ഏകദിന ക്രിക്കറ്റില്‍ കിവീസിനെ തകര്‍ത്തെറിഞ്ഞ് ചാമ്പ്യന്‍സ് ട്രോഫി അടിച്ചെടുത്ത് ഇന്ത്യ. ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ അരങ്ങേറിയ വാശിയേറിയ കലാശപ്പോരില്‍ ന്യൂസിലാന്‍ഡിനെ നാല് വിക്കറ്റിന് കീഴടക്കിയാണ് രോഹിതിന്റെ നീലപട ചാമ്പ്യന്‍സ് ട്രോഫിയില്‍ മുത്തമിട്ടത്. മിന്നും ബാറ്റിങ്ങുമായി ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ച നാകയന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ വിജയ ശില്‍പി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 49 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. തകര്‍പ്പന്‍ അര്‍ധസെഞ്ചറിയുമായി മുന്നില്‍നിന്ന് നയിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഇന്നിങ്‌സാണ് ഇന്ത്യയ്ക്ക് തുണയായത്. രോഹിത് 83 പന്തില്‍ ഏഴു ഫോറും മൂന്നു സിക്‌സും സഹിതം 76 റണ്‍സെടുത്തു. ഓപ്പണിങ് വിക്കറ്റില്‍ ശുഭ്മന്‍ ഗില്ലിനൊപ്പം രോഹിത് പടുത്തുയര്‍ത്തിയ സെഞ്ചറി കൂട്ടുകെട്ടും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.
ഇന്ത്യയുടെ രണ്ടാമത്തെ ചാമ്പ്യന്‍സ് ട്രോഫി കിരീടമാണ്. 12വര്‍ഷം മുന്‍പ് 2013ലാണ് ഇന്ത്യ ആദ്യമായി ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കുന്നത്. രണ്ട് ലോകകപ്പ് കിരീടങ്ങള്‍(1983,2011) ഉള്‍പ്പെടെ ഏകദിനത്തില്‍ ഇന്ത്യ ഉയര്‍ത്തുന്ന നാലാമത്തെ വിശ്വകിരീടം കൂടിയാണിത്.
താരതമ്യേന കുറഞ്ഞ വിജയലക്ഷ്യം തേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കമാണ് നായകന്‍ രോഹിത് ശര്‍മ നല്‍കിയത്. രോഹിത്-ഗില്‍ ഓപണിങ് കൂട്ടുക്കെട്ട് 18.4 ഓവറില്‍ 105 റണ്‍സില്‍ നില്‍കെയാണ് പിരിയുന്നത്. ശ്രേയസ് അയ്യര്‍ (62 പന്തില്‍ 48), ശുഭ്മന്‍ ഗില്‍ (50 പന്തില്‍ 31), അക്ഷര്‍ പട്ടേല്‍ (40 പന്തില്‍ 29), വിരാട് കോലി (ഒന്ന്), ഹാര്‍ദിക് പാണ്ഡ്യ (18 പന്തില്‍ 18) എന്നിവരാണു പുറത്തായത്. ഓപ്പണിങ് വിക്കറ്റില്‍ ഇന്ത്യ സെഞ്ചറി കൂട്ടുകെട്ടുമായി മുന്നേറവേ, സ്‌കോര്‍ 105 ല്‍ നില്‍ക്കെ ശുഭ്മന്‍ ഗില്ലിനെ മിച്ചല്‍ സാന്റ്‌നറുടെ പന്തില്‍ ഗ്ലെന്‍ ഫിലിപ്‌സ് വീണ്ടുമൊരു ‘അദ്ഭുത’ ക്യാച്ചിലൂടെ പുറത്താക്കിയത് നിര്‍ണായകമായി.
ബ്രേസ്‌വെല്ലിന്റെ പന്തില്‍ കോലി പുറത്തായത് ആരാധകരെ തളര്‍ത്തി. രണ്ടു പന്തു നേരിട്ട് ഒറ്റ റണ്ണെടുത്താണ് കോലി മടങ്ങിയത്. സെഞ്ചറിയിലെത്തുമെന്നു പ്രതീക്ഷിച്ചിരുന്ന രോഹിത് ശര്‍മ, ഇടയ്ക്ക് റണ്‍നിരക്കിലുണ്ടായ വര്‍ധനവിന്റെ സമ്മര്‍ദ്ദത്തില്‍ അനാവശ്യ ഷോട്ടിനു പോയാണ് വിക്കറ്റു കളഞ്ഞത്. 27-ാം ഓവറില്‍ രചിന്‍ രവീന്ദ്രയെ സ്റ്റെപ് ഔട്ട് ചെയ്ത് ബൗണ്ടറി കടത്താന്‍ ശ്രമിച്ച രോഹിത്തിനെ പന്തു പിടിച്ചെടുത്ത കിവീസ് വിക്കറ്റ് കീപ്പര്‍ ടോം ലാതം സ്റ്റംപ് ചെയ്തു പുറത്താക്കി.
പിന്നീട് അക്ഷര്‍ പട്ടേലും ശ്രേയസും അയ്യരും ചേര്‍ന്ന് നടത്തിയ യുദ്ധം ഇന്ത്യയ്ക്കു തുണയായി. 71 പന്തുകള്‍ നേരിട്ട് 65 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്്. 48 റണ്‍സെടുത്ത ശ്രേയസ് അയ്യരെ രചിന്‍ രവീന്ദ്ര തകര്‍പ്പനൊരു ക്യാച്ചിലൂടെയാണു പുറത്താക്കിയത്. 40.5 ഓവറുകളിലാണ് ഇന്ത്യ 200 കടന്നത്. സ്പിന്നര്‍ മിച്ചല്‍ ബ്രേസ്‌വെല്ലിനെ സിക്‌സര്‍ പറത്താനുള്ള അക്ഷര്‍ പട്ടേലിന്റെ ശ്രമം വില്‍ ഒറൂക്കിന്റെ ക്യാച്ചായി അവസാനിച്ചതോടെ ഇന്ത്യ വീണ്ടും പതറി.
ഹാര്‍ദിക് പാണ്ഡ്യ തകര്‍പ്പന്‍ സിക്‌സറും ഫോറും സഹിതം ആത്മവിശ്വാസം പകര്‍ന്നെങ്കിലും, സ്‌കോര്‍ 241ല്‍ നില്‍ക്കെ അനാവശ്യ ഷോട്ടിനു ശ്രമിച്ച് പുറത്തായി. കൈല്‍ ജെയ്മിസന്റെ പന്തില്‍ ബൗണ്ടറിക്കു ശ്രമിച്ച പാണ്ഡ്യ, ജെയ്മിസനു തന്നെ ക്യാച്ച് സമ്മാനിച്ചാണ് പുറത്തായത്. 33 പന്തില്‍ പുറത്താകാതെ 34 റണ്‍സെടുത്ത കെ.എല്‍ രാഹുലും ഒമ്പത് റണ്‍സെടുത്ത രവീന്ദ്ര ജദേജയും ലക്ഷ്യം കണ്ടാണ് മടങ്ങിയത്.
നേരെത്ത, 63 റണ്‍സെടുത്ത ഡാരില്‍ മിച്ചലിന്റെയും മിഖായേല്‍ ബ്രേസ് വെല്ലിന്റെ (40 പന്തില്‍ പുറത്താകാതെ 53 ) ഇന്നിങ്‌സാണ് കിവീസിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.
വില്‍യങ് (15), രചിന്‍ രവീന്ദ്ര (37), കെയിന്‍ വില്യംസണ്‍ (11), ടോം ലതാം(14) ഗ്ലെന്‍ ഫിലിപ്‌സ് (34), മിച്ചല്‍ സാന്റര്‍ (8) എന്നിവരാണ് പുറത്തായത്. ഇന്ത്യക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.