
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളുമായി സംവദിക്കാന്‍ സഹായിച്ച ‘എസ് ജി കോഫി ടൈംസ്’ എന്ന പരിപാടി പുനരാരംഭിക്കാനൊരുങ്ങുകയാണ് സുരേഷ് ഗോപി. എതിര്‍ത്താല്‍ വീറും വാശിയും കൂടുന്ന ഈ രാഷ്‌ട്രീയനേതാവ് പതുങ്ങാനല്ല, കലുങ്ക് സൗഹൃദ പരിപാടിയില്‍ തന്നെ വിമര്‍ശിച്ചവര്‍ക്ക് നേരെ കൂടുതല്‍ ആക്രമണോത്സുകനായി മാറുന്ന കാഴ്ചയാണ് കാണുന്നത്.
തൃശൂർ അയ്യന്തോളിലും പുതൂർക്കരയിലും എസ് ജി കോഫി ടൈംസിന്റെ ആദ്യപരിപാടി നടക്കുമെന്ന് സൂചനകളുണ്ട്. ഇനി കലുങ്ക് സൗഹൃദത്തിന് പുറമെ എസ് ജി കോഫി ഹൗസും കൂടി ഉണ്ടാകുമെന്നതിനാല്‍ വിമര്‍ശകര്‍ കൂടുതലായി ഇങ്ങ് പോന്നോട്ടെ എന്ന നിലപാടില്‍ തന്നെയാണ് സുരേഷ് ഗോപി.
മനോരമ ദിനപത്രവും മാധ്യവുമാണ് സുരേഷ് ഗോപിയുടെ കലുങ്ക് സൗഹൃദത്തിലെ ഓരോ പരിപാടിയും ഇല്ലാത്ത വിവാദങ്ങള്‍ കുത്തിപ്പൊക്കി ചര്‍ച്ചാവിഷയമാക്കുന്നത്. പിന്നാലെ ദേശാഭിമാനിയും കൈരളി ടിവി ചാനലും ജനയുഗവും രാഷ്‌ട്രീയ ലക്ഷ്യത്തോടെ സുരേഷ് ഗോപിയെ ആക്രമിക്കുന്നു. ധര്‍മ്മസ്ഥല ക്ഷേത്രം സ്ത്രീകളെ ബലാത്സംഗംചെയ്ത് കൂട്ടത്തോടെ മറവ് ചെയ്യുന്ന സ്ഥലമാണെന്ന വ്യാജപ്രചാരണം അഴിച്ചുവിടാന്‍ നൂറുകണക്കിന് വീഡിയോകള്‍ ചെയ്ത ദ ന്യൂസ് മിനിറ്റ് (https://www.thenewsminute.com/) എന്ന കര്‍ണ്ണാടകയിലെ വാര്‍ത്താ വെബ്സൈറ്റും ന്യൂസ് ലോണ്‍ട്രി (Newslaundry) എന്ന ബിജെപി വിരുദ്ധ മാധ്യമവും കൈകോര്‍ത്ത് സുരേഷ് ഗോപിയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ത്തിത്തുടങ്ങി എന്നതിനര്‍ത്ഥം സുരേഷ് ഗോപിയെ തകര്‍ക്കാനുള്ള ശ്രമം കേരളത്തിലെ ഏതാനും പേരുടെ മാത്രം അജണ്ടയല്ലെന്നാണ് വരുന്നത്.
പക്ഷെ താരം കൂടുതല്‍ ശക്തമായി തിരിച്ചുവരികയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളുമായി സംവദിക്കാന്‍ സഹായിച്ച പരിപാടിയാണ് ‘എസ് ജി കോഫി ടൈംസ്’. തദ്ദേശ തിരഞ്ഞെടുപ്പും തൊട്ടുപിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും കൂടി വരുന്ന സാഹചര്യത്തില്‍ സുരേഷ് ഗോപിയുടെ സാന്നിധ്യം വര്‍ധിപ്പിക്കുകയും ഒരു ലക്ഷ്യമാണ്.