
പത്തനംതിട്ട: സ്വര്‍ണക്കൊള്ളയില്‍ പി.എസ്. പ്രശാന്ത് പ്രസിഡന്റായ ദേവസ്വം ഭരണസമിതിയും സംശയ നിഴലില്‍. പി.എസ്. പ്രശാന്തിനെ ഒരിക്കല്‍ കൂടി എസ്‌ഐടി ചോദ്യം ചെയ്യുമെന്നാണ് സൂചന. കഴിഞ്ഞ ശനിയാഴ്ച പ്രശാന്തിനെ ചോദ്യം ചെയ്തിരുന്നു. അന്നത്തെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ പ്രകടമായതിനാല്‍ വീഡിയോഗ്രാഫ് അടക്കമുള്ള തെളിവുകള്‍ പരിശോധിച്ച ശേഷമാവും അടുത്ത ചോദ്യംചെയ്യല്‍. നിരവധി സംശയങ്ങളാണ് കഴിഞ്ഞ ഭരണസമിതിക്കുമേല്‍ എസ്‌ഐടിക്കുള്ളത്.
2023 നവംബറില്‍ അധികാരത്തില്‍ വന്ന പി.എസ്. പ്രശാന്ത് അധികം വൈകും മുമ്പേ ദ്വാരപാലക ശില്പങ്ങളില്‍ വീണ്ടും സ്വര്‍ണം പൂശാന്‍ ശ്രമം തുടങ്ങിയത് ആരുടെ നിര്‍ദേശപ്രകാരം എന്നതാണ് ഇതില്‍ പ്രധാനം. 2019 ല്‍ പൂശിയ സ്വര്‍ണം നിറം മങ്ങി ചെമ്പു തെളിഞ്ഞതിനാലാണ് വീണ്ടും സ്വര്‍ണം പൂശേണ്ടി വന്നതെന്നാണ് പ്രശാന്ത് പറയുന്നത്. 2019 ല്‍ സ്വര്‍ണം പൂശിയ കാര്യം പ്രശാന്തിന് അറിയാമായിരുന്നു എന്ന് ഇതില്‍ നിന്നു വ്യക്തം. നിറം മങ്ങി ചെമ്പു തെളിഞ്ഞത് മാധ്യമങ്ങളില്‍ വാര്‍ത്തയായാല്‍ 2019 ലെ തട്ടിപ്പ് പുറത്താകുമെന്ന് കരുതിയ ദൈവ തുല്യരാണോ വീണ്ടും സ്വര്‍ണം പൂശാന്‍ പ്രശാന്തിനു മേല്‍ സമ്മര്‍ദം ചെലുത്തിയത് എന്നും എസ് ഐടിക്കു സംശയമുണ്ട്.
ശബരിമലയില്‍ എന്തു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഹൈക്കോടതിയുടെ മുന്‍കൂര്‍ അനുമതി വേണമെന്ന 2023 ലെ വിധി എന്തുകൊണ്ട് പാലിച്ചില്ല എന്ന ചോദ്യത്തിന് അത്തരം ഒരു വിധിയെപ്പറ്റി അറിയില്ലായിരുന്നു എന്നാണ് പ്രശാന്ത് പറഞ്ഞത്. ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിയിച്ചില്ലേ എന്ന ചോദ്യത്തോട് പ്രശാന്ത് പ്രതികരിച്ചതുമില്ല. 2019 ല്‍ ദ്വാരപാലക ശില്‍പങ്ങളില്‍ സ്വര്‍ണം പൂശിയ കാര്യം വ്യക്തമായി അറിയാവുന്ന പ്രശാന്തിന് ഹൈക്കോടതി വിധി അറിയില്ലെന്നത് പച്ചക്കള്ളമാണെന്നാണ് എസ്‌ഐടി കരുതുന്നത്.
കഴിഞ്ഞ വര്‍ഷം സപ്തം. 7 ന് ഓണ പൂജകള്‍ കഴിഞ്ഞ് രാത്രി നട അടച്ചശേഷമാണ് ദ്വാരപാലക പാളികള്‍ സന്നിധാനത്ത് നിന്നും കടത്തിയത്. എന്തുകൊണ്ട് ഇക്കാര്യം സ്‌പെഷല്‍ കമ്മിഷണറെ അറിയിച്ചില്ല എന്നതും സംശയാസ്പദമാണ്.
അധികാരമേറ്റ് അധികം കഴിയും മുമ്പേ പി.എസ്. പ്രശാന്തും സ്‌പെഷല്‍ കമ്മിഷണറും അടുത്ത സുഹൃത്തുക്കളായി മാറി. പിന്നീട് ഇവര്‍ അകന്നു. എന്തായിരുന്നു അകല്‍ച്ചയ്‌ക്കു കാരണം എന്ന ചോദ്യത്തിനും പ്രശാന്ത് കൃത്യമായ മറുപടി നല്‍കിയില്ല.
തന്ത്രിയുടെ മൊഴിയും പ്രശാന്തിന് എതിരാണ്. പാളികള്‍ ചെന്നൈക്ക് കൊടുത്തുവിടാന്‍ അനുജ്ഞ നല്‍കണമെന്ന് പല തവണ പ്രശാന്ത് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് താന്‍ അനുമതി നല്‍കയതെന്നാണ് തന്ത്രിയുടെ മൊഴി. ബോര്‍ഡ് കൂട്ടായി എടുത്ത തീരുമാനപ്രകാരമാണ് പാളികളില്‍ സ്വര്‍ണം പൂശിയതെന്നായിരുന്നു പ്രശാന്തിന്റെ ന്യായം. അതിനാല്‍ ബോര്‍ഡ് അംഗങ്ങളേയും വൈകാതെ എസ്‌ഐടി ചോദ്യം ചെയ്‌തേക്കും. ഇതിനെല്ലാം പിന്നില്‍ ഒരുന്നതന്റെ പങ്കാണ് എസ്‌ഐടി സംശയിക്കുന്നത്. ആ ഉന്നതന്‍ 2019 കാലത്തെ ബോര്‍ഡ് അംഗങ്ങളില്‍ പെട്ട ആളല്ലെന്നാണ് സൂചന. അതിനാല്‍ ഈ ഉന്നതന്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി ആണെന്ന സംശയം ബലപ്പെടുകയാണ്.