
ന്യൂദല്‍ഹി: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. കഴകം നിയമനം പാരമ്പര്യാവകാശമാണോ, ജോലി ആചാരപരമായ പ്രവൃത്തിയാണോ എന്നതില്‍ വിധി പറയാതെ, വിഷയം സിവില്‍ കോടതിയില്‍ ഉന്നയിക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിനെതിരെയാണ് ഇടപെടല്‍ ആവശ്യപ്പെട്ട് തെക്കേ വാര്യം കുടുംബാംഗം സതീശന്‍ നമ്പൂതിരിപ്പാട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. കഴകം ജോലി ആത്മീയവും മതപരവും ആണെന്ന് ഹര്‍ജിയില്‍ പറയുന്നു. മൂര്‍ത്തിക്ക് ചാര്‍ത്തേണ്ട മാലയുള്‍പ്പെടെ തയാറാക്കുന്നത് പാരമ്പര്യമായി കഴകം ചെയ്യുന്നവരാണ്. തെക്കേ വാര്യം കുടുംബത്തിലുള്ളവര്‍ക്കായിരുന്നു ഇതു വരെയും അതിനുള്ള അവകാശമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.