മുംബൈ: ഇതിഹാസങ്ങളും പൈതൃകങ്ങളും: ഇന്ത്യയുടെ ആത്മാവിനെ രൂപപ്പെടുത്തിയ കഥകള്‍ എന്ന വിഷയത്തില്‍ സജീവ പാനല്‍ ചര്‍ച്ചയോടെ ജിയോ വേള്‍ഡ് സെന്ററില്‍ ആദ്യ ലോക ദൃശ്യ ശ്രാവ്യ വിനോദ ഉച്ചകോടിക്ക് (വേവ്‌സ്) തുടക്കം. കഥാഖ്യാനം, സര്‍ഗാത്മകത, സാംസ്‌കാരിക പൈതൃകം എന്നിവയെക്കുറിച്ച് നടന്ന ചര്‍ച്ച സൂപ്പര്‍സ്റ്റാര്‍ അക്ഷയ്കുമാര്‍ നിയന്ത്രിച്ചു. ഉദ്ഘാടന സംവാദത്തില്‍ ഹേമമാലിനി, മോഹന്‍ലാല്‍, ചിരഞ്ജീവി എന്നീ താരങ്ങള്‍ പങ്കെടുത്തു.
ഭാരതസര്‍ക്കാറിന്റെ മനോഹര സംരംഭമാണിതെന്നും ഉച്ചകോടിയുടെ ഭാഗമാകാനായതില്‍ സന്തോഷമുണ്ടെന്നും ഹേമ മാലിനി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച അവര്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാടും നേതൃത്വവും വേവ്‌സിനെ സര്‍ഗാത്മക പ്രതിഭകള്‍ക്കും നൂതനാശയക്കാര്‍ക്കും മികച്ച വേദിയാക്കി മാറ്റിയെന്നും പറഞ്ഞു.
സിനിമയുടെ പരിണാമ സ്വഭാവം സംബന്ധിച്ച അഭിപ്രായം മോഹന്‍ലാല്‍ പങ്കുവെച്ചു. കലാ സിനിമകള്‍ക്കും വിനോദ മൂല്യമുണ്ടെന്നതിനാല്‍ കലാ- വിനോദ സിനിമകള്‍ക്കിടയിലെ അന്തരം വളരെ നേര്‍ത്തതാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. കലാ- വാണിജ്യ സിനിമകളെ വേര്‍തിരിച്ചു കാണുന്നില്ല. കഥാഖ്യാനമാണ് ജനങ്ങളെ സ്പര്‍ശിക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.ബുദ്ധിപരമായി കഥ പറയുന്നതില്‍ മലയാള സിനിമ മാതൃകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.
അഭിനിവേശവും നിരന്തരപരിശ്രമവും നിറഞ്ഞ തന്റെ ചലച്ചിത്ര യാത്രയെക്കുറിച്ച് ഹൃദയം തൊട്ട അനുസ്മരണമാണ് മുതിര്‍ന്ന തെലുഗ് നടന്‍ ചിരഞ്ജീവി പങ്കുവെച്ചത്. കുട്ടിക്കാലം മുതല്‍ ആദ്യ പ്രണയം അഭിനയമായിരുന്നു. ആ സ്വപ്‌നം സ്വന്തമാക്കാനുള്ള അടങ്ങാത്ത ആഗ്രഹമാണ് മുന്നോട്ടു നയിച്ചത്. ഒരു മികച്ച നടനാകാന്‍ എന്ത് ചെയ്യുമെന്ന് സ്വയം നിരന്തരം ചോദിച്ചുകൊണ്ടിരുന്നു. പ്രേക്ഷകര്‍ എപ്പോഴും തൊട്ടടുത്ത വീട്ടിലെ ആണ്‍കുട്ടിയായി തന്നെ കാണണമെന്ന് ആഗ്രഹിച്ചിരുന്നതായും അതുകൊണ്ടാണ് കഴിയുന്നത്ര സ്വാഭാവികതയോടെയും ആത്മാര്‍ത്ഥമായും പ്രകടനങ്ങള്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കലാകാരനെന്ന നിലയില്‍ തന്റെ വളര്‍ച്ചയില്‍ മിഥുന്‍ ചക്രവര്‍ത്തി, അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍ തുടങ്ങി ചലച്ചിത്രരംഗത്തെ ജനപ്രിയരുടെ സ്വാധീനമുണ്ട്. ചിരഞ്ജീവി പറഞ്ഞു. രജനികാന്ത്, മിഥുന്‍ ചക്രവര്‍ത്തി എന്നിവരും പങ്കെടുത്തു.