
കൊച്ചി : രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത് ഫോണില്‍ ചിത്രീകരിച്ച ഭര്‍ത്താവ് ബെഞ്ചോയെ പൊലീസ് പിടികൂടിയതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് ഷൈമോള്‍ക്ക് സി ഐ പ്രതാപ ചന്ദ്രന്റെ മര്‍ദ്ദനമേറ്റത്.
കൈക്കുഞ്ഞിനെ വലിച്ചെറിയുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്‌തെന്ന് ഷൈമോള്‍ പറഞ്ഞു. വീഡിയോ ചിത്രീകരിച്ചതിന് ഭര്‍ത്താവിനെ മഫ്തിയിലെത്തിയ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മക്കളുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയ തന്നെ പൊലീസ് ക്രൂരമായാണ് മര്‍ദിച്ചത്. കള്ളക്കേസില്‍ കുടുക്കി അഞ്ച് ദിവസം ഭര്‍ത്താവിനെ ജയിലിലിട്ടെന്നും തൊടുപുഴ സ്വദേശിനി ഷൈമോള്‍ പറഞ്ഞു.
പ്രതാപചന്ദ്രന്‍ മുഖത്തടിച്ചതിന് പിന്നാലെ ഒരു പൊലീസുകാരി കൂടി കൂടി മുഖത്തടിക്കുകയും മുടിയില്‍ പിടിച്ച് വലിക്കുകയും ചെയ്തു. വയ്യാതായി ആശുപത്രിയില്‍ ചെന്ന് തിരിച്ചെത്തിയപ്പോഴേക്കും തന്റെ പേരില്‍ ഒരുപാട് കള്ളക്കേസുകള്‍ എടുത്തിരുന്നു. സിഐയെ നഖം കൊണ്ട് മാന്തി പരിക്കേല്‍പ്പിച്ചെന്നും സ്റ്റേഷനിലെ വാതിലുകള്‍ തല്ലിത്തകര്‍ത്തെന്നും കള്ളക്കേസ് ഉണ്ടാക്കിയതായി ഷൈമോള്‍ പറഞ്ഞു.സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത് കൊണ്ട് മാത്രമാണ് തങ്ങള്‍ കുറ്റക്കാരല്ലെന്ന് തെളിയിക്കാന്‍ കഴിഞ്ഞതെന്ന് ഷൈമോള്‍ പറഞ്ഞു.
വിഷയത്തില്‍ അന്ന് മുഖ്യമന്ത്രിയ്‌ക്ക് ഉള്‍പ്പെടെ പരാതി നല്‍കിയെങ്കിലും കാര്യമായ നടപടി ഒന്നും ഉണ്ടായില്ല. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഒന്നരവര്‍ഷത്തെ നിയമപോരാട്ടത്തിനു ഒടുവില്‍ ഹൈക്കോടതി സിസിടിവി ദൃശ്യങ്ങള്‍ പരാതിക്കാര്‍ക്ക് കൈമാറാന്‍ നിര്‍ദേശിച്ചു. 2024 ജൂണില്‍ നടന്ന മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്.