
കേരളത്തിന്റെ ചരിത്രപ്രാധാന്യമുള്ള തിരുവനന്തപുരത്തെ കവടിയാർ കൊട്ടാരത്തിൽ വൻ മോഷണം നടന്നതായി പരാതി. അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും വജ്രാഭരണങ്ങളും മോഷ്ടാക്കൾ കവർന്നെടുത്തത്. സംഭവത്തിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയുടെ പരാതിയിൽ പേരൂർക്കട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
അലമാരയിൽ സൂക്ഷിച്ചിരുന്ന നിരവധി വിലപിടിപ്പുള്ള ആഭരണങ്ങളാണ് കാണാതായത്. മോഷണം പോയവയിൽ പവിഴവും സ്വർണ്ണമുത്തും ചേർന്ന ചെയിൻ, പിച്ചിപ്പു മൊട്ട് ഡിസൈനിലുള്ള പാദസരം, കറുത്ത മുത്ത് ചേർത്ത പാദസ്വരം, ഇല ഡിസൈനിലുള്ള വളകൾ, സ്വർണ പിരിവളകൾ എന്നിവ ഉൾപ്പെടുന്നു.
കൂടാതെ ചുവപ്പ് കല്ല് പതിച്ച വലിയ കമ്മലുകൾ, പച്ച ഇനാമൽ പതിച്ച സ്വർണപ്പതക്കം, സ്വർണ്ണ കുഴി മിന്നു മാല, പച്ചക്കല്ല് പതിച്ച നാഗപട കമ്മലും മാലയും പതക്കവും, ഇല ഡിസൈനുള്ള സ്വർണ്ണ കമ്മലും മാട്ടിയും എന്നിവയും നഷ്ടപ്പെട്ടതായി പരാതിയിൽ പറയുന്നു.
ഇതിനു പുറമെ റൂബി കല്ലുകളും ഡയമണ്ടുകളും പതിച്ച ഒഴുക്കൻ വളകൾ, പത്മനാഭസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത സ്വർണപതക്കവും ചെയിനും, ഓരോന്നും ഒരു പവൻ തൂക്കം വരുന്ന അഞ്ച് കുതിരപ്പവൻ നാണയങ്ങളും മോഷ്ടിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു.
മോഷണത്തിന്റെ സ്വഭാവവും കൊട്ടാരത്തിലെ സുരക്ഷാ സംവിധാനങ്ങളും പരിശോധിച്ചുകൊണ്ടാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്നാണ് സൂചന.