വന്‍തിരിച്ചടിക്കിടയില്‍ ആം ആദ്മി പാര്‍ട്ടിക്ക് ആശ്വാസമായി മുഖ്യമന്ത്രി കൂടിയായിരുന്ന അതിഷി മർലേനയുടെ ജയം. കല്‍ക്കാജി മണ്ഡലത്തിൽ നിന്നാണ് അതിഷി ജനവിധി തേടിയത്. ബിജെപിയുടെ രമേശ് ബിദുഡി, കോണ്‍ഗ്രസിന്‍റെ അല്‍ക്ക ലാംബ എന്നിവരായിരുന്നു എതിര്‍ സ്ഥാനാര്‍ഥികൾ.
ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ മദ്യനയ അഴിമതിക്കേസിൽ ജയിലിലായതോടെ മന്ത്രിസഭയിൽ രണ്ടാം സ്ഥാനക്കാരിയായിരുന്നു അതിഷി. വിദ്യാഭ്യാസം, ധനകാര്യം, റവന്യൂ, നിയമം തുടങ്ങിയ പ്രധാന വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്തുവന്നത്.
കെജ്‌രിവാൾ കൂടി അറസ്റ്റിലായതോടെ ഡൽഹി ഭരണം നയിച്ചതും ഈ 43കാരിയായിരുന്നു. മദ്യനയ അഴിമതിക്കേസിൽ ജയിൽമോചിതനായതിന് പിന്നാലെ കെജ്‍രിവാള്‍ രാജിവച്ചിരുന്നു. തുടർന്നു നടന്ന ആം ആദ്മി പാർട്ടി എംഎൽഎമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയായി അതിഷിയുടെ പേര് കെജ്‌രിവാൾ നിർദേശിച്ചത്. എഎപിയുടെ സ്ഥാപക നേതാക്കളിലൊരാളായ പ്രശാന്ത് ഭൂഷണുമായുള്ള പരിചയത്തിലൂടെയാണ് അതിഷി പാർട്ടിയിലെത്തുന്നത്.