പാലക്കാട്: കല്ലടിക്കോട് അയല്‍വാസിയായ നിതിനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് ബിനു തോക്കുമായെത്തിയതെന്ന് നിഗമനം. ബിനു തോക്കുമായി എത്തുന്നതു കണ്ട നിതിന്‍ കത്തിയെടുത്ത് പ്രത്യാക്രണത്തിനു മുതിരും മുന്‍പേ വെടിയേറ്റു വീണുവെന്നും കരുതപ്പെടുന്നു. നിതിനെ വെടിവെച്ച് കൊന്നശേഷം റോഡിലേക്കിറങ്ങിയ ബിനു സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു. കല്ലടിക്കോട് മൂന്നേക്കര്‍ മരുതുംകാട് ബിനു (45), കളപ്പുരയ്‌ക്കല്‍ നിതിന്‍ (25) എന്നിവരാണ് കഴിഞ്ഞ ദിവസം വെടിയേറ്റു മരിച്ചത്.
പന്നിയെ വെടിവെയ്‌ക്കാനും മറ്റും ബിനു കാലങ്ങളായി ഉപയോഗിക്കുന്ന തോക്കിന് ലൈസന്‍സില്ലെന്നും പൊലീസ് പറഞ്ഞു. സുഹൃത്തുക്കളായിരുന്ന ഇരുവരും അമ്മയെക്കുറിച്ച് മോശമായി സംസാരിച്ചുവെന്നതിന്‌റെ പേരില്‍ തര്‍ക്കമുണ്ടായെന്നും പറയപ്പെടുന്നു. ഇതാകാം രണ്ടു മരണങ്ങളില്‍ കലാശിച്ചത്. രണ്ട് തവണ വെടിയൊച്ച കേട്ടതായി പ്രദേശവാസികള്‍ മൊഴി നല്‍കി. നെഞ്ചില്‍ വെടിയുണ്ട തുളച്ചു കയറിയനിലയിലായിരുന്നു ബിനുവിന്റെ മൃതദേഹം. സിറ്റൗട്ടില്‍ ഇടതുകയ്യില്‍ കത്തിയുമായി മലര്‍ന്നു കിടക്കുന്ന നിലയിലായിരുന്നു നിതിന്റെ മൃതദേഹം.