെ കുടുംബാംഗങ്ങൾ അനുഗമിച്ചു. ഈ നേരം സിനിമ മേഖലയിലുള്ളവരടക്കം മെഡിക്കൽ കോളജിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു.

രാവിലെ ഒമ്പതോടെ ചോറ്റാനിക്കര സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് കളമശ്ശേരി മെഡിക്കൽ കോളജിലെത്തി ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിനുശേഷം 12.30ഓടെ ബന്ധുക്കൾക്ക് വിട്ടുനൽകി. തുടർന്ന് ഒന്നുമുതൽ മൂന്നുവരെ ആലുവ നാലാംമൈലിലെ വീട്ടിലും ശേഷം അഞ്ചുവരെ ആലുവ ടൗൺ ജുമാമസ്ജിദിലും പൊതുദർശനത്തിന് വെച്ചു. ബന്ധുക്കൾ, സുഹൃത്തുക്കൾ, സിനിമ-രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ എന്നിവർ അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് ആലുവ ടൗൺ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

മന്ത്രി പി. രാജീവ്, ഹൈബി ഈഡൻ എം.പി, സിനിമ താരങ്ങളായ ദിലീപ്, രമേഷ് പിഷാരടി, കലാഭവൻ ഷാജോൺ, കലാഭവൻ റഹ്മാൻ, കെ.എസ്. പ്രസാദ്, അസീസ്, കലാഭവൻ പ്രജോദ്, സിദ്ദീഖ്, ദേവൻ, സായ്കുമാർ, ബിന്ദു പണിക്കർ, വിനോദ് കോവൂർ, കോട്ടയം നസീർ, ലാൽ, ഷാജു ശ്രീധർ, അസീസ്, പ്രിയങ്ക, സാജു നവോദയ, ധർമജൻ, പൗളി വിത്സൻ തുടങ്ങിയവർ രാത്രി മുതൽതന്നെ ആശുപത്രിയിലും വീട്ടിലുമൊക്കെ എത്തിയിരുന്നു. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർ സമൂഹമാധ്യമങ്ങളിലൂടെ നവാസിനെ അനുസ്മരിച്ചു.



By admin