
ന്യൂദൽഹി: പശ്ചിമ ബംഗാളിലെ മമത ബാനർജി സർക്കാരിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചൊവ്വാഴ്ച രൂക്ഷ വിമർശനം ഉന്നയിച്ചു. സർക്കാർ ഭൂമി നൽകുന്നില്ല അതുകൊണ്ടാണ് ബംഗ്ലാദേശ് അതിർത്തിയിലെ വേലി കെട്ടൽ പൂർത്തിയാക്കാൻ കഴിയാത്തതെന്ന് അദ്ദേഹം പറഞ്ഞു. കൊൽക്കത്തയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഷാ.
തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി മമത ബാനർജി ബംഗ്ലാദേശികളുടെ നുഴഞ്ഞുകയറ്റത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിലെ ജനങ്ങൾ നുഴഞ്ഞുകയറ്റത്തെക്കുറിച്ച് ആശങ്കാകുലരാണ്. എന്നാൽ നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിയുക മാത്രമല്ല, അവരെ പുറത്താക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ കിഴക്കൻ അതിർത്തികളിൽ നിന്നുള്ള നുഴഞ്ഞുകയറ്റം ബിജെപി തടയുമെന്നും അധികാരത്തിലെത്തിയാൽ ബംഗാളിന്റെ പുനരുജ്ജീവനം ഉറപ്പാക്കുമെന്നും അമിത് ഷാ പറഞ്ഞു.
മമത ബാനർജിയുടെ നേതൃത്വത്തിൽ അഴിമതി പശ്ചിമ ബംഗാളിലുടനീളമുള്ള വികസനം സ്തംഭിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി മോദി ആരംഭിച്ച എല്ലാ പ്രയോജനകരമായ പദ്ധതികളും സംസ്ഥാനത്തെ ഭരണകൂടം തടഞ്ഞു. കൂടാതെ കഴിഞ്ഞ 14 വർഷമായി ഭയവും അഴിമതിയും പശ്ചിമ ബംഗാളിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു. 2026 ഏപ്രിൽ 15 ന് പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ രൂപീകരിക്കുമ്പോൾ, ഞങ്ങൾ ബാംഗ് ഗൗരവ്, ബാംഗ് സംസ്കാരം എന്നിവ പുനരുജ്ജീവിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ പരാമർശിച്ചുകൊണ്ടും അമിത് ഷാ സംസാരിച്ചു. “ബംഗാളിൽ ഞങ്ങൾക്ക് 17 ശതമാനം വോട്ടും രണ്ട് സീറ്റുകളും ലഭിച്ചു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് 10 ശതമാനം വോട്ടും മൂന്ന് സീറ്റുകളും ലഭിച്ചു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് 41 ശതമാനം വോട്ടും 18 സീറ്റുകളും ലഭിച്ചു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് 38 ശതമാനം വോട്ടും 77 സീറ്റുകളും ലഭിച്ചു. അതായത് മൂന്ന് സീറ്റുകൾ മാത്രം ലഭിച്ച ഒരു പാർട്ടി അഞ്ച് വർഷത്തിനുള്ളിൽ 77 സീറ്റുകൾ നേടിയെന്ന് അമിത് ഷാ പറഞ്ഞു.
കൂടാതെ 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 39 ശതമാനം വോട്ടും 12 സീറ്റുകളും നേടി. ഈ സാഹചര്യത്തിൽ 2026 ൽ ബിജെപി തീർച്ചയായും വൻ ഭൂരിപക്ഷത്തോടെ ബംഗാളിൽ സർക്കാർ രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസത്തെ പശ്ചിമ ബംഗാൾ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിങ്കളാഴ്ച വൈകുന്നേരമാണ് കൊൽക്കത്തയിലെത്തിയത്. അടുത്ത വർഷം സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഷായുടെ സന്ദർശനം ഏറ്റെ പ്രാധാന്യമർഹിക്കുന്നതായിട്ടാണ് കണക്കാക്കപ്പെടുന്നത്.