
പഞ്ചവടി പാലവും ലഹരിയും സ്ത്രീധന പീഡനവും തെരുവുനായ ആക്രമണവും മഴയും ഉരുള്‍പൊട്ടലും ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ മോണോ ആക്ട് വേദിയില്‍ എത്തി. കാണികളുടെ നിറഞ്ഞ കൈയടി വാങ്ങുകയും ചിരി പടര്‍ത്തുകയും മാത്രമല്ല, ചിന്തിപ്പിക്കുകയും ഓര്‍മിപ്പിക്കുകയും ചെയ്യുന്ന അവതരണങ്ങള്‍ ആയിരുന്നു അവയില്‍ പലതും.
ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടേണ്ടി വരുന്ന കുട്ടികള്‍ക്ക് തനിക്കുശേഷം ആരുണ്ടെന്ന് ചോദിക്കുകയാണ് അമ്മ, അവരെ ചേര്‍ത്തു നിര്‍ത്തണം എന്ന് ഓര്‍മിപ്പിക്കുകയാണ് ദേവദര്‍ശ് തന്റെ മോണോആക്ടിലൂടെ. ആലപ്പുഴ കാക്കാഴം ജിഎച്ച്എസ്സ്എസ്സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ദേവദര്‍ശ് എസ്സിനിത് ആദ്യത്തെ സംസ്ഥാന കലോത്സവ വേദിയാണ്.
സുഗതകുമാരിയുടെ കൊല്ലേണ്ടതെങ്ങനെ എന്ന കവിതാ ഭാഗം ദേവദര്‍ശ് വേദിയില്‍ അവതരിപ്പിച്ചപ്പോള്‍ അമ്മമാരുടെ ആകെ കണ്ണുകള്‍ നനയിച്ചതോടൊപ്പം ഉള്ളുലയ്‌ക്കുകയും ചെയ്തു.
അവള്‍ക്കൊപ്പംവിജയ്
ഇതിലും സമകാലിക പ്രസക്തിയുള്ള വിഷയം വേറെ ഉണ്ടെന്ന് തോന്നിയില്ല, അതുകൊണ്ടാണ് വിഷയം അതിജീവിതമാരെക്കുറിച്ച് തന്നെയാക്കിയത്.
ഹയര്‍ സെക്കന്‍ഡറി വിഭാഗം ആണ്‍കുട്ടികളുടെ മോണോ ആക്ടില്‍ എ ഗ്രേഡ് നേടിയ വിജയ് പറഞ്ഞു. ഇരകള്‍ക്ക് പകരം വേട്ടക്കാരെയാണ് വിജയ് തന്റെ ഏകാംഗ അഭിനയത്തില്‍ അവതരിപ്പിച്ചത്. ഗോവിന്ദ ചാമി, മുതല്‍ പള്‍സര്‍ സുനിയെ വരെ വിജയ് അവതരിപ്പിച്ചു.
കോഴിക്കോട് സില്‍വര്‍ ഹില്‍സ് എച്ച്എസ്എസിലെ പ്ലസ് ടൂ വിദ്യാര്‍ത്ഥിയാണ് വിജയ് കെ.
നാലാം തവണയാണ് മോണോആക്ട് മത്സരത്തില്‍ വിജയ് പങ്കെടുക്കുന്നത്. ഓരോ തവണയും പുതുമയുള്ളതും കാലിക പ്രസക്തിയുള്ളതുമായ വിഷയങ്ങളാണ് വിജയ് മോണോആക്ടില്‍ അവതരിപ്പിക്കാറുള്ളത്. പക്ഷേ ഇത്തവണ അതിലൂടെ, തന്റെ നിലപാട് എന്നും ഇരകള്‍ക്കൊപ്പം ആണെന്ന് വ്യക്തമാക്കുകയായിരുന്നു വിജയ്.
കലാഭവന്‍ പ്രദീപ് ലാല്‍ ആണ് വിജയ്‌യുടെ ഗുരു. തനിക്ക് തമാശയും വഴങ്ങും എന്ന് ബംബര്‍ ചിരി എന്ന പരിപാടിയിലൂടെ വിജയ് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇംഗ്ലീഷ് സ്‌കിറ്റിലും വിജയ് തന്റെ അഭിനയ മികവ് തെളിയിച്ചിരുന്നു.
മോണോആക്ടില്‍ ആല്‍വിന്റെ നാലാമൂഴം
നാലാം തവണയാണ് ആല്‍വിന്‍ ജോസഫ് സംസ്ഥാന കലോത്സവത്തില്‍ മോണോആക്ട് അവതരിപ്പിക്കുന്നത്. കഴിഞ്ഞദിവസം ചാക്യാര്‍കൂത്തിലും ആല്‍വിന്‍ തന്റെ കഴിവ് പ്രകടിപ്പിച്ചിരുന്നു. മോണോആക്ടില്‍ തുടര്‍ച്ചയായ നാല് തവണയും ചാക്യാര്‍കൂത്തില്‍ മത്സരത്തില്‍ മൂന്ന് തവണയും ആല്‍വിന്‍ എ ഗ്രേഡ് സ്വന്തമാക്കിയിട്ടുണ്ട്.
എസ്ബി എച്ച്എസ്എസ് ചങ്ങനാശേരിയിലെ പ്ലസ് ടൂ വിദ്യാര്‍ഥിയാണ് ആല്‍വിന്‍. കേരളത്തിലെ വര്‍ദ്ധിച്ചു വരുന്ന തെരുവുനായ ശല്യവും മാറിമാറി വരുന്ന ഭരണാധികാരികള്‍ അതിനെ മുതലെടുക്കുന്നതുമായിരുന്നു ആല്‍വിന്റെ മോണോആക്ടിന്റെ വിഷയം.
a