മലപ്പുറം കാളികാവില്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഗഫൂറിന്റെ പാസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിന് ആഴത്തില്‍ കടിയേറ്റുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പൃഷ്ട ഭാഗത്തുനിന്ന് മാംസം കടിച്ചെടുത്തെന്നും ആഴത്തിലുള്ള മുറിവും രക്തം വാര്‍ന്നതുമാണ് മരണകാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശരീരമാസകലം കടുവയുടെ പല്ലിന്റെയും നഖത്തിന്റെയും പാടുകള്‍ ഉണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്മോര്‍ട്ടം നടന്നത്.
അതേസമയം, കടുവയെ പിടികൂടാന്‍ തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്. വനം വകുപ്പ് കൂടുകളും ക്യാമറകളും സ്ഥാപിച്ചു. 50 ക്യാമറകളും മൂന്നു കൂടുകളുമാണ് സ്ഥാപിച്ചത്. ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 50 അംഗ സംഘം കാളികാവ് പാറശ്ശേരിയില്‍ ക്യാമ്പ് ചെയ്യുകയാണ്. കടുവയെ കണ്ടെത്താന്‍ ഇന്ന് ഡ്രോണുകള്‍ പറത്തും. കടുവാ ദൗത്യത്തിന് ഉള്ള രണ്ടാമത്തെ കുങ്കിയാന ഇന്ന് എത്തും.
അതേസമയം ഗഫൂറിന്റെ മൃതദേഹം കല്ലാമൂല ജുമാ മസ്ജിദില്‍ കബറടക്കി. ഗഫൂറിന്റെ കുടുംബത്തിനുള്ള ധനസഹായത്തിലെ ആദ്യ ഗഡു ഇന്ന് കൈമാറും. 14 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി പ്രഖ്യാപിച്ചത്. ഇതില്‍ അഞ്ച് ലക്ഷമാണ് കൈമാറുക.